പരിയാരം ഇനി സര്‍ക്കാര്‍ നിയന്ത്രിത സൊസൈറ്റിക്ക്

പരിയാരം (കണ്ണൂര്‍): ഉല്‍സവച്ഛായയില്‍ നടന്ന ചടങ്ങില്‍ പരിയാരം സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തതായി മന്ത്രി കെ കെ ശൈലജ പ്രഖ്യാപിച്ചു. കേരളത്തിലെ മറ്റു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്നു വ്യത്യസ്തമായി സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തന സ്വയംഭരണാധികാരമുള്ള സൊസൈറ്റിക്ക് കീഴിലാവും പരിയാരം മെഡിക്കല്‍ കോളജ് ഇനി പ്രവര്‍ത്തിക്കുക. സൊസൈറ്റിയുടെ ബൈലോ തയ്യാറായിവരികയാണ്. ജനങ്ങള്‍ക്കു മികച്ച ചികില്‍സാ സൗകര്യവും മെഡിക്കല്‍ വിദ്യാഭ്യാസം, ഗവേഷണം എന്നീ രംഗങ്ങളില്‍ ഉയര്‍ന്ന സംവിധാനങ്ങളും ഉറപ്പുവരുത്തുന്ന രീതിയിലാവും ബൈലോ തയ്യാറാക്കുക. ഭരണകൈമാറ്റ നടപടികള്‍ പൂര്‍ത്തിയായാല്‍ എംഡിയുടെ നേതൃത്വത്തിലുള്ള സൊസൈറ്റിയാവും ഭരണച്ചുമതല നിര്‍വഹിക്കുക. കോളജിന്റെ പൂര്‍ണ നിയന്ത്രണം സര്‍ക്കാരിനായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന മന്ത്രിസഭ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാനിരിക്കെ, വടക്കന്‍ കേരളത്തിലെ ജനങ്ങളുടെ സ്വപ്‌നസാഫല്യമാണ് ഇതുവഴി സാധ്യമായതെന്നു മന്ത്രി പറഞ്ഞു.
സാമ്പത്തിക ബാധ്യതകള്‍ ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ മറികടന്ന് അത് ഏറ്റെടുക്കാന്‍ കൈക്കൊണ്ട തീരുമാനം സര്‍ക്കാരിന്റെ ഇച്ഛാശക്തിയെയാണ് തെളിയിക്കുന്നതെന്നു മന്ത്രി പറഞ്ഞു. സൊസൈറ്റി രൂപീകരിക്കുന്നതു വരെ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി ചെയര്‍മാനായുള്ള മൂന്നംഗ സമിതിയാവും ഭരണം നടത്തുക.
കോഴിക്കോട് മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സി രവീന്ദ്രന്‍, ഐഎംഎ മുന്‍ പ്രസിഡന്റ് ഡോ. വി ജി പ്രദീപ് കുമാര്‍ എന്നിവരാണു ഭരണസമിതി (ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍)യിലെ മറ്റ് അംഗങ്ങള്‍. മെഡിക്കല്‍ കോളജ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കോളജിന്റെ രേഖകള്‍ മന്ത്രി ജില്ലാ കലക്ടര്‍ക്ക് കൈമാറി.
ലളിതകലാ അക്കാദമി കോളജിന് നിര്‍മിച്ചു നല്‍കിയ ആര്‍ട്ട് ഗാലറിയും മന്ത്രി ഉദ്ഘാടനം ചെയ്തു. ടി വി രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ കോളജിനെ സെന്റര്‍ ഓഫ് എക്‌സലന്‍സും (മികവിന്റെ കേന്ദ്രം) മികച്ച ഗവേഷണ കേന്ദ്രവുമാക്കി മാറ്റുമെന്ന് ആരോഗ്യ, സാമൂഹികനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍.
സ്ഥലം ലഭ്യമായാലുടന്‍ പരിയാരം മെഡിക്കല്‍ കോളജില്‍ കാരുണ്യ ഫാര്‍മസി ആരംഭിക്കുന്നതാണ്. ഈ മെഡിക്കല്‍ കോളേജിനെ ഒരു ലോകോത്തര സ്ഥാപനമാക്കി മാറ്റാന്‍ കക്ഷിരാഷ്ട്രീയം മറന്ന് എല്ലാവരുടെയും പിന്തുണയും മന്ത്രി അഭ്യര്‍ഥിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോേജിന്റെ മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്നതിന് 717 കോടി രൂപ, എറണാകുളം മെഡിക്കല്‍ കോളജിന് 368 കോടി രൂപ എന്നിവ അനുവദിച്ചിരുന്നു. മറ്റ് മെഡിക്കല്‍ കോളജുകളുടെ മുഖച്ഛായ മാറ്റാനായി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിവരികയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ എല്ലാ നിലകളിലുമുള്ള ആശുപത്രികളെയും മികച്ച കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍- മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it