thrissur local

പരിക്കേറ്റ യുവാവിന് നഷ്ടപരിഹാരം നല്‍കണം; മനുഷ്യാവകാശ കമ്മീഷന്‍

തൃശൂര്‍: പുതുക്കാട് പോലീസ് സ്റ്റേഷനില്‍ വെല്‍ഡിംഗ് ജോലിക്കിടയില്‍ നടന്ന സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ ബധിരനും മൂകനുമായ യുവാവിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.
തൃശൂര്‍ ചിറ്റിലപ്പിള്ളി പൂലോത്ത് വളപ്പില്‍ ശോഭനാ രാമചന്ദ്രന്റെ മകന്‍ പ്രേംകുമാറിന് ധനസഹായം നല്‍കണമെന്നാണ് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാറിന്റെ ഉത്തരവ്. പ്രേംകുമാറിന്റെ ചികിത്സക്കു വേണ്ടി ഇതിനകം ആറു ലക്ഷത്തിലേറെ രൂപ ചെലവായതായി അമ്മ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
2017 ജൂലായ് 12 ന് പുതുക്കാട് പോലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന തൊണ്ടി മുതലുകള്‍ സുരക്ഷിതമാക്കുന്നതിന് മറയുണ്ടാക്കുന്ന ജോലിക്കിടയിലാണ് തീപ്പൊരി വീണ് ഉഗ്രസ്‌ഫോടനമുണ്ടായത്. ശരീരമാസകലം പൊള്ളലേറ്റ പ്രേംകുമാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 25000 രൂപ മാത്രമാണ് പോലീസുകാര്‍ നല്‍കിയത്. സംഭവത്തില്‍ വെല്‍ഡിംഗ് കരാറുകാരനെതിരെ കേസെടുത്ത് അനേ്വഷണം നടത്തിവരുന്നതായി പോലിസ് കമ്മീഷനെ അറിയിച്ചു.
പ്രേംകുമാറിന് സഹായം നല്‍കണമെന്ന ശുപാര്‍ശ സര്‍ക്കാരിന് അയച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ കമ്മീഷനെ അറിയിച്ചു.
നിയമപാലനത്തിനും നീതിനിര്‍വഹണത്തിനും മനുഷ്യന്‍ ആശ്രയിക്കുന്ന സ്ഥാപനമാണ് പോലിസ് സ്റ്റേഷനെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.  സ്റ്റേഷന്‍ വളപ്പിനകത്തുണ്ടായ സ്‌ഫോടനം നിയമവിരുദ്ധ ശക്തികള്‍ സൃഷ്ടിച്ചതാണെന്ന് ആരും അവകാശപ്പെടുന്നില്ല.
ഭിന്നശേഷിക്കാരനായ യുവാവിന് സ്റ്റേഷനില്‍ സ്‌ഫോടനം ഉണ്ടായി പരിക്കേറ്റതില്‍ നിയമപരവും ധാര്‍മ്മികവുമായ ഉത്തരവാദിത്വം പോലിസിനുണ്ടെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. പ്രേംകുമാറിന് മെച്ചപ്പെട്ട ചികിത്സ ലഭിക്കണം. അതിന് സര്‍ക്കാര്‍ സമാശ്വാസം നല്‍കണം. ഭിന്നശേഷിക്കാരനായ വ്യക്തിക്ക് പോലിസില്‍ നിന്ന് ലഭിക്കേണ്ട പരിരക്ഷ ലഭ്യമാകാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ഉത്തരവ് ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും തൃശൂര്‍ ജില്ലാ കലക്ടര്‍ക്കും തൃശൂര്‍ മേഖലാ ഐജിക്കും അയച്ചു.
Next Story

RELATED STORIES

Share it