പത്തനംതിട്ട ചോദിക്കുന്നു: ആരു തിരികെ തരും ആ ജീവിതം

കര്‍ഷകനായ കുറിയന്നൂര്‍ മാടമ്പിമലയില്‍ ആന്റണി കുര്യന്‍ ഏഴര ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്തിരുന്ന ഏകദേശം 1200 വാഴ, 800 ചേന, 700 കാച്ചില്‍ തുടങ്ങിയവ ഒറ്റരാത്രികൊണ്ട് നശിച്ചു. ഓണവിപണിയിലേക്കു തയ്യാറായിരുന്ന 1200 ഓളം വാഴക്കുലകളാണ് നഷ്ടപ്പെട്ടതെന്ന് ഇദ്ദേഹം പറയുന്നു. തോട്ടപ്പുഴശ്ശേരി വില്ലേജിലെ കുറിയന്നൂര്‍ ചക്കനാട്ട് റെഞ്ചിയുടെ അവസ്ഥയും സമാനമാണ്. ജാതി, മാങ്കോസ്റ്റി ന്‍, ഡ്രാഗണ്‍ ഫ്രൂട്ട്, റമ്പൂട്ടാന്‍, വിവിധതരം വാഴകള്‍ തുടങ്ങിയവ കൃഷി ചെയ്യുന്ന റെഞ്ചിയുടെ തോട്ടത്തില്‍ രണ്ടടിയിലധികം ചളി അടിഞ്ഞിട്ടുണ്ട്. ഫലവൃക്ഷങ്ങള്‍ മിക്കതും പ്രളയത്തില്‍ നഷ്ടപ്പെട്ടു. ഇദ്ദേഹത്തിന്റെ വീട് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. വീടിനുള്ളില്‍ ഒരടിയിലധികം ചളി അടിഞ്ഞു. പമ്പാനദിയുടെ തീരത്തുള്ള റെഞ്ചിയുടെ കൃഷിയിടവും ഫലവൃക്ഷങ്ങളിലെ വിളവ് സംസ്‌കരിച്ചെടുക്കുന്നതിന് തയ്യാറാക്കിയിരുന്ന കെട്ടിടവും ഇതിലെ സംവിധാനങ്ങളും പൂര്‍ണമായും നഷ്ടപ്പെട്ടു. രണ്ടുലക്ഷം രൂപയോളം ചെലവഴിച്ചാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് റെഞ്ചി പറയുന്നു. 25 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായും ഇദ്ദേഹം പറഞ്ഞു.
പന്തളം കടയ്ക്കാട് സ്വദേശി റഹീം അരയ്ക്കു താഴെ തളര്‍ന്നതിനെ തുടര്‍ന്ന് സ്വന്തമായി ബിസിനസ് നടത്തിവരുകയായിരുന്നു. കൈവശമുണ്ടായിരുന്ന സമ്പാദ്യത്തിനൊപ്പം ലോണെടുത്താണ് ഉപജീവനമാര്‍ഗത്തിനായി അടുത്തിടെ ഇവന്റ് മാനേജ്‌മെ ന്റ് സര്‍വീസ് ആരംഭിച്ചത്. സ ര്‍വതും പ്രളയം കവര്‍ന്നെടുത്തതോടെ അവശേഷിച്ച വീടിനുള്ളില്‍ നിസ്സഹായതയോടെ കഴിയുകയാണ് ഇദ്ദേഹവും കുടുംബവും.
14 വര്‍ഷം മുമ്പ് പൈപ്പ് ഫിറ്ററായി സൗദിയില്‍ ജോലി ചെയ്യുമ്പോഴാണ് അപ്രതീക്ഷിതദുരന്തം റഹീമിനെ തേടിയെത്തുന്നത്. ജോലിക്കിടെ കെട്ടിടത്തില്‍ നിന്നു വീണ് നട്ടെല്ലിന് കീഴ്‌പ്പോട്ട് തളര്‍ന്നുപോയി. സൗദിയിലും നാട്ടിലുമായി ഒരുകോടി രൂപയുടെ ചികില്‍സ നടത്തി ജീവിതത്തിലേക്ക് തിരികെയെത്തിയ അദ്ദേഹത്തിന്റെ മനസ്സ് തളര്‍ന്നില്ല. വിദേശത്തു നിന്നു സ്വരുക്കൂട്ടിവച്ച സമ്പാദ്യം ചെലവഴിച്ച് പല ബിസിനസുകള്‍ ചെയ്‌തെങ്കിലും ഒന്നും പച്ചപിടിച്ചില്ല. ഒടുവില്‍ സ്വന്തമായുണ്ടായ ഭൂമി വിറ്റ് ഇവന്റ് മാനേജ്‌മെന്റിനൊപ്പം കാറ്ററിങ് സര്‍വീസും ആരംഭിച്ചു. തന്റെ സ്വപ്‌നസാക്ഷാല്‍ക്കാരമെന്നോണം പുതിയ സംരംഭം ഒരുവിധം മെച്ചപ്പെട്ടുവരുമ്പോഴാണ് പ്രളയത്തിന്റെ രൂപത്തില്‍ മറ്റൊരു ദുരന്തം ജീവിതത്തില്‍ വില്ലനായെത്തിയത്.
മഹാപ്രളയത്തില്‍ ഏഴു കടകളില്‍ വെള്ളം കയറി നാശനഷ്ടം നേരിട്ട എബി സ്റ്റീഫനും കുടുംബവും റാന്നി താലൂക്ക് ഓഫിസ് പടിക്കല്‍ ഉപവാസസമരം നടത്തുകയാണ്. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ചതിലുള്ള പ്രതിഷേധമാണ് എബിയുടെ സമരത്തിനു കാരണം. മഹാപ്രളയത്തെ തുടര്‍ന്നു വന്‍തോതില്‍ നാശനഷ്ടം നേരിട്ടത് വ്യാപാരിസമൂഹത്തിനാണ്. ഓണം, ബലിപെരുന്നാള്‍ സീസണ്‍ മുന്നില്‍ക്കണ്ട് വന്‍തോതിലാണ് വ്യാപാരികള്‍ സാധനങ്ങള്‍ ഇറക്കിയിരുന്നത്. ഇവയെല്ലാം പൂര്‍ണമായും നശിച്ചു. പ്രളയം ഏറെ നാശം വിതച്ച റാന്നി ടൗണിലെ കച്ചവടസ്ഥാപനങ്ങള്‍ ഇനിയും പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടില്ല. റാന്നിയിലെ 700 ഓളം കടകളെയാണ് പ്രളയം ബാധിച്ചത്. ഇതില്‍ 100ല്‍ താഴെ വ്യാപാരികള്‍ക്കു മാത്രമേ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളൂ. 30 ശതമാനം വ്യാപാരികള്‍ ഇപ്പോഴും വ്യാപാരം പുനരാരംഭിച്ചിട്ടില്ല. വ്യാപാരികള്‍ക്കുണ്ടായ നഷ്ടത്തിന്റെ കണക്കെടുപ്പുപോലും നടത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് എ ജെ ഷാജഹാന്‍ പറയുന്നു. നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നു മാത്രമല്ല, വ്യാപാരികള്‍ക്ക് വായ്പ അനുവദിക്കാന്‍പോലും തയ്യാറാവുന്നില്ല. നിലവിലുള്ള വായ്പകളില്‍ ജപ്തി നോട്ടീസ് അടക്കം അയച്ച് ബാങ്കുകള്‍ നടപടികള്‍ തുടരുകയുമാണ്. ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന കാര്യത്തിലും ബാങ്കുകള്‍ ഉദാരസമീപനം കൈക്കൊണ്ടിട്ടില്ല. ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചമൂലം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാത്തവരുമുണ്ട്. വ്യാപാരികളുടെ നഷ്ടപ്പെട്ട സ്‌റ്റോക്ക് സര്‍ക്കാര്‍ ഉറപ്പാക്കുക, ജിഎസ്ടിയില്‍ വാങ്ങിയ സാധനങ്ങളുടെ നികുതി ഇളവു ചെയ്യുക, പ്രളയബാധിത സ്ഥാപനങ്ങളിലെ ജോലിയില്ലാതായ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തികസഹായം അനുവദിക്കുക, ബാങ്ക് വായ്പ മൊറട്ടോറിയം സമയത്തെ പലിശ സബ്‌സിഡിയായി അനുവദിക്കുക, ഇന്‍ഷുറന്‍സ് അനുവദിച്ചിട്ടുള്ള വ്യാപാരികളുടെ നഷ്ടപരിഹാരം ഉടന്‍ അനുവദിക്കുക, എംഎല്‍എ ഫണ്ടില്‍ നിന്നു വ്യാപാരികളെ സഹായിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വ്യാപാരികള്‍ മുന്നോട്ടുവയ്ക്കുന്നത്.
പ്രളയം മൂലം 1,810 കോടി രൂപയുടെ നാശനഷ്ടമാണ് ജില്ലയിലെ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും മാത്രം നേരിടേണ്ടിവന്നത്. സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരിട്ട നാശനഷ്ടം സംബന്ധിച്ച പൂര്‍ണ വിവരം ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. അതുകൂടി പുറത്തുവരുമ്പോ ള്‍ നഷ്ടക്കണക്കിന്റെ തോത് ഭീകരമായിരിക്കും. കൃഷിവകുപ്പ് 66.03 കോടി, മൃഗസംരക്ഷണം 16.89 കോടി, സപ്ലൈകോ 8.32 കോടി, പൊതുവിതരണ വകുപ്പ് ഒരുകോടി, പൊതുമരാമത്ത് നിരത്ത് 446 കോടി, പൊതുമരാമത്ത് കെട്ടിടവിഭാഗം 2.96 കോടി, വൈദ്യുതി വകുപ്പ് 33 കോടി, ജലസേചന വകുപ്പ് 50 കോടി, വാട്ടര്‍ അതോറിറ്റി 69 കോടി, വാട്ടര്‍ അതോറിറ്റി പിഎച്ച് ഡിവിഷന്‍ 70 കോടി, മൈനര്‍ ഇറിഗേഷന്‍ 36.3 കോടി, പഞ്ചായത്തുകള്‍ 159 കോടി, മുനിസിപ്പാലിറ്റികള്‍ 65.3 കോടി, ഫിഷറീസ് 3.94 കോടി, കെഎസ്ആര്‍ടിസി 1.65 കോടി, മറ്റ് ഏജന്‍സികള്‍ 781.59 കോടി രൂപ എന്നിങ്ങനെയാണ് നഷ്ടം സംഭവിച്ചത്. ജില്ലയിലെ 53 ഗ്രാമപ്പഞ്ചായത്തുകളില്‍ 18 പഞ്ചായത്തുകളെ പൂര്‍ണമായും 27 പഞ്ചായത്തുകളെ ഭാഗികമായും പ്രളയം ബാധിച്ചു. 51,868 വീടുകളും 2,944 ഓഫിസുകളും 821 പൊതുസ്ഥലങ്ങളും 36,352 കിണറുകളും പ്രളയത്തില്‍ ചളിനിറഞ്ഞ് നാശോന്‍മുഖമായി. റാന്നി താലൂക്കിലെ പെരുനാട് ബിമ്മരം, കോന്നി താലൂക്കിലെ ചിറ്റാര്‍ വില്ലേജിലുള്ള വയ്യാറ്റുപുഴ, മീന്‍കുഴി എന്നീ ജനവാസകേന്ദ്രങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. വനമേഖലകളില്‍ 14 സ്ഥലങ്ങളിലും ഉരുള്‍പൊട്ടല്‍ ഉണ്ടായി. 1,696 ദുരിതാശ്വാസ ക്യാംപുകളിലായി 58,087 കുടുംബങ്ങളിലെ 1,33,077 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 20.97 കോടി രൂപ ചെലവഴിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.

(അവസാനിക്കുന്നില്ല)

സംയോജനം: ഇ ജെ ദേവസ്യ
റിപോര്‍ട്ട്: എച്ച് സുധീര്‍

Next Story

RELATED STORIES

Share it