kannur local

പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ കൊലപാതകം: അന്വേഷണം ഊര്‍ജിതം

പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. സിഐ എം പി ആസാദിനാണ് അന്വേഷണ ചുമതല. എസ്‌ഐ ബിജോയ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ മനോജ്് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ റെയില്‍വേ സ്റ്റേഷനിലും പരിസരത്തും വിശദമായ പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും പരിശോധനയില്‍ പങ്കെടുത്തു. കണ്ണൂര്‍ ചൊവ്വ തിലാനൂരിലെ നൗഫലാ(40)ണ് കൊല്ലപ്പെട്ടത്. ഒന്നാംനമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ പാഴ്‌സല്‍ ഗേറ്റിനടുത്താണ് മൃതദേഹം കാണപ്പെട്ടത്. ഇവിടെനിന്ന് റിക്കി എന്ന പോലിസ് നായ മണം പിടിച്ചോടി വെല്‍ക്കം ബോര്‍ഡിനടുത്ത്് പാളത്തിനരികെയുള്ള ബോക്‌സിനു സമീപം നിന്നു. പിടിച്ചുപറി, ലഹരിമാഫിയ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ശനിയാഴ്ച രാവിലെയാണ് റെയില്‍വേ സ്റ്റേഷന്‍ ജീവനക്കാരന്‍ നൗഫലിന്റെ മൃതദേഹം കണ്ടത്. ഉടന്‍ സ്റ്റേഷന്‍ മാസ്റ്ററെ വിവരമറിയിച്ചു. അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പയ്യന്നൂര്‍ പോലിസ് സ്ഥലത്തെത്തി. കണ്ണിനും മുഖത്തും മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു.പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്നു സ്ഥിരീകരിച്ചത്. മുഖവും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് പോലിസ് സര്‍ജന്‍ ഡോ. എസ് ഗോപാല കൃഷ്ണപിള്ള വ്യക്തമാക്കി. അതേസമയം, രാത്രിയായാല്‍ റെയില്‍വേ സ്റ്റേഷനും പരിസരവും സാമൂഹികവിരുദ്ധരുടെ താവളമാണ്. രണ്ടുമാസം മുമ്പ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് മൂന്നാം നമ്പര്‍ ട്രാക്കില്‍ മാതമംഗലം കോയിപ്രയിലെ ഹോട്ടല്‍ തൊഴിലാളി കെ സി ശ്രീധരന്‍ (53) കൊല്ലപ്പെട്ടിരുന്നു. സംഭവത്തിലെ മുഖ്യപ്രതി രാമന്തളി കക്കംപാറയിലെ നടുവളപ്പില്‍ വിപിന്‍ ചന്ദ്രനെ (40) കോട്ടയം മുണ്ടക്കയത്തുവച്ചാണ് പിടികൂടിയത്. ഇക്കഴിഞ്ഞ ആഗസ്തില്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് യാത്രക്കാരിയുടെ 45,000 രൂപയും നിരവധി രേഖകളടങ്ങുന്ന ബാഗും മോഷ്ടാക്കള്‍ തട്ടിയെടുത്തിരുന്നു. പാലക്കാട് ഗവ. ആശുപത്രിയിലെ ജീവനക്കാരിയും കരിവെള്ളൂര്‍ കൊടക്കാട് സ്വദേശിനിയുമായ കെ രാധയാണ് കവര്‍ച്ചയ്ക്കിരയായത്. ഈ സംഭവത്തിലെ പ്രതിയെ ഇനിയും പിടികൂടിയിട്ടില്ല.
Next Story

RELATED STORIES

Share it