thrissur local

പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തുന്നതിന് മുമ്പ് പുറത്തായ സംഭവം: അന്വേഷണമാരംഭിച്ചു



മുളങ്കുന്നത്ത്കാവ്: ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തുന്നതിന് മുന്‍പ് പുറത്തായ സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 2012 ല്‍ സര്‍വകലാശാലയില്‍ പ്രവേശനം നേടിയ എം.ബി.ബി.എസ് ബാച്ചിന്റെ അവസാനവര്‍ഷ പരീക്ഷാഫലമാണ് പ്രസിദ്ധപ്പെടുത്തുന്നതിനുമുന്‍പെ പുറത്തായത്. കോലഞ്ചേരി മലങ്കര മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ ഫലമാണ് ചൊവ്വാഴ്ച രാത്രിമുതല്‍ കോജേിന്റെ വെബ്‌സൈറ്റിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിച്ചത്. ഈ കോളജിലെ വിദ്യാര്‍ഥികള്‍ മറ്റു കോളജിലെ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ മാര്‍ക്ക് കൈമാറിയപ്പോഴാണ് പ്രസിദ്ധപ്പെടുത്താത്ത ഫലത്തെ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ എസ്.പി.ക്ക് പരാതി കൊടുക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പോലിസ് കേസെടുക്കുകയും ചെയ്തു. വെബ്‌സൈറ്റില്‍ വന്നതും വാട്‌സ്അപ്പിലൂടെ പ്രചരിപ്പിച്ചതുമായ പരീക്ഷാഫലം തെററില്ലാത്തതായിരുന്നു. പേരാമംഗലം സി.ഐ ആര്‍ സന്തോഷിനാണ് പ്രാഥമിക അന്വോഷണചുമതല. സൈബര്‍ പോലിസിന്റെയും സഹായം തേടിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സര്‍വകാശാല രജിസ്്ട്രാര്‍ ഡോ. എം.കെ.മംഗളം, പ്രൊ.വൈസ് ചാന്‍സലര്‍ ഡോ. എ.നളിനാക്ഷന്‍ എന്നിവരില്‍ നിന്ന് സി.ഐ. വിവരങ്ങള്‍ ശേഖരിച്ചു. സര്‍വകലാശാലയിലെ ഇ വിഭാഗത്തിന്റെ ചുമതലയുള്ള ഹരിലാല്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ എന്നിവരില്‍ നിന്ന് പരീക്ഷാ ഫലങ്ങള്‍ രേഖപ്പെടുത്തുന്ന കാര്യത്തിലും പോലിസ് വിവരങ്ങള്‍ ആരാഞ്ഞു. കോലഞ്ചേരി മെഡിക്കല്‍ കോളജിലെ പരീക്ഷാ ഫലം വന്ന ബാച്ചിലെ ആദ്യ വിദ്യാര്‍ഥിയുടെ വാട്‌സ്അപിന്റെ സമയവും ഉറവിടത്തെയും കുറിച്ച് സൈബര്‍പോലിസും അന്വേഷണം നടത്തുന്നുണ്ട്. സര്‍വകലാശാലയിലെ ഏതെങ്കിലും ജീവനക്കാരന്‍ മുഖേനയാണോ ഫലം പുറത്തായതെന്നും പരീക്ഷാസംബന്ധമായ വിവരങ്ങള്‍ സൂക്ഷിച്ചുവെക്കുന്നതില്‍ കാര്യമായ സൂക്ഷ്മത ഉണ്ടോ എന്നും പോലിസ് അന്വേഷണത്തിലുണ്ട്. അതെ സമയം തലേദിവസം ആരോഗ്യ സര്‍വകലാശാലയുടെ കീഴില്‍ വരുന്ന 255 ആരോഗ്യ വിദ്യാഭ്യാസ സഥാപനങ്ങളുടെ പ്രിന്‍സിപ്പാള്‍മാര്‍ പങ്കുടുത്ത യോഗം ഇവിടെ ചേര്‍ന്നിരുന്നു. മന്ത്രി വി എസ് സുനില്‍കുമാറാണ് രാവിലെ നടന്ന പൊതുപരിപാടി ഉല്‍ഘാടനം നടത്തിയത്. ഉച്ചയ്ക്ക് ശേഷമാണ് എല്ലാ മേധവികളുടെയും യോഗം ചേര്‍ന്നത്. ഇവരുടെ ബാഹ്യ ഇടപെടുലുകള്‍ ഉണ്ടെയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. മാത്രമല്ല പരിക്ഷാ ഫലത്തിന്റെ പകര്‍പ്പ് ഉന്നതവിദ്യാഭ്യസ വങ്കുപ്പ് മേധാവിയ്ക്കും ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍മാര്‍ക്കും അയിച്ചതായി സൂചനയുണ്ട്. അവിടെനിന്നും ചോര്‍ന്നതാണോയെന്നും പരിശോധിക്കും. രാവിലെ എസ് ഐ സേതുമാധവന്‍, എ എസ് ഐ ബിജു എന്നിവരുടെ നേത്യത്വത്തില്‍ സര്‍വകലാശാലയില്‍ എത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു. വൈകിട്ട് വീണ്ടും സി ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘവും എത്തിയിരുന്നു.
Next Story

RELATED STORIES

Share it