Idukki local

പനിബാധിതരേറുന്നു ; ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും നിഷ്‌ക്രിയം



വണ്ടിപ്പെരിയാര്‍: വേനല്‍മഴയോടെ തോട്ടം മേഖലയില്‍ നൂറു കണക്കിന് പനി ബാധിതരാണ് ദിവസേന ആശുപത്രികളില്‍ ചികില്‍സ തേടി എത്തുന്നത്. പീരുമേട്, വണ്ടിപ്പെരിയാര്‍, ഏലപ്പാറ, പെരുവന്താനം എന്നീ പഞ്ചായത്തുകളില്‍ നിന്നായി ഈ മാസം മാത്രം ആയിരക്കണക്കിന് ആളുകള്‍ പനി ബാധിതരായി പീരുമേട് -വണ്ടിപ്പെരിയാര്‍ സാമൂഹിക ആരോഗ്യകേന്ദ്രങ്ങളില്‍ എത്തിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.തോട്ടം തൊഴിലാളികളിലാണ് പനി കൂടുതലും ബാധിച്ചിരിക്കുന്നത്.വൃത്തിഹീനമായ അന്തരീഷത്തില്‍ മുന്‍ കരുതലുകളില്ലാതെ ജോലി ചെയ്യുന്നതാണ് തൊഴിലാളികളില്‍ പനി പടരുന്നതിന് കാരണമാകുന്നതെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നത്. ശരാശരി 10പേരോളം പേരാണ് പനിക്കായി ഓരോ ദിവസവും ആശുപത്രികളില്‍ എത്തുന്നത് എന്നാണ് കണക്ക്.തേയില തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളിലും പനി പിടിപെട്ടിട്ടുണ്ട്. പെരുവന്താനം പഞ്ചായത്തില്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന റബര്‍ തോട്ടങ്ങളിലെ മരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ചിരട്ടകളില്‍ വെള്ളം നിറഞ്ഞ് കൊതുക് പടരുന്നത് പനി വ്യാപകമാകുന്നതിന്റെ പ്രധാന കാരണമാണ്.    കഴിഞ്ഞ മാസങ്ങളില്‍ ചിക്കന്‍ പോക്‌സും ഡങ്കിപ്പനിയും പീരുമേട്ടിലും വണ്ടിപ്പെരിയാറ്റിലും സ്ഥിരീകരിച്ചിരുന്നു. ഇരുപതോളം പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു.വേണ്ട മുന്‍ കരുതലുകളെടുത്തില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നാണ് കരുതുന്നത്. തോട്ടം മേഖലയില്‍ പനി പടര്‍ന്നു പിടിക്കുമ്പോഴും ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നോ പഞ്ചായത്തുകളില്‍ നിന്നോ ശുചീകരണ പ്രവര്‍ത്തനങ്ങളോ ബോധവല്‍ക്കരണമോ നടത്തുന്നില്ലെന്ന അരോപണവും ഉയര്‍ന്നു. കൊതുകിന്റെ വര്‍ധനവാണ് പനി പടര്‍ന്നു  പിടിക്കുന്നതിനു കാരണമായത്.വെള്ളം കെട്ടിക്കിടക്കുന്നതിനുള്ള സഹചര്യം തോട്ടം മേഖലയില്‍ കൂടുതലാണ്. മഴക്കാലമെത്തുന്നതിന് മുമ്പേ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള  നടപടി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it