Kottayam Local

പദ്ധതി പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താന്‍ കലക്ടറുടെ നിര്‍ദേശം



കോട്ടയം: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരുമാസം മാത്രം ബാക്കി നില്‍ക്കെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി സര്‍ക്കാരിന്റെ വികസനലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന് ആവശ്യമായ നടപടികളെടുക്കാന്‍ കലക്ടര്‍ സി എ ലത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകായായിരുന്നു കലക്ടര്‍.
പദ്ധതി നടത്തിപ്പു സംബന്ധിച്ച് അപ്പപ്പോള്‍ തന്നെ താഴെത്തട്ടില്‍ നിന്നും റിപോര്‍ട്ട് വാങ്ങണമെന്നും ആവശ്യമെങ്കില്‍ ദിനംപ്രതി പദ്ധതി നടത്തിപ്പ് പുരോഗതി അവലോകനം ചെയ്യണമെന്നും അവര്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മുവാറ്റുപുഴയാറില്‍ വൈക്കം വെട്ടിക്കാട്മുക്ക്  പ്രദേശത്ത് ഓരു വെള്ളം തടയുന്നതിന് തടയണ നിര്‍മിക്കാത്തതുമൂലം പ്രദേശത്തെ കുടിവെള്ള ലഭ്യതയും കൃഷിയും അവതാളത്തിലായിരിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് യോഗത്തില്‍ പറഞ്ഞു.
ഓരുവെള്ളം കയറി ഏക്കറുകണക്കിന് ഭൂമിയിലെ നെല്‍കൃഷി നശിക്കുകയാണ്. പ്രശ്‌നം പരിഹരിക്കുന്നതിന് അടിയന്തര നടപടി ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ ആശുപത്രിയിലെയും മെഡിക്കല്‍ കോളജിലേയും മോര്‍ച്ചറികളില്‍ ആവശ്യത്തിന് ഫ്രീസര്‍ സൗകര്യം ലഭ്യമല്ലാത്തതിനാല്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന കാര്യത്തില്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടെന്നും ഇത് പരിഹരിക്കണമെന്നും പ്രസിഡന്റ് പറഞ്ഞു.
പത്ത് ആദിവാസി കുടുംബങ്ങള്‍ ഭൂമി ആവശ്യപ്പെട്ട് വൈക്കത്ത് ദീര്‍ഘനാളായി നടത്തി വരുന്ന സമരം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായി കലക്ടര്‍ പറഞ്ഞു. ഇവര്‍ക്കായി ചങ്ങനാശ്ശേരി താലൂക്കിലെ കങ്ങഴ വില്ലേജില്‍ 2.67 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഭൂമി വിതരണം ചെയ്യുന്നതിനുളള നടപടികള്‍ ത്വരിതപ്പെടുത്താന്‍ കലക്ടര്‍ െ്രെടബല്‍ ഡവലപ്പ്‌മെന്റ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി.വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിവിധ വകുപ്പുകള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമിടയില്‍ ശരിയായ ഏകോപനമുണ്ടാകണം. കുടിവെള്ളവിതരണത്തിന്റെ കാര്യത്തില്‍ മുന്തിയ പരിഗണന നല്‍കി നടപടി സ്വീകരിക്കണമെന്നും കലക്ടര്‍  നിര്‍ദേശിച്ചു. ജില്ലാ പ്ലാനിങ്ങ് ഓഫിസര്‍ കെ എസ് ലതി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it