പരിവാരബാന്ധവത്തില്‍ എന്തേ പരിഭ്രാന്തി?

ഇന്ദ്രപ്രസ്ഥം - നിരീക്ഷകന്‍
വിമാനത്താവളത്തിലും മറ്റും കാറ്റിന്റെ ഗതി എങ്ങോട്ട് എന്നറിയാന്‍ ചെറിയ ഒരു ഉപകരണം വയ്ക്കാറുണ്ട്. വെതര്‍കോക്ക് എന്നാണതിനു പറയുക. പൂവന്‍കോഴിയുടെ തല പോലെ കാണപ്പെടുന്ന ഭാഗം കാറ്റില്‍ തിരിയും. കാറ്റിന്റെ ഗതിയറിയാന്‍ അതു മതി.
വൈമാനികര്‍ക്കു മാത്രമല്ല, രാഷ്ട്രീയക്കാര്‍ക്കും കാറ്റിന്റെ ഗതിയറിയല്‍ മര്‍മപ്രധാനമാണ്. രാഷ്ട്രീയത്തില്‍ കാറ്റിന്റെ ഗതി അനുസരിച്ചു നിലപാടുകള്‍ എടുത്തില്ലെങ്കില്‍ അവതാളത്തിലാവും. മലയാളികള്‍ പക്ഷേ അതിനെക്കുറിച്ചു പറഞ്ഞുവരുന്നത് കാറ്റിനനുസരിച്ചു തൂറ്റുക എന്നാണ്. നെല്ലും പതിരും വേര്‍തിരിക്കാന്‍ ചേറുമ്പോള്‍ കാറ്റു നോക്കി അപ്പണി ചെയ്താല്‍ പതിര് പറന്നുപോവും, നെല്ല് മുറത്തില്‍ തന്നെ ശേഷിക്കും.
ഇന്ത്യന്‍ രാഷ്ട്രീയത്തിലും ഇങ്ങനെ കാറ്റു നോക്കി ചേറിക്കൊഴിക്കലുകള്‍ നടത്തുന്ന വിദ്വാന്‍മാര്‍ ധാരാളമുണ്ട്. കാറ്റിനനുസരിച്ചു തൂറ്റാനുള്ള കഴിവു കൊണ്ടു മാത്രം പിടിച്ചുനില്‍ക്കുന്നവരും ഉയരങ്ങള്‍ കീഴടക്കിയവരും ധാരാളം. അവര്‍ക്കു ജനപിന്തുണ വേണമെന്നൊന്നുമില്ല. ജനപിന്തുണ എങ്ങോട്ടു പോവുന്നുവെന്നു കണ്ടറിഞ്ഞ് അവിടെ പോയി സ്ഥലംപിടിക്കും. അയവെട്ടാനിരിക്കുന്ന പോത്തിന്റെ പുറത്ത് പക്ഷിയെ കണ്ടിട്ടില്ലേ? പോത്ത് ചളിയിലൂടെ നടക്കുമ്പോള്‍ മേലാകെ പറ്റുന്ന ചേറില്‍ പക്ഷിക്കു കഴിഞ്ഞുകൂടാനുള്ള വിഭവങ്ങള്‍ ധാരാളം.
അങ്ങനെയുള്ള കൂട്ടരെ ചില ദുഷ്ടബുദ്ധികള്‍ ഇത്തിക്കണ്ണി രാഷ്ട്രീയക്കാര്‍ എന്നു വിളിച്ച് ആക്ഷേപിക്കാറുണ്ട്. അതൊന്നും ശരിയല്ല എന്നാണ് നിരീക്ഷകന്റെ അഭിപ്രായം. നാടോടുമ്പോള്‍ നടുവെ ഓടണം എന്നു വെറുതെ പറയുന്നതല്ല. കാര്യം കാണാന്‍ അതു പ്രധാനമാണ്. കാര്യം കാണാനല്ലെങ്കില്‍ എന്തിനാണ് ഇന്ന് ആളുകള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്? അതിനാല്‍, ഇത്തരം മാന്യന്‍മാരെ അര്‍ഹിക്കുന്ന ബഹുമാനാദരങ്ങളോടെത്തന്നെ കാണണമെന്നാണ് നിരീക്ഷക മതം.
അതിനാല്‍, ബിഹാറിലെ ദേശീയ നേതാവ് രാംവിലാസ് പാസ്വാന്റെ ആരാധകനാണ് നിരീക്ഷകന്‍. പാസ്വാന്‍ ഇന്നുവരെ ജയിക്കുന്ന കക്ഷിയുടെ കൂടെ മാത്രമേ നിന്നിട്ടുള്ളൂ. ഒരുകാലത്ത് ദേശീയ രാഷ്ട്രീയത്തിലെ മതേതര ബദലിന്റെ ഓമനപ്പുത്രനായിരുന്നു പാസ്വാന്‍. മൂന്നാം മുന്നണിയുടെ യുവ താരം. പാര്‍ലമെന്റിലേക്ക് രാജ്യത്ത് ഏറ്റവും വലിയ ഭൂരിപക്ഷത്തിനു ജയിച്ചുവന്ന യുവനേതാവ്. പഴയ കാലത്തെ ബാബു ജഗ്ജീവന്‍ റാമിനു ശേഷം ബിഹാറില്‍ നിന്നു ദേശീയതലത്തില്‍ ഉദിച്ചുയര്‍ന്നുവന്ന ദലിത് താരം.
പാസ്വാന്‍ പക്ഷേ പല പരീക്ഷണങ്ങളും നടത്തി. മുന്നണികളില്‍ കേറുകയും ഇറങ്ങുകയും ചെയ്തു. നിലപാടുകള്‍ സ്വീകരിക്കുകയും ഉപേക്ഷിക്കുകയും ചെയ്തു. ഭാഗ്യതാരം അങ്ങനെ ഉദിച്ചുയര്‍ന്നുവന്നപ്പോള്‍ പഴയ ഭാര്യയെ ഒഴിവാക്കി പുതിയ ഭാര്യയെ തിരഞ്ഞെടുത്തു. നിലപാടുകളിലും സഖ്യങ്ങളിലും അതേ മാറ്റം സംഭവിച്ചു. മതേതരത്വത്തില്‍ നിന്നും ജനാധിപത്യത്തില്‍ നിന്നും തെന്നിമാറി സംഘപരിവാര സഹയാത്രികനായി. കേന്ദ്രത്തില്‍ അധികാരവും പദവിയും നേടി. ബിഹാറില്‍ നിതീഷ് കുമാറും ബിജെപിയും ഒന്നിച്ച് ലാലുവിനെ പൊട്ടിച്ചപ്പോള്‍ കൂടെ നിന്ന് സംസ്ഥാനതലത്തിലും പ്രമാണിയായി. ഇപ്പോള്‍ മകള്‍ ചിരാഗിനെ ദേശീയ നേതാവാക്കി ഉയര്‍ത്തിക്കൊണ്ടുവരുന്നതിലും വിജയിയായി.
പാസ്വാന്റെ നേട്ടങ്ങളില്‍ ലാലുജിക്ക് സന്തോഷമില്ല എന്നു തീര്‍ച്ച. പഴയ ശിഷ്യന്‍ ഉണ്ടാക്കുന്ന നേട്ടങ്ങള്‍ കണ്ടിട്ട് അദ്ദേഹത്തിനു നട്ടപ്രാന്താണ് വരുന്നത്. ഒരിക്കല്‍ 'രാഷ്ട്രീയത്തിലെ ഏറ്റവും മികച്ച വെതര്‍ കോക്ക്' എന്നു പാസ്വാനെ വിളിച്ചതും ലാലുജി തന്നെ. കാറ്റ് എങ്ങോട്ടു വീശുന്നു എന്നറിയാന്‍ പാസ്വാനെ നോക്കിയാല്‍ മതി എന്നാണ് ഇത്തരം കാര്യങ്ങളില്‍ അഗ്രഗണ്യനായ ലാലുജി ലോകത്തോട് പറഞ്ഞത്.
പറഞ്ഞതില്‍ കാര്യമുണ്ടെന്നു രാഷ്ട്രീയ നിരീക്ഷകര്‍ക്കും അറിയാം. അതിനാലാണ് പാസ്വാന്റെ പുതിയ നീക്കങ്ങള്‍ രസകരമായി തോന്നുന്നത്. എസ്‌സി-എസ്ടി നിയമത്തില്‍ വെള്ളം ചേര്‍ത്ത് ഉത്തരവിറക്കിയ ജസ്റ്റിസ് ഗോയലിനെ സംഘപരിവാരം 'ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ' എന്ന മട്ടില്‍ ദേശീയ ഹരിത ട്രൈബ്യൂണലില്‍ അടുത്തൂണ്‍ പറ്റിയ ശേഷം സ്ഥാനം നല്‍കിയിരുന്നു. അതു പാടില്ലെന്നു പാസ്വാന്‍. വേണ്ടിവന്നാല്‍ പരിവാരസഖ്യം വിടുമെന്നാണ് ഭീഷണി.
പരിവാരത്തിന്റെ അവസ്ഥ എങ്ങോട്ട് എന്നറിയാന്‍ ഇതു സുവര്‍ണാവസരം. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് വരുമ്പോള്‍ പഴയ ചന്ദ്രബാബു നായിഡുവില്ല; മറാത്താ ടൈഗര്‍ താക്കറേയും ശിവസേനയുമില്ല; ബിഹാറില്‍ നിതീഷ് ഉണ്ടോ ഇല്ലയോ എന്നറിയില്ല. പാസ്വാന്റെ കാര്യവും ഇപ്പോള്‍ സംശയത്തില്‍ എന്നു വരുമ്പോള്‍ കാര്യങ്ങള്‍ പന്തിയല്ലെന്ന്   ആര്‍ക്കും തോന്നിപ്പോവും.
Next Story

RELATED STORIES

Share it