പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു: കന്യാസ്ത്രീ

കോട്ടയം: ജലന്ധര്‍ അതിരൂപത ബിഷപ് തന്നെ നിരവധി തവണ ലൈംഗികമായി പിഡിപ്പിച്ചെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി കന്യാസ്ത്രീ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. ഇന്നലെ കുറവിലങ്ങാട് മണ്ണക്കനാട്ട് നാടുകുന്നിലുള്ള സഭയുടെ മഠത്തില്‍ വച്ചാണ് അന്വേഷണ ചുമതലയുള്ള വൈക്കം ഡിവൈഎസ്പി കെ സുഭാഷ് മൊഴിയെടുത്തത്. പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും അത് ആവര്‍ത്തിച്ച് പറയുക മാത്രമാണ് കന്യാസ്ത്രീ ചെയ്തതെന്നും ഡിവൈഎസ്പി പറഞ്ഞു.
ആവശ്യമായ തെളിവുകള്‍ ശേഖരിച്ച ശേഷം ജലന്ധറില്‍ പോയി ബിഷപ്പിനെയും ചോദ്യം ചെയ്യും. മജിസ്‌ട്രേറ്റിനു മുമ്പാകെ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്താന്‍ പോലിസ് അപേക്ഷ നല്‍കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. 2014 മുതല്‍ 2016 വരെ 13 തവണ ബിഷപ് പീഡിപ്പിച്ചെന്നാണ് മിഷനറീസ് ഓഫ് ജീസസ് സന്ന്യാസ സമൂഹത്തിലെ മദര്‍ സുപ്പീരിയര്‍ ആയിരുന്ന കന്യാസ്ത്രീയുടെ പരാതി.  ഇതിനിടെ, കേസ് ഒതുക്കിത്തീര്‍ക്കാന്‍ സഭാതല ശ്രമങ്ങള്‍ നടക്കുന്നതായും റിപോര്‍ട്ടുണ്ട്. ജലന്ധറില്‍ നിന്നുള്ള കന്യാസ്ത്രീമാരുടെ ഒരു സംഘം കുറവിലങ്ങാട്ട് എത്തിയിട്ടുണ്ട്. കേസ് ഒതുക്കിത്തീര്‍ക്കാനാണ് ഇവരുടെ വരവിന്റെ ഉദ്ദേശ്യമെന്നും ആരോപണമുണ്ട്. അതേസമയം, ബിഷപ്പിനെതിരേയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും കന്യാസ്ത്രീയുടെ അധികാര മോഹമാണ് പരാതിക്കു പിന്നിലെന്നും മദര്‍ ജനറല്‍ ആരോപിച്ചു.
അതേസമയം ജലന്ധര്‍ ബിഷപ്പിന്റെ പരാതിയിലും പോലിസ് അന്വേഷണം നടത്തും.കന്യാസ്ത്രീയെ സ്ഥലം മാറ്റിയതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്നും കന്യാസ്ത്രീയുടെ ബന്ധുക്കളുടെ നേതൃത്വത്തില്‍ തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നതായുമാണ്  കന്യാസ്ത്രീക്കെതിരേ ബിഷപ്പു നല്‍കിയ പരാതി.
Next Story

RELATED STORIES

Share it