malappuram local

പരപ്പനങ്ങാടിയില്‍ കുളമ്പുരോഗം വ്യാപകം

പരപ്പനങ്ങാടി: നഗരസഭാ പരിധിയില്‍ കന്നുകാലികളില്‍ കുളമ്പുരോഗം പടരുന്നു. ഉള്ളണം, കീഴ്ചിറ, മുണ്ടിയന്‍കാവ്, ചെട്ടിപ്പടി പ്രദേശങ്ങളിലാണ് കുളമ്പുരോഗം പടരുന്നത്. മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശിച്ച പ്രകാരമുള്ള കുളമ്പുരോഗ പ്രതിരോധ കുത്തിലയ്പ്പുകള്‍ എടുത്ത കന്നുകാലികളിലും രോഗം പടരുന്നതില്‍ ആശങ്കയിലാണ് ക്ഷീര കര്‍ഷകര്‍.
പരപ്പനങ്ങാടി മൃഗാശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടറോ ജീവനക്കാരോ ഇല്ലാത്തതിനാല്‍ കുളമ്പുരോഗ ചികില്‍സ വേണ്ടരൂപത്തില്‍ നല്‍കാനാവുന്നില്ലെന്നും പരാതിയുയരുന്നുണ്ട്. ആകെയുള്ള വെറ്ററിനറി സര്‍ജന്‍ സ്ഥലം മാറിപ്പോയതോടെ പരപ്പനങ്ങാടിയില്‍ രണ്ട് ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ മാത്രമാണുള്ളത്. നാല് തരത്തിലുള്ള വൈറസ് ബാധയുള്ളതിനാല്‍ കുളമ്പുരോഗ കുത്തിവയ്പുകള്‍ പലപ്പോഴും ഫലപ്രദമാവുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
കടുത്ത പനിയോടെയാണ് രോഗം തുടങ്ങുന്നത്. വായില്‍നിന്ന് നുരയും വെള്ളവും ഒലിച്ച് തീറ്റയെടുക്കാതിരിക്കുകയും ക്രമേണ കന്നുകാലികള്‍ക്ക് നടക്കാനാവാത്ത സാഹചര്യമുണ്ടാവുകയും ചെയ്യുന്നു. കൃത്യമായ പരിചരണം ലഭിക്കുകയാണെങ്കില്‍ ഒരാഴ്ചകൊണ്ടു സുഖപ്പെടും. എന്നാല്‍ രോഗത്തിന്റെ തീവ്രതയില്‍ നാക്കിലും വായിലുമുണ്ടാവുന്ന പൊകിളകള്‍ പൊട്ടിയൊലിച്ച് സ്രവങ്ങള്‍ ശ്വാസകോശങ്ങളിലേയ്്ക്ക് കടക്കുന്നതോടെ ശ്വസിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുകയും ചാവുകയും ചെയ്യും. കുളമ്പുരോഗത്തിനെതിരേ അതീവജാഗ്രത പാലിക്കേണ്ടതുണ്ട്. രോഗ ചികില്‍സയ്ക്കാവശ്യമായ മരുന്നുകള്‍ മൃഗാശുപത്രികളില്‍ ലഭ്യമല്ലാത്തതിനാല്‍ ഒരു ദിവസത്തെ കുത്തിവയ്പ്പിനും മറ്റുമായി ക്ഷീരകര്‍ഷകര്‍ക്ക് 600ല്‍ അധികം രൂപ ചെലവുവരുന്നു.
ഇങ്ങനെ ഒരാഴ്ചയോളം ചികില്‍സ നടത്താന്‍ ക്ഷീരകര്‍ഷകര്‍ക്ക് അധിക ബാധ്യതയാവുകയാണ്. രോഗബാധ പടരുന്നതിനാല്‍ പലരും പശുക്കളെ കിട്ടിയ വിലയ്്ക്ക് വില്‍ക്കുകയാണ്. പരപ്പനങ്ങാടി മൃഗാശുപത്രിയില്‍ ആവശ്യമായ ജീവനക്കാരെയും ഡോക്ടറെയും നിയമിക്കണമെന്നും മരുന്നുകള്‍ എത്തിക്കണമെന്നുമാണ് ക്ഷീരകര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it