kannur local

പയ്യന്നൂരില്‍ നവജാതശിശു വില്‍പന: പുനരന്വേഷണത്തിന് പ്രത്യേക സംഘം

പയ്യന്നൂര്‍: പയ്യന്നൂരില്‍ നവജാതശിശുവിനെ വിറ്റ കേസ് പുനരന്വേഷിക്കാന്‍ തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. 2016 ഒക്ടോബര്‍ 16നാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട് കണ്ണങ്കൈയിലെ ദമ്പതികള്‍ പയ്യന്നൂരിലെ ഡോക്്ടര്‍ ഗോപിനാഥിന്റെ ആശുപത്രിയില്‍നിന്ന് നവജാതശിശുവിനെ വാങ്ങിയെന്നാണ് ആരോപണം. ദമ്പതികള്‍ കുഞ്ഞുമായി വീട്ടിലെത്തിയതോടെ സംശയം തോന്നിയ നാട്ടുകാരാണ് പോലിസിനെ അറിയിച്ചത്. ചന്തേര പോലിസാണ് ആദ്യം കേസന്വേഷിച്ചത്. താന്‍ പ്രസവിച്ച കുട്ടിയാണ് ഇതെന്നായിരുന്നു യുവതിയുടെ അവകാശവാദം. എന്നാല്‍ കോടതി അനുമതിയോടെ ദമ്പതികളെ ചോദ്യം ചെയ്തപ്പോള്‍ പയ്യന്നൂരിലെ ആശുപത്രിയില്‍നിന്നാണ് കുട്ടിയെ ലഭിച്ചതെന്ന് വ്യക്തമായി. തുടര്‍ന്ന് കേസ് പയ്യന്നൂര്‍ പോലിസിന് കൈമാറി. യുവതി തന്റെ ആശുപത്രിയില്‍ പ്രസവിച്ചിരുന്നതായി ഡോക്്ടര്‍ ഗോപിനാഥ് ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നു. പിന്നീട് ആശുപത്രി വളപ്പില്‍നിന്ന് ലഭിച്ച കുട്ടിയെ ദമ്പതികളെ ഏല്‍പ്പിച്ചതായി മൊഴിനല്‍കി. തുടര്‍ന്ന്  ഡോ. ഗോപിനാഥന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുത്തു. കേസില്‍ പിന്നീട് ഡോക്്ടര്‍ ജാമ്യം നേടി. ഇതിനു പിറകെ 2016 ഡിസംബറോടെ കേസന്വേഷണം മരവിച്ചു. അടുത്തിടെ ഡോക്്ടര്‍ ഗോപിനാഥന്‍ മരണമടയുകയും ചെയ്തു. സ്റ്റേഷന്‍ പരിശോധനയുടെ ഭാഗമായി ഡിവൈഎസ്പി കെ വി വേണുഗോപാല്‍ പഴയ ഫയലുകള്‍ പരിശോധിച്ചപ്പോഴാണ് ഈ കേസ് ശ്രദ്ധയില്‍പെട്ടത്. കുട്ടിയുടെ യഥാര്‍ഥ മാതാവ് ആരാണ്, കുട്ടിയെ എവിടെനിന്നു ലഭിച്ചു എന്നീ കാര്യങ്ങള്‍ കണ്ടെത്താനായില്ല. തുടര്‍ന്നാണ് പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കിയത്. പയ്യന്നൂര്‍ എസ്‌ഐമാരായ കെ പി ഷൈന്‍, എം എന്‍ ബിജോയി, പയ്യാവൂര്‍ എസ്‌ഐ  എ കുഞ്ഞിക്കണ്ണന്‍, തളിപ്പറമ്പ് അഡീഷനല്‍ എസ്‌ഐ ശാര്‍ങ്ധരന്‍, പയ്യന്നൂര്‍ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ഷറഫുദ്ദീന്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് പ്രത്യേക സ്‌ക്വാഡ്.
Next Story

RELATED STORIES

Share it