പരീക്ഷാ കേന്ദ്രങ്ങളുടേത് മതവിരുദ്ധത: എസ്‌കെഎസ്എസ്എഫ്

കോഴിക്കോട്: മതവസ്ത്രങ്ങള്‍ വിലക്കില്ലെന്ന സിബിഎസ്ഇ നീറ്റ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പരീക്ഷാ കേന്ദ്രത്തിലെ അധികൃതര്‍ പ്രവര്‍ത്തിച്ചുവെന്നും ഇത്തരം മാനേജ്‌മെന്റുകളുടെ നടപടി മതവിരുദ്ധവും നിശ്ചിത താല്‍പര്യങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമവുമാണെന്ന് എസ്‌കെഎസ്എസ്എഫ്.
മത വസ്ത്രങ്ങള്‍ ധരിച്ച് വന്നവരുടെ വസ്ത്രം മുറിച്ച നടപടി അങ്ങേയറ്റം പ്രതിഷേധകരമാണ്. ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ പരീക്ഷ തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ നേരത്തെ ഹാജരായാല്‍ പരിശോധനയ്ക്ക് ശേഷം പരീക്ഷ എഴുതാമെന്ന സിബിഎസ്ഇ നിര്‍ദേശത്തെ മറികടന്ന് സ്വന്തം നിയമങ്ങള്‍ നടപ്പിലാക്കാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിച്ചത്. പര്‍ദ ധരിച്ചെത്തിയ വിദ്യാര്‍ഥിനികളോട് കയര്‍ത്ത് സംസാരിച്ച ഇന്‍വിജിലേറ്റര്‍ ഉത്തരവ് കാണിച്ചതിന് ശേഷമാണ് പരീക്ഷ എഴുതാന്‍ അനുവദിച്ചത്. സിബിഎസ്ഇ നിര്‍ദേശങ്ങള്‍ പാലിക്കാത്ത സാഹചര്യം ഉണ്ടായതില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ക്കെതിരേ സര്‍ക്കാരും സിബിഎസ്ഇയും നടപടി സ്വീകരിക്കേണ്ടതുണ്ട്. കസ്റ്റമറി വസ്ത്രങ്ങള്‍ എന്ന പരാമര്‍ശം മുഴുവന്‍ മത ആചാര വസ്ത്രങ്ങളെയും ഉദ്ദേശിച്ചുള്ളതാണെങ്കിലും അതിന്റെ പേരില്‍ തെറ്റിദ്ധാരണയുണ്ടാക്കി രക്ഷിതാക്കളെ കുഴയ്ക്കാനാണ് അധികൃതര്‍ ശ്രമിച്ചത്. 7.30 മുതല്‍ വിദ്യാര്‍ഥികള്‍ പരിശോധനയ്ക്കായി കാത്തിരുന്നിട്ടും അധികൃതര്‍ സമയത്ത് എത്തിച്ചേരാത്ത അവസ്ഥ ഉണ്ടായെന്നും പലയിടങ്ങളിലും അധ്യാപകരുടെ അസാന്നിധ്യത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതെന്നും നേതാക്കള്‍ ആരോപിച്ചു.
കോഴിക്കോട് ദേവഗിരി സിഎംഐ സ്‌കൂളില്‍ ആദ്യ സമയങ്ങളില്‍ വിദ്യാര്‍ഥിനികളുടെ വസ്ത്രത്തിന്റെ കൈ മുറിച്ചെങ്കിലും എസ്‌കെഎസ്എസ്എഫ് നേതാക്കള്‍ സ്ഥലത്തെത്തി ഇടപെട്ടതിനെ തുടര്‍ന്ന് ഫുള്‍ സ്ലീവ് വസ്ത്രത്തോടെ തന്നെ വിദ്യാര്‍ഥിനികളെ പ്രവേശിപ്പിച്ചു.
ചാലക്കുടി ലിറ്റില്‍ ഫഌവര്‍ സ്‌കൂളില്‍ പര്‍ദ ധരിച്ച് വന്ന കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിനാല്‍ വിദ്യാര്‍ഥിനികള്‍ക്ക് തിരികെ പോവേണ്ടി വന്നുവെന്നും മതേതര രാജ്യത്ത് ഇത്തരം പ്രവണതകള്‍ പരീക്ഷയുടെ മറവില്‍ നടക്കുന്നത് അനുവദിക്കില്ലെന്നും നേതാക്കള്‍ അറിയിച്ചു. പ്രതിഷേധ യോഗത്തില്‍ എസ്‌കെഎസ്എസ്എഫ് ക്യാംപസ് വിങ് സംസ്ഥാന ചെയര്‍മാന്‍ സിറാജ് ഇരിങ്ങല്ലൂര്‍ അധ്യക്ഷനായി. സുബൈര്‍ മാസ്റ്റര്‍, ഒ പി എം അഷ്‌റഫ്, നൂറുദ്ദീന്‍ ഫൈസി, അലി അക്ബര്‍ മുക്കം, റഫീഖ് മാസ്റ്റര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it