palakkad local

പട്ടാമ്പി റെയില്‍വേ സ്റ്റേഷന്‍ ലഹരി മാഫിയയും സാമൂഹിക വിരുദ്ധരും താവളമാക്കി

പട്ടാമ്പി: സാമൂഹിക വിരുദ്ധരുടെ താവളമാണ് പട്ടാമ്പി റെയിവേ സ്‌റ്റേഷന്‍ പരിസരം. ഉപയോഗശൂന്യമായി തകര്‍ന്ന് കിടക്കുന്ന റെയിവേ ക്വാര്‍ട്ടേഴ്‌സുകളും പരിസരവും ഇത്തരക്കാരുടെ വിളനിലമാണിപ്പോള്‍. പോലിസും എക്‌സെസും ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും മാഫിയകളെ പൂര്‍ണമായും നിലയ്ക്ക്‌നിര്‍ത്താനാവുന്നില്ല. പട്ടാമ്പി, ഷൊര്‍ണ്ണൂര്‍ നഗരസഭകളും മുതുതല, പരുതൂര്‍, തിരുവേഗപ്പുറ, കൊപ്പം, വിളയും, ഓങ്ങല്ലൂര്‍, വല്ലപ്പുഴ, കുലുക്കല്ലൂര്‍ എന്നീ പഞ്ചായത്തുകളും അടങ്ങുന്നതാണ് എക്‌സെസിന്റെ പട്ടാമ്പി റെയ്ഞ്ച് പരിധി. കഴിഞ്ഞ വര്‍ഷം ഇവിടെ 185 അബ്കാരി കേസുകളും 13 കഞ്ചാവ് കേസുമാണ് റിപോര്‍ട്ട് ചെയ്തത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കേസ് റജിസ്റ്റര്‍ ചെയ്ത റേഞ്ച് പട്ടാമ്പിയാണ്. 22 ലിറ്റര്‍ വാറ്റ് ചാരായം, 679 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 2262 ലിറ്റര്‍ വാഷ്, 67.26 ലിറ്റര്‍ ഗോവന്‍ മദ്യം കൂടാതെ 5 കിലോ 413 ഗ്രാം കഞ്ചാവ്, 500 കിലോ സര്‍ക്കാര്‍ നിരോധിത പുകയില എന്നിവയാണ് 2017ല്‍ മാത്രം പട്ടാമ്പി എക്‌സെസ് പിടികൂടിയത്.ഈ വര്‍ഷം 9 അബ്ക്കാരി കേസും ഒരു കഞ്ചാവു കേസും റിപോട്ട് ചെയ്തു കഴിഞ്ഞു. കൂടാതെ നൈട്രോസ്പാം ഗുളിക 81 എണ്ണവും പിടികൂടി. പട്ടാമ്പി പോലിസ് സ്‌റ്റേഷനില്‍ പോയ വര്‍ഷം 12 അബ്ക്കാരി കേസും 6 കഞ്ചാവ് കേസും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊതുസ്ഥാലത്ത് കഞ്ചാവ് ഉപയോഗിച്ചതിന് നിരവധി പേര്‍ക്കെതിരേ വേറെയും കേസുകളുണ്. 29.-35 ലിറ്റര്‍ മദ്യവും 40.31 കിലോ കഞ്ചാവുമാണ് പിടികൂടിയത്. നിരോധിത പുകയിലയും പിടിക്കപ്പെട്ടിട്ടുണ്ട്. എല്ലാ പ്രദേശങ്ങളിലും ലഹരി ഉല്‍പന്നങ്ങളുടെ വിപണനം നടക്കുന്നുണ്ടെങ്കാലും കൊപ്പം, പട്ടാമ്പി, ഷൊര്‍ണ്ണൂര്‍ മേഖലകളില്‍ നിന്നാണ് കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നത്.വിദ്യാലയങ്ങളും അവയുടെ പരിസരങ്ങളും തന്നെയാണ് ലഹരി വില്‍പനക്കായി മാഫിയാസംഘം ഉപയോഗപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം മുതുതല യുപി സ്‌കൂളിന് സമീപം ഒരാളെ പോലിസ് പിടികൂടിയിരുന്നു. പുറത്തു നിന്നും എത്തിയ വിദ്യാര്‍ഥികള്‍ ഇടനിലക്കാരനില്‍ നിന്നും കഞ്ചാവ് വാങ്ങുന്നതിനിടെ അവരറിയാതെ അവര്‍ക്കൊപ്പം എത്തിയ ബന്ധുക്കള്‍ ഇടനിലക്കാരനെ പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുന്ന സംഭവമുണ്ടായി.
Next Story

RELATED STORIES

Share it