kannur local

പയ്യന്നൂരില്‍ ഫിഷറീസ് കോളജ് അടുത്ത വര്‍ഷം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

പയ്യന്നൂര്‍: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയുടെ (കുഫോസ്) കീഴില്‍ പയ്യന്നൂരില്‍ ഫിഷറീസ് കോളജ് അടുത്ത അധ്യയനവര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രിയും കുഫോസ് പ്രോ ചാന്‍സലറുമായ ജെ മേഴ്‌സിക്കുട്ടിയമ്മ. കുഫോസ് കണ്ണൂര്‍ പ്രാദേശിക കേന്ദ്രത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം പയ്യന്നൂരില്‍ നിര്‍വഹിക്കുകയായിരുന്നു. ഈ ഡിസംബറില്‍ തന്നെ ഫിഷറീസ് കോളജിന് തറക്കല്ലിടും. അടുത്ത ജൂണില്‍ ബിഎഫ്എസ്‌സി കോഴ്‌സിന് പയ്യന്നൂരിലെ ഫിഷറീസ് കോളജില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കും.
അതിനുള്ള പ്രവര്‍ത്തനങ്ങ ള്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ നടക്കുകയാണ്. മലബാറിലെ മല്‍സ്യകര്‍ഷകര്‍ക്ക് താങ്ങും തണലുമാകും കുഫോസ് പ്രാദേശിക കേന്ദ്രം. കല്ലുമ്മക്കായ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹരിക്കാനും കുഫോസ് കേന്ദ്രം മുന്‍ഗണ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍, കാസര്‍കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ മല്‍സ്യകൃഷിയും അനുബന്ധ മേഖലകളും പ്രോല്‍സാഹിപ്പാക്കാന്‍ വേണ്ട പരിശീലനവും പഠനവും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുഫോസിന്റെ പ്രാദേശിക കേന്ദ്രം പ്രവര്‍ത്തനം തുടങ്ങുന്നതെന്ന് വൈസ് ചാന്‍സലര്‍ ഡോ. എ രാമചന്ദ്രന്‍ പറഞ്ഞു. സി കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍, നഗരസഭാ കൗണ്‍സിലര്‍ എന്‍ നളിനി, കേന്ദ്ര ഓരുജല മല്‍സ്യകൃഷി ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ കെ വിജയന്‍, കുഫോസ് രജിസ്ട്രാര്‍ ഡോ. വി എം വിക്ടര്‍ ജോര്‍ജ് സംസാരിച്ചു.

Next Story

RELATED STORIES

Share it