പട്ടികവിഭാഗ നിയമം: കേരളമടക്കം നാലു കക്ഷികള്‍ കൂടി സുപ്രിംകോടതിയില്‍ ഭേദഗതി വേണ്ട

ന്യൂഡല്‍ഹി: എസ്‌സി-എസ്ടി അതിക്രമം തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിച്ചുകൊണ്ട് സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരേ കേരളമടക്കം നാലു കക്ഷികള്‍ കൂടി പുനഃപരിശോധനാ ഹരജികള്‍ ഫയല്‍ ചെയ്തു. നിയമം ഭേദഗതി ചെയ്ത് സുപ്രിംകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ എസ്‌സി-എസ്ടി വിഭാഗക്കാര്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചുവെന്നാണ് കേരളം നല്‍കിയ ഹരജിയില്‍ പറയുന്നത്.
ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമായേക്കാവുന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് സ്റ്റാന്റിങ് കോണ്‍സല്‍ ജി പ്രകാശ് മുഖേന സമര്‍പ്പിച്ച ഹരജിയില്‍ കേരളം ചൂണ്ടിക്കാട്ടുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിനു പുറമേ മധ്യപ്രദേശ് ബഹുജന്‍ സംഘര്‍ഷ് ദള്‍, മധ്യപ്രദേശ് എസ്ടി എംപ്ലോയീസ് യൂനിയന്‍, നാഷനല്‍ എസ്‌സി-എസ്ടി യൂത്ത് അസോസിയേഷന്‍ എന്നിവരും ഇന്നലെ സുപ്രിംകോടതിയില്‍ പുനഃപരിശോധനാ ഹരജി നല്‍കിയിട്ടുണ്ട്.
മാര്‍ച്ച് 20ലെ സുപ്രിംകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. പട്ടികവിഭാഗക്കാര്‍ക്കെതിരേ ഉണ്ടാകുന്ന ലൈംഗിക അതിക്രമം, മര്‍ദനം, കൊലപാതകം, ആസിഡ് ആക്രമണം തുടങ്ങിയ കേസുകളില്‍ അടിയന്തരമായി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കേണ്ടതുണ്ട്. എന്നാല്‍, സുപ്രിംകോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഇരകളെ ഭീഷണിപ്പെടുത്താനും ശരിയായ അന്വേഷണം തടസ്സപ്പെടാനും അതുവഴി ഇരകള്‍ക്ക് നീതി ലഭ്യമാവാതിരിക്കാനും സാധ്യത കൂടുതലാണ്.
പ്രാഥമിക അന്വേഷണത്തിന്റെ പേരില്‍ പ്രതികളുടെ അറസ്റ്റ് ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്നും കേരളം നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടു. സുപ്രിംകോടതി വിധി ദുരുപയോഗം ചെയ്യപ്പെടാനും നീതി ലഭിക്കുന്നത് വൈകാനും കാരണമാവുമെന്ന്, ദലിതുകള്‍ക്കു നേരെയുള്ള ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പലപ്പോഴായുള്ള വിവിധ ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി കേരളം ഹരജിയില്‍ പറയുന്നു.
ഈ വിഭാഗക്കാര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ നിലവില്‍ നിയമം ഉണ്ടെങ്കിലും അതിക്രമങ്ങള്‍ വര്‍ധിച്ചുവരുകയാണെന്ന് നാഷനല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പരാമര്‍ശിച്ച് ഹരജിയില്‍ വ്യക്തമാക്കുന്നുണ്ട്.
ബ്യൂറോയുടെ കണക്കു പ്രകാരം 2016ല്‍ പട്ടികവിഭാഗക്കാര്‍ക്കു നേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 47,338 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 24.9 ശതമാനം കേസുകളില്‍ മാത്രമേ പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. 89.3 ശതമാനം കേസുകളും ഇപ്പോഴും വിവിധ കോടതികളില്‍ കെട്ടിക്കിടക്കുകയാണ്.
എസ്‌സി-എസ്ടി നിയമത്തിലെ 18ാം വകുപ്പ് ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങളുടെ ലംഘനമല്ലെന്ന് ഉത്തരവില്‍ സുപ്രിംകോടതി തന്നെ വ്യക്തമാക്കിയതാണ്. 1989ലെ നിയമം ദുര്‍ബലപ്പെടുത്തുന്നത് ഈ വിഭാഗക്കാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള സംവിധാനങ്ങളെ തകര്‍ക്കും. സുപ്രിംകോടതിയുടെ പുതിയ ഉത്തരവ് പട്ടികവര്‍ഗക്കാര്‍ക്കെതിരായ മറ്റ് അതിക്രമക്കേസുകളില്‍ കൂടി പ്രയോഗിച്ചാല്‍ ദുരുപയോഗം ഉണ്ടാകുമെന്നും കേരളം ഹരജിയില്‍ വാദിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it