പരോള്‍ അപേക്ഷകള്‍ അതിവേഗം തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി

പരോള്‍ അപേക്ഷകള്‍ അതിവേഗം തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി
X


കൊച്ചി: തടവുകാര്‍ നല്‍കുന്ന പരോള്‍ അപേക്ഷകളില്‍ ജയില്‍ സൂപ്രണ്ട്, ബന്ധപ്പെട്ട എസ്‌ഐ, ജില്ലാ പ്രൊബേഷന്‍ ഓഫിസര്‍ എന്നിവര്‍ അതിവേഗം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എസ്‌ഐയുടെയും പ്രൊബേഷന്‍ ഓഫിസറുടെയും റിപോര്‍ട്ട് പരോളിന് അനുകൂലമല്ലെങ്കിലും ജയില്‍ സൂപ്രണ്ട് അത് ജയില്‍ ഡിജിപിക്ക് കൈമാറണമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് നാലു വര്‍ഷമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന കാസര്‍കോട് സ്വദേശിയായ ഒരു പ്രതിയുടെ പിതാവ് സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. കാരണം കാണിക്കാതെ മകന്റെ പരോള്‍ അപേക്ഷ ഉദ്യോഗസ്ഥര്‍ തള്ളിയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. പരോള്‍ അപേക്ഷ തള്ളിയാല്‍ പ്രതിക്ക് സര്‍ക്കാരിന് അപ്പീല്‍ നല്‍കാമെന്നാണ് നിയമം പറയുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പരോള്‍ നല്‍കേണ്ടെന്ന് എസ്‌ഐയും പ്രൊബേഷന്‍ ഓഫിസറും തീരുമാനിച്ചാല്‍ പോലും വേണമെങ്കില്‍ ഡിജിപിക്ക് പരോള്‍ നല്‍കാവുന്നതാണ്. അപ്പീല്‍ നല്‍കണമെങ്കില്‍ അധികൃതര്‍ പരോള്‍ അപേക്ഷയി ല്‍ ഒരു ഉത്തരവ് പുറപ്പെടുവിക്കേണ്ടതുണ്ട്. ഈ കേസില്‍ അപേക്ഷ ഉത്തരവിറക്കാതെ പിടിച്ചുവച്ചിരിക്കുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് ഈ കേസിലെ അപേക്ഷയും രേഖകളും ജയില്‍ ഡിജിപിക്ക് കൈമാറാന്‍ സൂപ്രണ്ടിനു കോടതി നിര്‍ദേശം നല്‍കി. പരോള്‍ അപേക്ഷ നല്‍കേണ്ടത് ഡിജിപിക്കാണെങ്കിലും തടവുകാര്‍ പലപ്പോഴും സൂപ്രണ്ടിനാണ് നല്‍കാറെന്നും അതിനാല്‍ ഫയല്‍ പിടിച്ചുവയ്ക്കപ്പെടുകയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഡിജിപിക്കു നല്‍കിയില്ലെങ്കിലും കൈവശം ലഭിച്ചാല്‍ സൂപ്രണ്ട് അത് മതിയായ രേഖകളുമായി ജയില്‍ ഡിജിപിക്ക് കൈമാറണമെന്ന് കോടതി വ്യക്തമാക്കി.
ഒരു പരോള്‍ അപേക്ഷ പരിഗണിക്കുന്നതിനു മൂന്നു റിപോര്‍ട്ടുകള്‍ വേണമെന്നാണ് നിയമം പറയുന്നത്. പ്രതി പുറത്തിറങ്ങുന്നത് പ്രതിക്കോ മറ്റുള്ളവര്‍ക്കോ അപകടമുണ്ടാക്കുമോ, ഒളിവില്‍ പോവുമോ, മുമ്പ് പരോളില്‍ ഇറങ്ങി കുറ്റകൃത്യം ചെയ്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങ ള്‍ വ്യക്തമാക്കി എസ്‌ഐ നല്‍കുന്നതാണ് ഒന്നാമത്തെ റിപോ ര്‍ട്ട്. പ്രതിയുടെ സ്വഭാവം, മുമ്പത്തെ പരോളുകളുടെ വിവരം തുടങ്ങിയ അടങ്ങിയ സൂപ്രണ്ടിന്റെ റിപോര്‍ട്ടാണ് രണ്ടാമത്തേത്. പ്രതിയുടെ കുടുംബ പശ്ചാത്തലം, സാമൂഹിക പശ്ചാത്തലം, സമൂഹം ഇയാളെ സ്വീകരിക്കുമോ തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ ജില്ലാ പ്രൊബേഷന്‍ ഓഫിസറുടെ റിപോര്‍ട്ടാണ് മൂന്നാമത്തേത്.
എസ്‌ഐയോടും പ്രൊബേഷന്‍ ഓഫിസറോടും റിപോര്‍ട്ട് തേടിയാല്‍ സമയത്തിനു ലഭിക്കാറില്ലെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ പറയുന്നതെന്ന് ഉത്തരവില്‍ കോടതി രേഖപ്പെടുത്തി. ഇതു ഭരണഘടന വിഭാവനം ചെയ്യുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നു കോടതി പറഞ്ഞു. ഇനി മുതല്‍ ജയിലില്‍ നിന്ന് ഇത്തരം അപേക്ഷ ലഭിച്ചാല്‍ പോലിസ് അത് അതിവേഗം തീര്‍പ്പാക്കണം. ജില്ലാ പ്രൊബേഷന്‍ ഓഫിസറും കാലതാമസം വരുത്തരുത്. ഇത് കോടതിയലക്ഷ്യ നടപടികള്‍ക്ക് വഴിവയ്ക്കുമെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it