Flash News

പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് പരിയാരവും അതോടനുബന്ധിച്ച കേരള കോ-ഓപറേറ്റീവ് ഹോസ്പിറ്റല്‍ കോംപ്ലക്‌സും ഏറ്റെടുക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. ഇതുസംബന്ധിച്ച കരടു ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. വടക്കന്‍ കേരളത്തില്‍ പൊതുജനങ്ങള്‍ക്കു മെച്ചപ്പെട്ട വൈദ്യസഹായം ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍തലത്തില്‍ മെഡിക്കല്‍ കോളജ് കൊണ്ടുവരുന്നതിനും ഉദ്ദേശിച്ചാണ് സഹകരണ മേഖലയിലുള്ള പരിയാരം മെഡിക്കല്‍ കോളജും അനുബന്ധ സ്ഥാപനങ്ങളും ഏറ്റെടുക്കുന്നത്. നടത്തിക്കൊണ്ടുപോവാന്‍ ബുദ്ധിമുട്ടായതിനാല്‍ ഏറ്റെടുക്കണമെന്ന് ബന്ധപ്പെട്ട സൊസൈറ്റി സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു.
1997ല്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുത്തിരുന്നു. എന്നാല്‍, പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ ഭരണനിയന്ത്രണം സൊസൈറ്റിക്ക് തിരിച്ചുനല്‍കി. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ (2011-16) കോളജും ആശുപത്രിയും ഏറ്റെടുക്കാന്‍ തീരുമാനിച്ചെങ്കിലും നടപ്പായില്ല. ഹഡ്‌കോയില്‍ നിന്ന് സൊസൈറ്റി എടുത്ത വായ്പ കുടിശ്ശികയായിരുന്നു. ഹഡ്‌കോ വായ്പയില്‍ കേരളത്തില്‍ നടപ്പാക്കുന്ന മറ്റു പദ്ധതികളെപ്പോലും അതു ബാധിച്ചു. ഈ സാഹചര്യത്തില്‍ ഹഡ്‌കോയ്ക്കുള്ള ബാധ്യത പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുത്തു. ഗഡുക്കളായി വായ്പ തിരിച്ചടച്ചുകൊണ്ടിരിക്കുകയാണ്. 2019ല്‍ തിരിച്ചടവ് പൂര്‍ത്തിയാവും.
Next Story

RELATED STORIES

Share it