wayanad local

പരിക്കേറ്റ യുവാവിനെയുംകൊണ്ട് ആംബുലന്‍സ് കുതിച്ചുപാഞ്ഞു; വഴിയൊരുക്കാന്‍ നാടൊന്നിച്ചു

കല്‍പ്പറ്റ: വാഹനാപകടത്തില്‍ കൈപ്പത്തിയറ്റ യുവാവിനെ ആംബുലന്‍സില്‍ കല്‍പ്പറ്റയില്‍ നിന്നു കോയമ്പത്തൂര്‍ ഗംഗ ആശുപത്രിയിലെത്തിച്ചത് മൂന്നു മണിക്കൂര്‍ കൊണ്ട്.
യുവാവിന് അടിയന്തര ചികില്‍സ ലഭ്യമാക്കാന്‍ നാട്ടുകാരും അധികൃതരും മുഴുവന്‍ കൈകോര്‍ത്തു. ഇന്നലെ രാവിലെ 11.30ഓടെ കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ പരിസരത്തുണ്ടായ അപകടത്തില്‍ പരിക്കേറ്റ ചൂതുപാറ തേക്കിന്‍കാട്ടില്‍ വിശ്വനാഥന്റെ മകന്‍ വിജേഷി(32)നെ ചൈല്‍ഡ് പ്രൊട്ടക്ട് ടീമിന്റെ നേതൃത്വത്തിലാണ് കോയമ്പത്തൂരില്‍ എത്തിച്ചത്. അറ്റുപോയ കൈപ്പത്തി തുന്നിപ്പിടിപ്പിക്കാന്‍ എത്രയും വേഗം കോയമ്പത്തൂരില്‍ എത്തണമെന്നായിരുന്നു പ്രാഥമിക ചികില്‍സ നല്‍കിയ ഡോക്ടര്‍മാരുടെ നിര്‍ദേശം. നാനോ കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
വിജേഷ് ബൈക്ക് യാത്രക്കാരനായിരുന്നു. കാര്യമ്പാടി സ്വദേശിയായ ഡ്രൈവര്‍ സാലിയാണ് കല്‍പ്പറ്റയില്‍ നിന്ന് ഉച്ചയ്ക്ക് 12.30ന് ആംബുലന്‍സുമായി പുറപ്പെട്ടത്. ഇതേസമയം തന്നെ തമിഴ്‌നാട്, കേരള പോലിസ് സ്‌റ്റേഷനുകളിലേക്ക് അറിയിപ്പ് നല്‍കി. ടൗണുകളില്‍ പോലിസും ചുമട്ടുതൊഴിലാളികളും ചേര്‍ന്ന് ആംബുലന്‍സ് വഴിയൊരുക്കി. സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അതിവേഗം പ്രചരിച്ചു. സ്വകാര്യ എഫ്എം സ്‌റ്റേഷനുകളും ആംബുലന്‍സിന് തടസ്സമില്ലാതെ വഴിയൊരുക്കണമെന്ന അഭ്യര്‍ഥന പല തവണ നല്‍കി. വാളയാര്‍ ചെക്‌പോസ്റ്റിലെ കുരുക്ക് ഒഴിവാക്കാന്‍ തമിഴ്‌നാട് പോലിസ് കാത്തുനിന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായ സ്ഥലങ്ങളില്‍ പോലിസിന്റെ അകമ്പടിയോടെയാണ് ആംബുലന്‍സ് കുതിച്ചുപാഞ്ഞത്.
ചൈല്‍ഡ് പ്രൊട്ടക്ട് പ്രവര്‍ത്തകരും സഹായിച്ചു. മുന്‍കൂട്ടി വിവരമറിയിച്ചതനുസരിച്ച് ഗംഗ ആശുപത്രി അധികൃതര്‍ സജ്ജരായി നിന്നു.
ആംബുലന്‍സ് എത്തിയ ഉടനെ വിജേഷിന്റെ കൈപ്പത്തി തുന്നിച്ചേര്‍ക്കാനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. രാത്രി വൈകിയും ശസ്ത്രക്രിയ തുടര്‍ന്നു.
Next Story

RELATED STORIES

Share it