പരിയാരത്ത് സ്‌പെഷ്യാലിറ്റി ഉള്‍പ്പെടെ ഒപി പൂര്‍ണമായും സൗജന്യമാക്കി

പരിയാരം: പരിയാരം സഹകരണ മെഡിക്കല്‍ കോളജും ഒപ്പമുള്ള സഹകരണ ആശുപത്രി കോംപ്ലക്‌സും സര്‍ക്കാര്‍ ഏറ്റെടുത്ത പശ്ചാത്തലത്തില്‍ സ്‌പെഷ്യാലിറ്റി ഉള്‍പ്പെടെ ഒപികളില്‍ ചികില്‍സ പൂര്‍ണമായും സൗജന്യമാക്കി.
ജനറല്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ ബെഡ് ചാര്‍ജും ഒഴിവാക്കി. ചികില്‍സാനിരക്കിലും വന്‍തോതിലുള്ള കുറവു വരുത്താനാണ് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി ചെയര്‍മാനായ മൂന്നംഗസമിതിയുടെ തീരുമാനം. പുതുക്കിയ നിരക്കുകള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതുപ്രകാരം ശസ്ത്രക്രിയ ഉള്‍പ്പെടെ എല്ലാ ചികില്‍സകള്‍ക്കും 50 ശതമാനവും ലാബ് ചാര്‍ജുകളില്‍ 20 ശതമാനവും ഇളവു ലഭിക്കും. മരുന്നുകള്‍ക്ക് പരമാവധി 50 ശതമാനം വരെ ഇളവു നല്‍കും.
സ്വാതന്ത്ര്യസമര സേനാനികള്‍ക്കും ആശ്രിതര്‍ക്കും നിലവിലുള്ള മുഴുവന്‍ ഇളവുകളും തുടര്‍ന്നും ലഭിക്കും. പുതിയ തീരുമാനം ഉണ്ടാവുന്നതു വരെ ചികില്‍സാനിരക്കിലെ ഇളവുകള്‍ തുടരും. എന്നാല്‍, വിവിധ ചികില്‍സാപദ്ധതികള്‍ പ്രകാരം പ്രവേശിപ്പിക്കപ്പെടുന്ന രോഗികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. സ്‌പെഷ്യാലിറ്റി ഒപി ഒഴികെയുള്ള ഒപി ചാര്‍ജ് സൗജന്യമാക്കാനായിരുന്നു നേരത്തേ ഉയര്‍ന്ന നിര്‍ദേശം.
വിവിധ ആശുപത്രികളുമായി താരതമ്യം ചെയ്യുമ്പോള്‍ പൊതുവില്‍ കുറഞ്ഞ നിരക്കാണ് പരിയാരത്ത് ഉണ്ടായിരുന്നതെന്നും ഈ നിരക്കിലും കുറവുവരുത്തി രോഗികള്‍ക്ക് വലിയ ആശ്വാസം നല്‍കാനാണു തീരുമാനമെന്നും പ്രിന്‍സിപ്പല്‍ ഡോ. കെ സുധാകരന്‍ അറിയിച്ചു.
ഇക്കഴിഞ്ഞ ഏപ്രില്‍ 27നാണ് പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സൊസൈറ്റിക്കായിരിക്കും മെഡിക്കല്‍ കോളജിന്റെ ഭരണച്ചുമതല. സൊസൈറ്റി രൂപീകരിക്കുന്നതു വരെ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി ചെയര്‍മാനായ മൂന്നംഗസമിതിയാണു ഭരണം നിയന്ത്രിക്കുന്നത്.
Next Story

RELATED STORIES

Share it