പട്ടികജാതി, വര്‍ഗ കമ്മീഷന്‍ തെളിവെടുത്തു

കൊച്ചി: ജാതിമതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് സംഘര്‍ഷം നിലനില്‍ക്കുന്ന വടയമ്പാടിയില്‍ സംസ്ഥാന പട്ടികജാതി, വര്‍ഗ കമ്മീഷന്‍ തെളിവെടുപ്പ് നടത്തി. കമ്മീഷന്‍ അംഗം എസ് അജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു സംഘം ഇന്നലെ രാവിലെ 11 ഓടെ സ്ഥലം സന്ദര്‍ശിച്ചത്്. രണ്ടര മണിക്കൂറോളം സ്ഥലത്ത് ചെലവഴിച്ച കമ്മീഷന്‍ പ്രദേശത്തെ കോളനിവാസികളില്‍ നിന്നും സമരസമിതി നേതാക്കളില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചു. തങ്ങള്‍ക്കെതിരേ ഉണ്ടായ പോലിസിന്റെ ക്രൂരമായ പീഡനങ്ങളെ കുറിച്ചും ജാതി അയിത്തങ്ങളെ കുറിച്ചും സമരക്കാരും കോളനിവാസികളും കമ്മീഷനെ ബോധിപ്പിച്ചു. കോളനിവാസികള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പൊതുകിണര്‍ മലിനമാക്കുന്നതു സംബന്ധിച്ചും ഇവര്‍ കമ്മീഷനെ ബോധിപ്പിച്ചു. തുടര്‍ന്ന് ഇവിടവും കമ്മീഷന്‍ സന്ദര്‍ശിച്ചു.വടയമ്പാടി വിഷയത്തില്‍ പോലിസ് ഏകപക്ഷീയമായ നിലപാടാണ് സ്വീകരിച്ചതെന്ന്് ബോധ്യപ്പെട്ടതായി കമ്മീഷന്‍ അംഗം എസ് അജയകുമാര്‍ തേജസിനോട് പറഞ്ഞു. സര്‍ക്കാരിന്റെ നയത്തിനു വിപരീതമായിട്ടാണ് പോലിസ് വടയമ്പാടിയിലെ വിഷയത്തില്‍ പെരുമാറിയത്. പ്രത്യേകിച്ച് സ്ത്രീകളോടും മറ്റും പോലിസ് സ്വീകരിച്ച നിലപാട് അംഗീകരിക്കാനാവാത്തതാണ്. ഇതു ഗൗരവതരമാണ്്. പോലിസ് പക്ഷം പിടിച്ചുള്ള സമീപനമാണ് കൈക്കൊണ്ടതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നു വ്യക്തമായത്. സംഭവവുമായി ബന്ധപ്പെട്ട് കമ്മീഷന് സ്വീകരിക്കാന്‍ പറ്റുന്ന നടപടികള്‍ സ്വീകരിക്കുകയും അന്വേഷണത്തില്‍ വ്യക്തമാവുന്ന കാര്യങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യുമെന്നും എസ് അജയകുമാര്‍ പറഞ്ഞു. അന്തിമ റിപോര്‍ട്ട് നല്‍കുന്നതിനു മുമ്പായി വീണ്ടും വടയമ്പാടിയില്‍ സന്ദര്‍ശനം നടത്തും. വടയമ്പാടി മൈതാനത്തിന്റെ പട്ടയം ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധനയ്ക്ക് ഹാജരാക്കാന്‍ സമരസമിതി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം 17നു മുമ്പ് രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും എസ് അജയകുമാര്‍ പറഞ്ഞു.അതേസമയം ക്ഷേത്രസംരക്ഷണം എന്ന പേരില്‍ സംഘപരിവാരത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്താനിരുന്ന കണ്‍വന്‍ഷനില്‍ നിന്നും എന്‍എസ്എസ് പിന്‍മാറി. എന്‍എസ്എസ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പിന്‍മാറ്റമെന്നാണ് വിവരം.
Next Story

RELATED STORIES

Share it