പത്തൊമ്പതിന്റെ പ്രതിഭ റിഥി, നൊമ്പരമായി ശ്രീദേവി, റിമയെന്ന റോക്സ്റ്റാര്‍

ന്യൂഡല്‍ഹി: 13ാമത്തെ സിനിമ. 19 വയസ്സ്. റിഥി സെന്നിന് ഇത് ധാരാളമായിരുന്നു ഒരു ദേശീയ പുരസ്‌കാരം എത്തിപ്പിടിക്കാന്‍. നാടകരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അച്ഛനും അമ്മയും അഭിനയത്തിന്റെ പാഠപുസ്തകമാവുമ്പോള്‍ ദേശീയ പുരസ്‌കാരത്തില്‍ കുറഞ്ഞതൊന്നും ഈ യുവാവിനെ തേടിയെത്തില്ല. നാടകത്തില്‍നിന്നായിരുന്നു റിഥിയുടെ വരവ്. ബംഗാളി തിയേറ്ററിലെ തലയെടുപ്പുള്ള താരമായ കൗശിക് സെന്നിന്റെയും നര്‍ത്തകി രശ്മി സെന്നിന്റെയും മകന്‍. 12ാം വയസ്സില്‍ തന്നെ കൊല്‍ക്കത്തയിലെ സൗത്ത് പോയിന്റ് സ്‌കൂള്‍ റിഥിയെ പ്രതിഭാപട്ടം നല്‍കി ആദരിച്ചിരുന്നു.
അഞ്ചുപതിറ്റാണ്ട് ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനിന്ന ശ്രീദേവിയെ തേടി ഇതുവരെ ദേശീയ പുരസ്‌കാരം എത്തിയില്ലെന്നത് അവിശ്വസനീയം. ഇന്ന് അതിന് തിരുത്തുവന്നപ്പോഴേക്കും അവര്‍ ഓര്‍മയായിരിക്കുന്നു. തമിഴില്‍ ആരംഭിച്ച് ഇന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ വരെയെത്തിയ അവര്‍ എണ്ണമറ്റ കഥാപാത്രങ്ങളെയാണ് ആരാധകര്‍ക്കു സമ്മാനിച്ചത്.
കെട്ടുകാഴ്ചകളില്ലാത്ത ഫ്രെയിമുകളാവാം വില്ലേജ് റോക്സ്റ്റാഴ്‌സിനെ ദേശീയ പുരസ്‌കാരത്തിനു തിരഞ്ഞെടുത്തത്. അതും ഏതാണ്ട് എല്ലാ പ്രധാന റോളുകളും ഒറ്റയ്ക്കു നിര്‍വഹിച്ച്്. കഥ, തിരക്കഥ, സംഭാഷണം, നിര്‍മാണം, ഛായാഗ്രഹണം, എഡിറ്റിങ്, സംവിധാനം എന്നിങ്ങനെ ഈ സിനിമയുടെ ഏതാണ്ട് എല്ലാ പ്രധാന ഉത്തരവാദിത്തങ്ങളും റിമ ദാസ് ഒറ്റയ്ക്കാണ് ഏറ്റെടുത്തത്.
മറ്റു ദേശീയ പുരസ്‌കാരങ്ങള്‍: മികച്ച ഹിന്ദി ചിത്രം ന്യൂട്ടണ്‍. ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരത്തിന് (സമഗ്ര സംഭാവന) വിനോദ് ഖന്നയെ തിരഞ്ഞെടുത്തു. നര്‍ഗീസ് ദത്ത് ദേശീയോദ്ഗ്രഥന പുരസ്‌കാരത്തിന് ദാപ്പയെ തിരഞ്ഞെടുത്തു. ഇന്ദിരാഗാന്ധി പുരസ്‌കാരം (മികച്ച പുതുമുഖ സംവിധായകന്‍) പാംപ്പള്ളി (സിംഗാര്‍). മികച്ച സഹനടി: ദിവ്യ ദത്ത (ഇറാദ). മികച്ച ജനപ്രിയ ചിത്രം എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി 2. മികച്ച കുട്ടികളുടെ ചിത്രം മോര്‍ഖ്യ (മറാത്തി). മികച്ച പരിസ്ഥിതി ചിത്രം ഇറാദ. മികച്ച പശ്ചാത്തലസംഗീതം എ ആര്‍ റഹ്മാന്‍ (മാം). മികച്ച ഗാനരചന മധുരത്‌ന (മാര്‍ച്ച് 22). മികച്ച പിന്നണി ഗായികയായി സാഷ തൃപാഠിയെ (വാന്‍ ഉയിരെ-കാറ്റ്‌റ് വിളയടെ) തിരഞ്ഞെടുത്തു.
മികച്ച ബാലതാരം ഭനിക ദാസ് (വില്ലേജ് റോക്സ്റ്റാര്‍). മികച്ച സംഘട്ടനസംവിധാനം അബ്ബാസ് അലി മൊഗുള്‍ (ബാഹുബലി 2), മികച്ച സ്‌പെഷ്യല്‍ ഇഫക്ട് ബാഹുബലി 2 (എസ് എസ് രാജമൗലി), മികച്ച മേക്കപ്പ് റാംരാജക് (നഗര്‍ കീര്‍ത്തന്‍), മികച്ച എഡിറ്റിങ് റിമ ദാസ് (വില്ലേജ് റോക്സ്റ്റാര്‍).
Next Story

RELATED STORIES

Share it