palakkad local

പണമില്ലെങ്കിലും ഭക്ഷണം കഴിക്കാന്‍ പദ്ധതിയുമായി സാബിത് കൂറ്റനാട്

പട്ടാമ്പി: കയ്യില്‍ പണമില്ലെങ്കിലും ഇനി കൂറ്റനാട് സെന്ററില്‍ എത്തുന്നവര്‍ ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടേണ്ട. ഇവര്‍ക്ക് ഭക്ഷണം നല്‍കാന്‍ പുതിയ പദ്ധതിയൊരുക്കുകയാണ് സാബിത് എ വി കൂറ്റനാട്. കൂറ്റനാട് ഗുരുവായൂര്‍ റോഡിലെ മെന്‍ ഷെയര്‍ തുണിക്കടക്ക് മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ കൗണ്ടറിലാണ് ഭക്ഷണം ഒരുക്കുക. ആവശ്യക്കാര്‍ക്ക് ഇതില്‍ നിന്നും സൗജന്യമായി ഭക്ഷണം എടുക്കാം.
ധാന്‍ ( പ്രതീക്ഷകള്‍ക്ക് ഒരു കൈത്താങ്ങ്) എന്ന പേരിലാണ് പദ്ധതി ഒരുക്കിയിട്ടുള്ളത്. പാവപ്പെട്ട ആളുകള്‍ക്ക് ആഹാരം നല്‍കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് ഇതില്‍ ഭക്ഷണം കൊണ്ട് വെക്കുകയും ചെയ്യാം. ഹോട്ടലുകാര്‍ക്കും, കടക്കാര്‍ക്കുമൊക്കെ തങ്ങളാലാവുന്ന ഭക്ഷണം ഇതിലൂടെ ദാനം ചെയ്യാനുമാവും. ഇങ്ങനെ ഒരുക്കുന്ന ഭക്ഷണം ആവശ്യക്കാര്‍ കൊണ്ടു പോവുന്നില്ലെങ്കില്‍ ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കാനും സംവിധാനം ഒരുക്കും. ഭക്ഷണ സാധനങ്ങള്‍ അന്നന്ന് തന്നെ നീക്കം ചെയ്യും. ഇതിനെ ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നറിയാന്‍ ക്യാമറ സംവിധാനവും ഒരുക്കും. യുഎയില്‍ ബിസിനസ്സ് നടത്തുന്ന സാബിത് നാട്ടില്‍ നന്മയുടെ കൈത്തിരി കൊളുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.കോഴിക്കോടും തലശ്ശേരിയിലെയും ഇത്തരം പ്രവര്‍ത്തനം കണ്ടതാണ് സാബിതിന് പ്രചോദനമായത്.
6 മാസമായി സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവമായ സാബിത് കൂറ്റനാട് എവി വെജിറ്റബിള്‍സ് എന്ന സ്ഥാപനം നടത്തുന്ന എവിമുഹമ്മദ് എന്ന മാനുവിന്റെ മകനാണ്. ധാനിന്റെ ലോഗോ കഴിഞ്ഞ ദിവസം ചാലിശ്ശേരി എസ്‌ഐ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തിരുന്നു.സാബിതിന് പിന്‍തുണയുമായി സുഹൃത്ത് അന്‍ഷാദ് പട്ടാമ്പിയും രംഗത്തുണ്ട്. പല സുഹൃത്തുക്കളും ഓണ്‍ലൈനില്‍ സഹകരണം വാഗ്ദാനം ചെയ്തതായി സാബിത്തും അന്‍ഷാദും പറഞ്ഞു.
Next Story

RELATED STORIES

Share it