palakkad local

പന്നിയങ്കര ടോള്‍ വഴി പ്രതിദിനം കടന്നുപോവുന്നത് 6000ഓളം വാഹനങ്ങള്‍

കുഴല്‍മന്ദം: ദേശീയ പാതയായ വാളയാര്‍ - വടക്കഞ്ചേരി പാതയിലൂടെ പ്രതിദിനം കടന്നുപോവുന്നത് ആറായിരത്തിലധികം വാഹനങ്ങളെന്നു കണക്കുകള്‍. പന്നിയങ്കരയിലെ ടോള്‍പിരിവുമായി ബന്ധപ്പെട്ട നേരത്തെ നടത്തിയ കണക്കെടുപ്പിലാണു പാലക്കാട് - തൃശ്ശൂര്‍ പാതയിലൂടെ ഇത്രയധികം വാഹനങ്ങള്‍ കടന്നുപോവന്നതെന്നു കണ്ടെത്തിയത്.
ദേശീയ പാതയുടെ നിര്‍മാണം നടത്തുന്ന കരാര്‍ കമ്പനിയായ കെഎംസി യാണ് കണക്കെടുപ്പ് നടത്തിയിരിക്കുന്നതെങ്കിലും ടോളില്‍ നിന്നുമൊഴിവാക്കപ്പെട്ടിട്ടുള്ള ഇരുചക്രവാഹനങ്ങള്‍ക്കുപുറമെയാണ് ഇത്രയുമധികം വാഹനങ്ങള്‍. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളാണു കൂടുതലെന്നാണു മറ്റൊരു സവിശേഷത.
ഇത്രയുമധികം വാഹനങ്ങള്‍ കടുന്നുപോവുന്നതിലൂടെ ടോള്‍ കമ്പിനിക്ക് പ്രതിദിനം ലഭിക്കുന്നതാകട്ടെ 25-28 ലക്ഷം രൂപയാണെന്നിരിക്കെ വരുമാനത്തിന്റെ 80 ശതമാനവും റോഡു നിര്‍മാണത്തിനു വായ്പ  നല്‍കിയ ബാങ്കുകളിലേക്ക് നേരിട്ട് പോവുന്നതിനാല്‍ മിച്ചമുള്ള 20 ശതമാനമാണു കരാര്‍ കമ്പനിക്കു ലഭിക്കുന്നത്.
ഇതിലൂടെ വേണം ജീവനക്കാരുടെ ശമ്പളം, ദേശീയപാതയുടെ അറ്റകുറ്റപ്പണി, റോഡ് സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ മികവുറ്റ രീതിയില്‍ നടത്തേണ്ടത്. ഏഴുബാങ്കുകളടങ്ങുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണു പാത വികസനത്തിനായി കരാര്‍ കമ്പനിക്കു വായ്പ നല്‍കിയിട്ടുള്ളത്. ടോള്‍ ബുത്തിന്റെ 5 കിലോമീറ്റര്‍ ചുറ്റളവിലുള്ളവരെ ടോളില്‍ നിന്ന് ഒഴിവാക്കുമെന്നതിനാല്‍ ഇവര്‍ക്കുപയോഗിക്കാന്‍ കമ്പനി പ്രത്യേകം പാസുകള്‍ നല്‍കും. ഇതിനായി വാഹന ഉടമകള്‍ ആര്‍സി. ബുക്കിന്റെയുള്‍പ്പടെയുള്ള രേഖകള്‍ ഹാജരാക്കി കരാര്‍ കമ്പനിയില്‍ നിന്നും പാസ് കരസ്ഥമാക്കണമെന്നാണു നിബന്ധന.
പാത വികസനം 80 ശതമാനത്തോളം പൂര്‍ത്തിയായെന്നു കമ്പനിയധികൃതര്‍ അവകാശപ്പെടുമ്പോഴും പാതയുടെ പ്രധാന വര്‍ക്കുകളായ തുരങ്ക പാതയുടെയും ഫ്‌ളൈഓവറിന്റെയും പണികള്‍ പൂര്‍ത്തിയായി വരുന്നതേയുള്ളൂ. മണ്ണ് ലഭിക്കുന്നതിലെ തടസ്സവും തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്പള കുടിശ്ശിക മൂലമുള്ള പ്രവൃത്തികളുടെ മുടക്കവും ദേശീയ പാത നിര്‍മാണത്തെ ബാധിക്കുന്നുണ്ട്. കുതിരാനില്‍ രണ്ടാം തുരങ്കവും കൂടി നിര്‍മാണം പൂര്‍ത്തിയാക്കി മണ്ണുത്തിയിലെ ഫ്‌ളൈഓവറും കൂടി പ്രവര്‍ത്തനസജ്ജമാകുന്നതോടെ പാലക്കാട് - തൃശ്ശൂര്‍ ദേശീയ പാതയിലെ യാത്ര സുഗമമാവുമെന്നാണു പ്രതീക്ഷിക്കുന്നത്. വാളയാര്‍ -മണ്ണുത്തി ദേശീയ പാത നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതം സുഗമമാവുന്നതോടെ പ്രതിദിനം കടന്നുപോവുന്ന വാഹനങ്ങളുടെ എണ്ണം കടുമെന്ന പ്രതീക്ഷയിലാണ്.
Next Story

RELATED STORIES

Share it