Flash News

പഠിക്കാന്‍ പോവാതെ, പട്ടിണി കിടന്ന് തുരുത്തിയിലെ കുട്ടികള്‍

പാപ്പിനിശ്ശേരി (കണ്ണൂര്‍): പാപ്പിനിശ്ശേരി തുരുത്തിയിലെ പട്ടികജാതി കുടുംബങ്ങളിലെ കുട്ടികള്‍ ഇന്നലെ സ്‌കൂളില്‍ പോയില്ല. പകരം പട്ടിണി കിടക്കുകയായിരുന്നു, സമരപ്പന്തലില്‍. ദേശീയപാത വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലായ കുടുംബങ്ങളിലെ പുതുതലമുറയാണ് കുടില്‍കെട്ടി സമരം ചെയ്യുന്ന രക്ഷിതാക്കള്‍ക്കൊപ്പം പന്തലില്‍ രാവിലെ 9 മുതല്‍ സ്‌കൂള്‍ പഠനം മുടക്കി പ്രതിഷേധത്തിനു പുത്തനുണര്‍വ് പകര്‍ന്നത്.
വീടില്ലാത്ത ഞങ്ങള്‍ എന്തിനു പഠിക്കണമെന്ന ഇവരുടെ ചോദ്യത്തിനു മുന്നില്‍ ജില്ലാ ഭരണകൂടവും സര്‍ക്കാരും കാണിക്കുന്നത് തികഞ്ഞ ധാര്‍ഷ്ട്യം തന്നെയാണ്. 20ഓളം വിദ്യാര്‍ഥികളാണ് ഇന്നലെ പകല്‍ മുഴുവന്‍ പട്ടിണി സമരം നടത്തിയത്. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയായിരുന്നു സമരം. കോഴിക്കോട് കെഎംസിടി കോളജ് ബിഡിഎസ് വിദ്യാര്‍ഥിനി അനുപമ അനില്‍കുമാര്‍, എസ്എസ്എല്‍സി വിദ്യാര്‍ഥികളായ ടി സ്—ന്യൂപിയ, അനശ്വര വേലായുധന്‍, അശ്വതി വേലായുധന്‍, പ്ലസ് ടു വിദ്യാര്‍ഥിനി നിമാ വേലായുധന്‍, ഏഴാംതരം വിദ്യാര്‍ഥി പി ശോണിമ, ആറാംതരം വിദ്യാര്‍ഥികളായ സി എ പൂജ, അനുചന്ദ്, അമല്‍, അഭിരാം എന്നിവരാണ് പട്ടിണി സമരത്തില്‍ അണിനിരന്നത്.
ദേശീയപാതയ്ക്കു വേണ്ടി ആദ്യം തയ്യാറാക്കിയ രൂപരേഖ വിഐപികളെ സംരക്ഷിക്കാന്‍ വേണ്ടി മാറ്റിയതോടെയാണ് തുരുത്തി കോളനിയിലെ കുടുംബങ്ങളുടെ നിലനില്‍പ് ഭീഷണിയിലായത്. പട്ടികജാതി സംഘടനകളുമായി ചേര്‍ന്ന് നിരവധി പ്രക്ഷോഭങ്ങളാണ് പ്രദേശവാസികള്‍ നടത്തിവരുന്നത്.
നേരത്തേ കലക്ടറേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണയിലും മാര്‍ച്ചിലും വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നു. പഠനം ഉപേക്ഷിച്ച് വിദ്യാര്‍ഥികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വിവിധ സംഘടനകളും രംഗത്തെത്തി. തുരുത്തി കോളനി സമര സമിതിയുടെ കുടില്‍കെട്ടി സമരം 43 ദിവസം പിന്നിട്ടു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്്ദുല്‍ ജബ്ബാര്‍ സമരപ്പന്തലിലെ വിദ്യാര്‍ഥിനികള്‍ക്ക് ഹാരാര്‍പ്പണം നടത്തി ഉദ്ഘാടനം ചെയ്തു. നിശില്‍ കുമാര്‍, കെ സിന്ദു, പത്മനാഭന്‍ മൊറാഴ, രമേശന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it