പരിസ്ഥിതി വിരുദ്ധ വ്യവസായങ്ങള്‍; മലിനീകരണ നിയന്ത്രണത്തിന് സര്‍ക്കാരിന്റെ വിലങ്ങ്

കെ വി ഷാജി സമത

കോഴിക്കോട്: പൊതുജനാരോഗ്യത്തിനു ഹാനികരമായ വ്യാപാര- വ്യവസായങ്ങളെ നിയന്ത്രിക്കുന്നതിനായി കൊണ്ടുവന്ന ചട്ടത്തിന് കഴിഞ്ഞ നാലു വര്‍ഷമായി സര്‍ക്കാരിന്റെ തന്നെ കൂച്ചുവിലങ്ങ്. സംസ്ഥാനത്ത് ആരോഗ്യ- പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ നഗരസഭകള്‍ക്ക് അധികാരം നല്‍കുന്ന ചട്ടമാണ് സ്ഥാപന ഉടമകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സര്‍ക്കാര്‍ മരവിപ്പിച്ചുകൊണ്ടിരിക്കുന്നത്. 2011 ജനുവരി 25ന് വിജ്ഞാപനം ചെയ്ത കേരള മുനിസിപ്പാലിറ്റി (ആപല്‍ക്കരവും അസഹ്യവുമായ വ്യാപാരങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും) ലൈസന്‍സ് നല്‍കല്‍ ചട്ടമാണ് തദ്ദേശ സ്വയംഭരണ വകുപ്പ് സര്‍ക്കുലറുകളിലൂടെ അപ്രസക്തമാക്കുന്നത്.
വ്യാപാരി വ്യവസായി ഏകോപന സമിതി 2011 ഡിസംബര്‍ 9നു സമര്‍പ്പിച്ച ഒരു കത്തിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി. ഈ കത്തിന്റെ അടിസ്ഥാനത്തില്‍, ചട്ടം അനുസരിച്ച് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് രണ്ടു വര്‍ഷത്തേക്ക് സര്‍ക്കുലറിലൂടെ വിലക്ക് ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്തത്. ചട്ടം നടപ്പാക്കുന്നത് രണ്ടുവര്‍ഷത്തേക്കു മരവിപ്പിച്ചുകൊണ്ട് 2012 ഫെബ്രുവരി 27ന് അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസാണ് ആദ്യത്തെ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ചട്ടം സംബന്ധിച്ച് പരാതികള്‍ നിലനില്‍ക്കുന്നതിനാല്‍, സര്‍ക്കാര്‍ ഭേദഗതി ആലോചിക്കുകയാണെന്നും ആയതിനാല്‍ രണ്ടു വര്‍ഷത്തേക്ക് ചട്ടം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതു മരവിപ്പിച്ചെന്നുമാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കത്തു സൂചനയാക്കിക്കൊണ്ടുള്ള സര്‍ക്കുലറില്‍ പറഞ്ഞിട്ടുള്ളത്. ഈ സര്‍ക്കുലറിനെ പിന്‍പറ്റി പിന്നീട് നാലു തവണ ഇതേരീതിയില്‍ ചട്ടം നടപ്പാക്കുന്നതു തടഞ്ഞുകൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാര്‍ ഉത്തരവ് ഇറക്കി. ഓരോ ആറു മാസം പൂര്‍ത്തിയാവുമ്പോഴും പുതിയ സര്‍ക്കുലറിലൂടെ ചട്ടം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതു നീട്ടിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
സംസ്ഥാനത്ത് പാരിസ്ഥിതിക- ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടു പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനു വ്യവസായങ്ങളെ നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്ന ചട്ടമാണ് ബാഹ്യ ഇടപെടലിനെ തുടര്‍ന്ന് തടഞ്ഞുവച്ചിരിക്കുന്നത്. ചട്ടത്തിന് ഭേദഗതി കൊണ്ടുവരാന്‍ ആലോചിക്കുന്നു എന്നുപറഞ്ഞ് ആദ്യ സര്‍ക്കുലര്‍ ഇറങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഭേദഗതി കൊണ്ടുവന്നിട്ടില്ല. 1996ല്‍ ഗ്രാമപ്പഞ്ചായത്തുകള്‍ക്കായി ഇതിനു സമാനമായ ചട്ടം കൊണ്ടുവന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് നഗരസഭകള്‍ക്കും ബാധകമായ രീതിയില്‍ പുതിയ ചട്ടം നിര്‍മിച്ചത്.
പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയായ വ്യാപാരങ്ങളെയും വ്യവസായങ്ങളെയും നിയന്ത്രിക്കുന്നതിനും ഉടമകള്‍ക്ക് പിഴ ചുമത്തുന്നതിനും ഈ ചട്ടം നഗരസഭാ സെക്രട്ടറിമാര്‍ക്ക് അധികാരം നല്‍കുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും അധികം പരാതികള്‍ ഉയര്‍ന്ന ക്വാറി, ക്രഷര്‍, എം സാന്റ് യൂനിറ്റുകളില്‍ നിന്ന് ഉണ്ടാവുന്ന പൊടി, ശബ്ദ മലിനീകരണത്തിനെതിരേ ഫലപ്രദമായ നടപടി സാധ്യമാവുമായിരുന്ന ചട്ടമാണു നടപ്പാക്കാതിരിക്കുന്നത്. മനുഷ്യരുടെ ജീവനോ ആരോഗ്യത്തിനോ സ്വത്തിനോ, അസഹ്യമോ ആപല്‍ക്കരമോ ആവാനിടയുള്ള സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നിഷേധിക്കുന്നത് ഉള്‍പ്പെടെയുള്ള അധികാരമാണ് സര്‍ക്കാരിന്റെ മരവിപ്പിക്കല്‍ നടപടിയിലൂടെ നഗരസഭകള്‍ക്ക് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. നിലവില്‍, ഇത്തരം സ്ഥാപനങ്ങള്‍ക്ക് മുനിസിപ്പല്‍ ആക്റ്റ് അനുസരിച്ചാണ് പ്രവര്‍ത്താനാനുമതി നല്‍കിവരുന്നത്.
വ്യവസായങ്ങളെ നിയന്ത്രിക്കുന്നതിന് ദുര്‍ബലമായ അധികാരങ്ങള്‍ മാത്രമേ മുനിസിപ്പല്‍ ആക്റ്റില്‍ നഗരസഭകള്‍ക്കു നല്‍കിയിട്ടുള്ളൂ. ഈ അധികാരങ്ങള്‍ വച്ച് നടപടി സ്വീകരിച്ചാല്‍ സ്ഥാപനങ്ങള്‍ ട്രൈബ്യൂണലിലോ ഹൈക്കോടതിയിലോ പോയി തങ്ങള്‍ക്ക് അനുകൂലമായ വിധി സമ്പാദിച്ച് പ്രവര്‍ത്തനം തുടങ്ങും. എന്നാല്‍, സര്‍ക്കാര്‍ മരവിപ്പിച്ചു നിര്‍ത്തിയിട്ടുള്ള ചട്ടത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് കര്‍ശനമായ നിബന്ധനകള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇവ ലംഘിച്ചാല്‍ സ്ഥാപനത്തിനെതിരേ നടപടി സ്വീകരിക്കാനും ഉടമയ്ക്കു പിഴ ചുമത്താനും സ്ഥാപനത്തിന്റെ പ്രവര്‍ത്തനാനുമതി നിഷേധിക്കാനും നഗരസഭകള്‍ക്ക് വിപുലമായ അധികാരങ്ങളും നല്‍കിയിട്ടുണ്ട്. മാത്രമല്ല ഈ ചട്ടപ്രകാരം നഗരസഭകള്‍ നടപടി എടുത്താ ല്‍ അതിനെ മറ്റ് നീതിന്യായ സംവിധാനങ്ങളിലൂടെ ചോദ്യം ചെയ്യാനും ആവില്ല. ചട്ടത്തിന്റെ ഈ സൂക്ഷ്മതയാണ് സ്ഥാപന ഉടമകളെ സമ്മര്‍ദ്ദത്തിലാക്കിയതും നിയമം നിര്‍മിച്ച സര്‍ക്കാരിനെക്കൊണ്ടുതന്നെ അതിനു വിലങ്ങണിയിപ്പിച്ചതും.
കരിങ്കല്‍ ക്വാറികളും ക്രഷറുകളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ തങ്ങളുടെ ജീവിതത്തിനും പരിസ്ഥിതിക്കും ദോഷമുണ്ടാക്കുന്നു എന്നു കാണിച്ച് ആയിരക്കണക്കിനു പരാതികളാണ് സ ര്‍ക്കാരിന്റെ മുന്നില്‍ നടപടി ഒന്നുമില്ലാതെ കിടക്കുന്നത്. ഈ പരാതികളില്‍ തീരുമാനം എടുക്കാന്‍ മടിച്ചുനില്‍ക്കുന്ന സര്‍ക്കാര്‍, ഒരു കത്തിന്റെ ചുവടുപിടിച്ച് ഇത്തരം വ്യവസായങ്ങളെ നിയന്ത്രിക്കാനുതകുന്ന ജനോപകാരപ്രദമായ നിയമത്തെ ഇല്ലായ്മ ചെയ്യുകയാണ്.
Next Story

RELATED STORIES

Share it