thrissur local

പത്രത്തിലല്ല, റോഡിലാണ് മേല്‍പ്പാലം വേണ്ടത്: എഐവൈഎഫ്

പുതുക്കാട്: ദേശീയ പാത പുതുക്കാട് ജംഗ്ഷനില്‍ മേല്‍പ്പാലം നിര്‍മ്മിക്കേണ്ടത് അടിയന്തിര പ്രാധാന്യത്തോടെ കാണണമെന്നും പത്രത്തില്‍ അല്ല മേല്‍പ്പാലം വേണ്ടതെന്നും റോഡിലാണ് കാണേണ്ടതെന്നും എഐവൈഎഫ് ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പില്‍ പറഞ്ഞു.
എഐവൈഎഫ് പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുതുക്കാട് സെന്ററില്‍ ഇരുപത്തി നാല് മണിക്കൂറായി നടത്തിവന്ന രാപ്പകല്‍ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരങ്ങളും പ്രതിഷേധങ്ങളും ശക്തി പ്രാപിക്കുമ്പോള്‍ മേല്‍പ്പാലം നിര്‍മ്മിക്കാമെന്ന ഉറപ്പ് പറച്ചില്‍ ദേശീയപാത അതോറിറ്റി അവസാനിപ്പിച്ച് പാലം യാഥാര്‍ഥ്യമാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. പുതുക്കാടിലെ ജനങ്ങളുടെ പൊതു താത്പര്യത്തെ കാണാതെ പോകരുത്. ബിജെപി നേതാക്കള്‍ ജനങ്ങളെയും സാധാരണ ബിജെപി പ്രവര്‍ത്തകരേയും കബളിപ്പിക്കുകയാണ്. അധികാരത്തില്‍ വന്നാല്‍ ടോള്‍ പ്ലാസ പൊളിച്ചുകളയുമെന്ന് പറഞ്ഞവരെ ഇപ്പോള്‍ കാണാനില്ല.
വാചക കസര്‍ത്ത് നടത്തുന്നവരുടെ ഒരു കൂട്ടം ആളുകളുടെ പേരാണ് ബിജെപി. നട്ടെല്ലിന് ഉറപ്പുണ്ടെങ്കില്‍ പറഞ്ഞ വാക്കിന് വിലയുണ്ടെങ്കില്‍ ടോള്‍ പ്ലാസ പൊളിച്ചു മാറ്റുവാന്‍ ബിജെപി തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സമാപന സമ്മേളനത്തില്‍ സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം വി എസ് പ്രിന്‍സ്, മണ്ഡലം സെക്രട്ടറി പി കെ ശേഖരന്‍, സി യു പ്രിയന്‍, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം വി കെ അനീഷ്, എഐവൈഎഫ് നേതാക്കളായ വി കെ വിനീഷ്, ശ്യാല്‍ പുതുക്കാട്, എന്‍ എം മനേഷ്, കെ അജിത്ത്, രനീഷ് കണ്ണംകുളം, സിബി ശിവദാസന്‍, വി ആര്‍ രബീഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it