kozhikode local

പരപ്പുപാറ ആശുപത്രിയിലെത്തുന്നവര്‍ക്ക് ദുരിതം; മാറ്റിയ മേല്‍ക്കൂര പുനസ്ഥാപിച്ചില്ല

വാണിമേല്‍: കെട്ടിടം പണിക്കു വേണ്ടി നീക്കം ചെയ്ത മേല്‍ക്കൂര പുന സ്ഥാപിക്കാത്തതിനാല്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ദുരിതം. ഡോക്ടറെ കാണിക്കാന്‍ വരുന്നവര്‍ വെള്ളക്കെട്ടില്‍ കാത്തിരിക്കേണ്ട അവസ്ഥ. പരപ്പുപാറ പിഎച്ച്‌സിയിലെത്തുന്ന രോഗികള്‍ക്കാണീ ദുരിതം.ആശുപത്രിക്ക് വേണ്ടി പുതിയ കെട്ടിടം നിര്‍മിക്കാനായി പഴയ കെട്ടിടത്തിന്റെ മേല്‍ക്കൂര നീക്കം ചെയ്തിരുന്നു. അത് പുനസ്ഥാപിക്കാത്തതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴവെള്ളം ആശുപത്രി വരാന്തയില്‍ കെട്ടിക്കിടക്കുകയാണ്. അത് നീക്കം ചെയ്യാന്‍ സംവിധാനമില്ലാത്തതിന്നാല്‍ വരാന്തയില്‍ സിമന്റ് കട്ട നിരത്തി അതിന് മുകളിലൂടെ നടന്ന് വേണം ഡോക്ടറെ കാണാന്‍. രോഗികളും വൃദ്ധന്‍മാരും ഏറെ പ്രയാസപ്പെട്ടാണ് ആശുപത്രിക്കകത്തെത്തുന്നത്.
പുതിയ നിര്‍മാണം ആരംഭിച്ചത് മുതല്‍ പണിക്ക് തടസ്സം നേരിട്ടിരുന്നു. ശരിയായ രൂപത്തില്‍ തറ നിര്‍മിച്ചില്ലെന്നാരോപിച്ച് അന്ന് നാട്ടുകാര്‍ പണി നിര്‍ത്തിവെപ്പിച്ചിരുന്നു.
പിന്നീട് പഞ്ചായത്ത് അധികൃതര്‍ ഇടപെട്ടാണ് പണി പുനരാരംഭിച്ചത്. എന്നാല്‍ മാര്‍ച്ച് മാസത്തിനകം പണിതീരാത്ത തിനാല്‍ പുതിയ വര്‍ഷത്തെ പദ്ധതിയായി അനുമതി ലഭിച്ചാല്‍ മാത്രമേ പണി ചെയ്യാന്‍ പറ്റു എന്നാണ് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇതേപ്പറ്റി പ്രതികരിച്ചത്. അതേസമയം നിത്യേന നൂറ് കണക്കിന്ന് രോഗികള്‍ എത്തുന്ന ആശുപത്രിയുടെ നേരത്തെ നീക്കം ചെയ്ത മേല്‍ക്കൂരയുടെ ഷീറ്റുകള്‍ പുനസ്ഥാപിച്ച് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കുള്ള പ്രയാസം നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it