Articles

പരമോന്നത കോടതിയിലെ കലാപം

ഇന്ദ്രപ്രസ്ഥം - നിരീക്ഷകന്‍
മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ നല്ല കാലമാണ്. സുപ്രിംകോടതിയിലെ സീനിയര്‍ ജഡ്ജിമാര്‍ പോലും രാജ്യത്തോട് സംസാരിക്കാന്‍ മാധ്യമങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്. മാധ്യമങ്ങളിലൂടെ നാട്ടുകാരോട് സംസാരിച്ചില്ലെങ്കില്‍ ഭാവിയില്‍ തങ്ങള്‍ സ്വന്തം ചുമതല നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ട ന്യായാധിപന്‍മാരാണെന്ന് ജനം കരുതും എന്നാണ് ഒരു ജഡ്ജി കഴിഞ്ഞ ദിവസം പറഞ്ഞത്.
സമീപകാലത്ത് മാധ്യമങ്ങളുടെ നേരെ കുതിരകയറുകയായിരുന്നു പൊതുരീതി. എന്തിനുമേതിനും മാധ്യമങ്ങളെ കുറ്റം പറയുന്നതു പതിവായി. കാശിനു കൊള്ളാത്ത രാഷ്ട്രീയക്കാരാണ് ഈ പരിപാടി ആദ്യം തുടങ്ങിയത്. മാധ്യമ സിന്‍ഡിക്കേറ്റുകള്‍ ഗൂഢാലോചന നടത്തി തങ്ങളുടെ ജനസേവനത്തിന്റെ ശോഭ കെടുത്തുന്നു എന്നാണ് ഇത്തരക്കാരുടെ സ്ഥിരം വായ്ത്താരി. മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നത് ഇഷ്ടമാവുന്നില്ല എന്നതു മാത്രമാണ് പ്രശ്‌നം. നേരെ മറിച്ചു “ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം’ എന്ന മട്ടില്‍ മഹാനവര്‍കളുടെയൊക്കെ ഗുണഗണങ്ങള്‍ നീട്ടിപ്പാടിയിരുന്നുവെങ്കില്‍ പരമ സന്തോഷമായേനെ. മാധ്യമങ്ങള്‍ കഴിയുന്നതും അങ്ങനെ സന്തോഷിപ്പിക്കാനാണ് ശ്രമിച്ചുവന്നിട്ടുള്ളതും. എന്നാലും ഇടയ്‌ക്കൊക്കെ കാര്യം നേരെച്ചൊവ്വേ പറയേണ്ടിവരും. അതിന്റെ പേരിലാണ് കെറുവ്.
രാഷ്ട്രീയക്കാര്‍ മാത്രമല്ല, ജുഡീഷ്യറിയും മാധ്യമവിരോധത്തിന്റെ കാര്യത്തില്‍ മുന്നില്‍ തന്നെയായിരുന്നു. വക്കീലന്‍മാര്‍ കോടതി പരിസരത്ത് പത്രക്കാരെയോ ടിവിക്കാരെയോ കണ്ടാല്‍ അടിക്കുന്ന ഒരു അവസ്ഥ കേരളത്തില്‍ ഉണ്ടായിരുന്നു. അതു പറഞ്ഞുതീര്‍ക്കാന്‍ പലരും ശ്രമിച്ചിട്ടും ഒന്നും നടന്നില്ല. മാധ്യമങ്ങളും കോടതിയിലെ ന്യായാധിപന്‍മാരും തമ്മിലുള്ള ശീതസമരം അങ്ങനെ കേരളത്തില്‍ കുറേക്കാലമായി നടക്കുകയാണ്. അവര്‍ തമ്മിലടിക്കുന്നത് വലിയ സൗകര്യമെന്ന മട്ടിലാണ് ഭരണാധികാരികളും.
ഇപ്പോള്‍ സ്ഥിതി മാറി. ന്യായാധിപന്‍മാര്‍ തമ്മിലുള്ള അടി മൂത്തപ്പോള്‍ മാധ്യമങ്ങള്‍ വീണ്ടും വേണ്ടിവന്നു. അവര്‍ വഴി മാത്രമാണ് കാര്യങ്ങള്‍ നാട്ടുകാരോട് തുറന്നുപറയാന്‍ കഴിയുകയെന്നു സീനിയര്‍ ജഡ്ജിമാര്‍ പോലും പറയുന്നു.
എന്താണ് കാരണം? സീനിയര്‍ ജഡ്ജിമാരെ മൂലയ്ക്കിരുത്തി ചീഫ്ജസ്റ്റിസ് ജൂനിയര്‍ കക്ഷികളുമായി ചേര്‍ന്നു നീതിന്യായക്കച്ചവടം പൊടിപൊടിക്കുകയാണ് എന്നത്രേ സീനിയര്‍ ജഡ്ജിമാര്‍ പറയാതെ പറയുന്നത്. കേസ് കേള്‍ക്കുന്നത് പല ബെഞ്ചുകളിലായാണ്. കേസുകള്‍ ഓരോ ബെഞ്ചിലേക്കും അയക്കുന്നത് രജിസ്ട്രാറുടെ ഓഫിസില്‍ നിന്നാണ്. അത് പണ്ടുമുതലേ നിലനിന്നുവരുന്ന ഒരു സമ്പ്രദായമാണ്. അതില്‍ അട്ടിമറി നടത്തി വേണ്ടപ്പെട്ട കേസുകള്‍ വേണ്ടപ്പെട്ട ജഡ്ജിമാരുടെ മുന്നില്‍ എത്തിക്കുന്ന പരിപാടിയാണ് സുപ്രിംകോടതിയില്‍ നടക്കുന്നത് എന്നാണ് ജഡ്ജിമാര്‍ പരസ്യമായി പറയുന്നത്.
എന്നുവച്ചാല്‍, കേസില്‍ നീതി കിട്ടുന്നത് തെളിവുകളുടെ ശക്തി കൊണ്ടോ വാദമുഖങ്ങളുടെ ഗുണം കൊണ്ടോ ഒന്നുമല്ല. കേസ് കേള്‍ക്കുന്ന ജഡ്ജിക്ക് വേണ്ടപ്പെട്ടവനായാല്‍ കാര്യം നടക്കും. അല്ലെങ്കില്‍ അവരുടെ ഏജന്റുമാരുടെ വേണ്ടപ്പെട്ടവരുടെ ലിസ്റ്റില്‍ കടന്നുകൂടിയാലും മതി. സത്യത്തില്‍ കോടതി സംവിധാനം എത്രമാത്രം അസംബന്ധ നാടകമായി മാറിയിരിക്കുന്നു എന്നാണ് ജഡ്ജിമാര്‍ തന്നെ പറയുന്നത്. അധികാരവും പണവും ശക്തിയുമുള്ളവന്റെ മുന്നില്‍ ഒരു സുപ്രിംകോടതിയും തല പൊന്തിക്കില്ലെന്ന അവസ്ഥ വന്നാല്‍ എന്താണ് നാടിന്റെ മേല്‍ഗതി?
ഇത്തവണ ജഡ്ജിമാര്‍ ഒരു കേസില്‍ ഇങ്ങനെ ഇടപെടല്‍ ഉണ്ടായത് പരസ്യമായിത്തന്നെ ചൂണ്ടിക്കാട്ടി. അതു സിബിഐ ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ടതാണ്. നടന്നത് സ്വാഭാവിക മരണമല്ല, കൊലപാതകമാെണന്ന് കുടുംബത്തിലെ ചിലര്‍ തന്നെ പറയുന്നു. കേസ് സുപ്രിംകോടതിയില്‍ വന്നപ്പോള്‍ അത് വിശ്വസ്തനായ ഒരു ജൂനിയര്‍ ജഡ്ജിക്ക് കൈമാറി എന്നാണ് ആരോപണം വന്നിരിക്കുന്നത്.
കാര്യം ചെറുതല്ല. ലോയ മരിക്കുന്ന നേരത്ത് സുഹ്‌റബുദ്ദീന്‍ ശെയ്ഖ് വധക്കേസാണ് കേട്ടുകൊണ്ടിരുന്നത്. അയാളെ ഭീകരന്‍ എന്നു പറഞ്ഞ് ഗുജറാത്ത് പോലിസ് പച്ചയ്ക്കു വെടിവച്ചു കൊന്നതാണ്. കേസിലെ ഗൂഢാലോചനയില്‍ അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രി അമിത്ഷാക്ക് പങ്കുണ്ടെന്നായിരുന്നു ആരോപണം. ആരോപണം വീണ്ടും പരിശോധിക്കാന്‍ കോടതി തീരുമാനിച്ചാല്‍ അമിട്ട്ഷാജിയുടെ കാര്യം കുഴപ്പത്തിലാവും. അതിനാല്‍, സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തി എന്നുതന്നെയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ നിന്നു തെളിയുന്നത്.
അങ്ങനെ എന്തെല്ലാം കേസുകള്‍ ഈ നാട്ടില്‍ ഒതുക്കിയിരിക്കണം! കണ്ടും കേട്ടും സഹികെട്ട് ഇപ്പോള്‍ നാലു ജഡ്ജിമാര്‍ തന്നെ പരസ്യമായി രംഗത്തിറങ്ങിയിരിക്കുന്നു. സുപ്രിംകോടതിയിലെ ജനകീയ കലാപം ഏതായാലും നാടിനും നാട്ടുകാര്‍ക്കും പല കാര്യങ്ങളും തിരിച്ചറിയാന്‍ വളരെ സഹായകമാവും.                                                ി
Next Story

RELATED STORIES

Share it