Kottayam Local

പദ്ധതി രൂപീകരണം : ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കി



കോട്ടയം: മുനിസിപ്പാലിറ്റികളില്‍ 13ാം പഞ്ചവല്‍സര പദ്ധതിക്കു കീഴില്‍ വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതു സംബന്ധിച്ച് ജില്ലയിലെ മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, സെക്രട്ടറിമാര്‍, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍മാര്‍, പദ്ധതി നിര്‍വഹണ ഓഫിസര്‍മാര്‍ എന്നിവര്‍ക്കു പരിശീലനം നല്‍കി.ഗ്രാമീണ മേഖലയ്ക്കും നഗരമേഖലയ്ക്കും പൊതുമാര്‍ഗരേഖ എന്ന മുന്‍കാല രീതിയില്‍ നിന്ന് വ്യത്യസ്തമായി നഗര പ്രദേശങ്ങളുടെ വികസനത്തിനു പ്രത്യേക മാര്‍ഗരേഖയാണ് ഇത്തവണ തയ്യാറാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ ഇതിനകം പ്രഖ്യാപിച്ച നവകേരളാ മിഷന്‍ മാര്‍ഗരേഖകള്‍ അനുസരിച്ചാണ് വികസനരേഖ തയ്യാറാക്കേണ്ടതെന്നാണു പുതിയ നിര്‍ദേശം.സമഗ്രമായ വികസനം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയുടെ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായകമായ രീതിയില്‍ വേണം പദ്ധതി രൂപീകരിക്കാന്‍. നഗര പ്രദേശങ്ങളില്‍ ജീവിക്കുന്നവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്ന പദ്ധതികളാണ് ആവിഷ്‌കരിക്കേണ്ടത്. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച വികസന പദ്ധതികള്‍ക്ക് പകരം നഗരത്തിന്റെ മൊത്തത്തിലുള്ള ആസൂത്രിത വികസനത്തിന് ഊന്നല്‍ നല്‍കുന്ന സുസ്ഥിര വികസന പദ്ധതികളാണ് ആവിഷ്‌കരിക്കേണ്ടത്. നഗര പ്രദേശങ്ങളുടെ ഭൂവിസ്തൃതി കുറവ്, വര്‍ധിച്ചു വരുന്ന ജനസാന്ദ്രത, നിത്യേന വന്നുപോവുന്ന ജനസഞ്ചയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, മാലിന്യ സംസ്‌കരണം, ജലസ്രോതസ്സുകളിലെ മലിനീകരണം, ഗതാഗതക്കുരുക്ക്, ചേരികളും അവയുടെ വികസനവും എന്നിവയ്ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടാവണം പദ്ധതികള്‍. ഉല്‍പ്പാദന മേഖല, പരിസ്ഥിതിയുടെയും പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണം, മാനവിക വികസനം, സര്‍ക്കാര്‍ സേവനങ്ങളിലെ ഗുണമേന്മ ഉറപ്പുവരുത്തുക, ആസ്തി പരിപാലനം, ശാസ്ത്രീയമായ റോഡ് വികസനവും സംരക്ഷണവും, പാര്‍ക്കിങ് സൗകര്യങ്ങള്‍, സൈക്കിള്‍ ട്രാക്കുകള്‍, കവലകളുടെ നവീകരണം, വഴിയോരക്കച്ചവടക്കാര്‍ക്കുള്ള സൗകര്യങ്ങള്‍, കുളങ്ങളുടെയും ജലാശയങ്ങളുടെയും സംരക്ഷണം, ശുചിത്വം തുടങ്ങിയവയ്ക്കും പ്രാധാന്യം നല്‍കണം. കിലയുടെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലനത്തിന് കില ജില്ലാ കോ ഓഡിനേറ്റര്‍ മനോഹരന്‍, എഡിസി ജനറല്‍ പി എസ് ഷിനോ, ഡെപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ ലിറ്റി ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ ലീനാ സണ്ണി, ഈരാറ്റുപേട്ട മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ പി എം റഷീദ്, ജില്ലയിലെ ആറുനഗരസഭകളില്‍നിന്നുള്ള സ്ഥിരംസമിതി അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പുകളില്‍ നിന്നുള്ള പദ്ധതി നിര്‍വഹണ ഓഫിസര്‍മാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it