Kottayam Local

പരാതി ഫലം കണ്ടു; വെള്ളക്കെട്ടിന് പരിഹാരമായി ഓട നിര്‍മാണം

കണമല: പൊതു പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് റോഡിലെ അപകട സാധ്യത പരിഹരിക്കാന്‍ നടപടികള്‍ തുടങ്ങി. ദേശീയപാതയായ കണമല റോഡിലെ ചീനിമരം ഭാഗത്താണ് അപകടങ്ങള്‍ ഒഴിവാക്കാന്‍ ഓടയുടെ നിര്‍മാണം തുടങ്ങിയത്.
ഇവിടെ മഴക്കാലത്ത് മലഞ്ചെരുവില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളം റോഡില്‍ വെള്ളക്കെട്ടായി നിറഞ്ഞ് അപകടങ്ങള്‍ തുടര്‍ച്ചയായിരുന്നു. കഴിഞ്ഞ ദിവസവും അപകടമുണ്ടായി. വെള്ളക്കെട്ടില്‍ നിയന്ത്രണം തെറ്റിയ കാര്‍ തലകീഴായി മറിഞ്ഞായിരുന്നു അപകടം. കാലവര്‍ഷ സീസണുകളിലാണ് അപകടങ്ങള്‍ പതിവാകുന്നത്. അതിനു കാരണമായ വെള്ളക്കെട്ട് നീക്കുന്നതിന് ഓടയും കലുങ്കും നിര്‍മിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. കഴിഞ്ഞ വര്‍ഷം കാലവര്‍ഷ സീസണില്‍ ആറോളം അപകടങ്ങള്‍ സംഭവിച്ചിട്ടും പരിഹാര നടപടികള്‍ സ്വീകരിച്ചില്ല. ഇത്തവണ മൂന്ന് അപകടങ്ങള്‍ സംഭവിച്ചു.
തുടര്‍ന്നാണ് താലൂക്ക് സഭയില്‍ പൊതു പ്രവര്‍ത്തകന്‍ പരാതി നല്‍കിയത്. ചീനിമരം സ്വദേശിയും ഐഎന്‍ടിയുസി ഭാരവാഹിയുമായ ബിനു ജേക്കബ് നിരപ്പേല്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അടിയന്തരമായി ഓട നിര്‍മിക്കണമെന്നും തുടര്‍ന്ന് സ്ഥിരമായ സുരക്ഷാ ക്രമീകരണം ഉറപ്പാക്കണമെന്നും കലക്ടറുടെ നിര്‍ദേശ പ്രകാരം എഡിഎം കെ രാജന്‍ ഉത്തരവിടുകയായിരുന്നു.
തുടര്‍ന്ന് ദേശീയപാതാ വിഭാഗമെത്തി ഇന്നലെ ഓടയുടെ നിര്‍മാണം ആരംഭിച്ചു. എരുമേലി  കണമല ദേശീയപാതയെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് പാതയുടെ പുനര്‍നിര്‍മാണത്തിനുള്ള പണികള്‍ക്ക് 16 കോടി രൂപ അനുവദിച്ച് കരാര്‍ നല്‍കിയിട്ടുണ്ട്. ചീനിമരം ഭാഗത്ത് റോഡ് സുരക്ഷിതമാക്കുന്ന ജോലികളും ഇതില്‍ ഉള്‍പ്പെടുന്നു. അടുത്ത ശബരിമല സീസണില്‍ ഏറെക്കുറെ പണികള്‍ പൂര്‍ത്തിയാകുമെന്ന് ദേശീയ പാതാ വിഭാഗം പറയുന്നു. മഴ മൂലം നിര്‍മാണം നീട്ടിവച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it