പട്ടാളവിപ്ലവത്തിനിടെ ഒരു അര്‍ജന്റീനന്‍ വിപ്ലവം

എം  എം   സലാം
റഷ്യന്‍ ലോകകപ്പില്‍ പുറത്താകലിന്റെ വക്കില്‍ നിന്ന് ഇത്തവണ മെസ്സിയും സംഘവും പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറുമ്പോള്‍ കാല്‍പ്പന്തുകളിയുടെ ചരിത്രം അറിയുന്നവര്‍ക്ക് അതില്‍ പുതുമകളൊന്നുമില്ല. ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് കളിച്ച രാജ്യങ്ങളിലൊന്നായ അര്‍ജന്റീന ഇതിനു മുമ്പും ആദ്യ റൗണ്ടിലെ പുറത്താകലിന്റെ വക്കില്‍ നിന്നു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍െത്തഴുന്നേറ്റ് മിന്നും പ്രകടനം കാഴ്ചവച്ച ചരിത്രങ്ങള്‍ ഒരുപാടുണ്ട്.
അര്‍ജന്റീനയുടെ കാല്‍പ്പന്തുകളി ചരിത്രത്തിലെ ഏറ്റവും പ്രധാന നേട്ടങ്ങളിലൊന്നാണ് 1978ല്‍ സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ ലോകകപ്പില്‍ മുത്തമിട്ടത്. നിരവധി പ്രതിസന്ധികള്‍ക്കിടയിലാണ് അന്ന് അര്‍ജന്റീന ലോകകപ്പിന് ആതിഥ്യമരുളുന്നത്. ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് 1976ല്‍ അര്‍ജന്റീനയില്‍ പട്ടാളവിപ്ലവം അരങ്ങേറുന്നത്. വിപ്ലവത്തിന്റെ അലയൊലികള്‍ അടങ്ങാത്തതിനാല്‍ യോഗ്യത നേടിയ പല രാജ്യങ്ങള്‍ക്കും ടൂര്‍ണമെന്റില്‍ പങ്കെടുക്കണമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായി. ഒടുവില്‍ എല്ലാവരും പങ്കെടുക്കാന്‍ തന്നെ തീരുമാനിക്കുകയും ചെയ്തു. ഹോളണ്ട് കളിക്കാന്‍ തീരുമാനിച്ചെങ്കിലും അവരുടെ ഇതിഹാസ താരമായ യോഹാന്‍ ക്രൈഫ് വിട്ടുനിന്നു.
ഇറാന്‍, തുണീസ്യ എന്നീ രാജ്യങ്ങള്‍ ആദ്യമായി പങ്കെടുക്കുന്ന ലോകകപ്പും ഇതായിരുന്നു. ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിനു യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇതിഹാസ താരം മിഷേല്‍ പ്ലാറ്റിനിയെപ്പോലുള്ളവര്‍ ടീമില്‍ ഉണ്ടായിരുന്നെങ്കിലും ഫ്രാന്‍സിനും മുന്നേറാന്‍ കഴിഞ്ഞില്ല. അര്‍ജന്റീനയോടും ഇറ്റലിയോടും തോറ്റ് അവര്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. യോഹാന്‍ ക്രൈഫിന്റെ അഭാവത്തിലും ഓസ്ട്രിയയെ 5-1നും ഇറ്റലിയെ 2-1നും ഹോളണ്ട് പരാജയപ്പെടുത്തി. പശ്ചിമ ജര്‍മനിയെ 22ന് സമനിലയിലും കുരുക്കി അവര്‍ ഫൈനലില്‍ കടന്നു.
മറുവശത്ത് അര്‍ജന്റീനക്ക് ഫൈനലില്‍ കടക്കണമെങ്കില്‍ പെറുവിനെ നാലു ഗോള്‍ വ്യത്യാസത്തില്‍ തോല്‍പിക്കണമായിരുന്നു. എന്നാല്‍, ഫൈനലില്‍ കടക്കാന്‍ സാധ്യതയുണ്ടായിരുന്ന ബ്രസീലിന്റെ പ്രതീക്ഷകളെ തകര്‍ത്തുകൊണ്ട് പെറുവിന്റെ വലയില്‍ അര്‍ജന്റീന ആറു ഗോള്‍ നിറച്ചു.
ഈ മല്‍സരഫലം വിവാദമായി. പെറുവിന്റെ ഗോള്‍കീപ്പറായിരുന്ന റാമോണ്‍ ക്വിറോയുടെ ജന്മദേശം അര്‍ജന്റീനയായിരുന്നു. അതിനാല്‍ അര്‍ജന്റീനയെ ഫൈനലില്‍ എത്തിക്കാന്‍ അയാള്‍ ആറു ഗോള്‍ വഴങ്ങിയെന്നായിരുന്നു ആരോപണം. ഉയര്‍ന്നത്. ഇത്തവണത്തെ റഷ്യന്‍ ലോകകപ്പിനു തൊട്ടുമുമ്പും തങ്ങളുടെ താരങ്ങളെ വിലയ്‌ക്കെടുത്താണ് ലോകകപ്പ് സ്വന്തമാക്കിയതെന്ന ആരോപണവുമായി പെറുവിയന്‍ ഇതിഹാസ താരം ജോസ് വലസ്‌കസ് രംഗത്തെത്തിയിരുന്നു. ഇതിനായി ആറു പെറു താരങ്ങളെ അര്‍ജന്റീന വിലയ്‌ക്കെടുക്കുകയായിരുന്നെന്നും ഇതാണ് പെറുവിന്റെ കൂറ്റന്‍ തോല്‍വിക്ക് വഴിവച്ചതെന്നുമാണ് വലസ്‌കസ് ആരോപിച്ചത്.
എന്നാല്‍, ഡാനിയേല്‍ പാസറെല്ലയും മരിയോ കെമ്പസും അടങ്ങുന്ന അര്‍ജന്റീന മിന്നും ഫോമിലായിരുന്നു. ഫൈനലില്‍ ഹോളണ്ടിനെയാണ് അര്‍ജന്റീനയ്ക്ക് നേരിടേണ്ടിയിരുന്നത്. ഫൈനലില്‍ ഹോളണ്ടിനെ മറികടന്ന് അര്‍ജന്റീന ആദ്യമായി കിരീടത്തില്‍ കൈയൊപ്പ് ചാര്‍ത്തി. ആറു ഗോള്‍ നേടിയ മരിയോ കെമ്പസായിരുന്നു ടോപ് സ്‌കോറര്‍.
Next Story

RELATED STORIES

Share it