palakkad local

പട്ടാമ്പി മല്‍സ്യ മാര്‍ക്കറ്റ് പരിസരം മലിനമയം

പട്ടാമ്പി: സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ നിര്‍മിച്ച പട്ടാമ്പിയിലെ ആധുനിക മല്‍സ്യ മാര്‍ക്കറ്റില്‍ നിന്നും പുറംതള്ളുന്ന മലിനജലം സമീപത്തെ പാടത്ത് തളം കെട്ടിക്കിടക്കുന്നത് രോഗഭീതി പരത്തുന്നു. മഴ കനത്തതോടെ മലിനജല പ്രവാഹം കണ്ടം തോട്ടിലേക്കും തുടര്‍ന്ന് നിളാ നദിയിലേക്കും ഒഴുകുന്നു. ഒരു വര്‍ഷം മുമ്പാണ് ആധുനിക  മല്‍സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങിയത്. ആരംഭത്തില്‍ മാലിന്യ സംസ്‌കരണ പ്ലാന്റടക്കമുള്ള ആധുനിക മല്‍സ്യ മാര്‍ക്കറ്റ് എന്നാണ് അധികൃതര്‍ അവകാശപ്പെട്ടിരുന്നതെങ്കിലും ഇപ്പോള്‍ ഇവിടത്തെ മാലിന്യം മുഴുവന്‍ സംസ്‌കരിക്കാന്‍ കഴിയാതെ പുറത്തേക്കാണ് ഒഴുക്കുന്നത്.
കുറച്ചു നാള്‍ മുമ്പ് മാര്‍ക്കറ്റിന് പുറകിലത്തെ പാടത്തേക്ക് മലിനജലം ഒഴുകുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അന്ന് മലിനജലം ശേഖരിക്കാന്‍ നഗരസഭ കോണ്‍ക്രീറ്റ് ടാങ്ക് നിര്‍മിച്ചു. എന്നാല്‍ ഇപ്പോള്‍ ടാങ്ക് നിറഞ്ഞും പൈപ്പ് പൊട്ടിയുമാണ് മലിനജലം പുറത്തേക്കൊഴുകുന്നത്. അസഹ്യമായ ദുര്‍ഗന്ധമാണ് ഇവയില്‍ നിന്നും വമിക്കുന്നത്.
മഴക്കാലമായതിനാല്‍ മാലിന്യത്തില്‍ നിന്നും പകര്‍ച്ച വ്യാധികള്‍ പടരാനുള്ള സാധ്യതയുമുണ്ട്. മഴ പെയ്തതോടെ മലിനജലം തോടിലൂടെ പുഴയിലേക്കും മറ്റു പ്രദേശങ്ങളിലേക്കും ഒഴുകുകയാണ്. സാംക്രമിക രോഗ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് അധികൃതര്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേ സമയം നഗരസഭയും മത്സ്യ വ്യാപാരികളും തമ്മില്‍ വാടക കുടിശ്ശിക തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
ഇതിനെ തുടര്‍ന്ന്  നിരവധി പേരുടെ വ്യാപാര ലൈസന്‍സ് നഗരസഭ റദ്ദാക്കി. ഉയര്‍ന്ന തുകക്ക് മുറി ലേലത്തിനെടുത്തവരാണ് വാടക നല്‍കാന്‍ കഴിയാതെ കുടിശ്ശിക വരുത്തിയത്. ഏറെക്കാലത്തെ വ്യവഹാരത്തിനു ശേഷമാണ് മാര്‍ക്കറ്റ് നിര്‍മിച്ചത്. എന്നാല്‍ വിവിധ തരത്തിലുള്ള വിവാദങ്ങള്‍ ഇപ്പോഴും പിന്തുടരുകയാണ്.
Next Story

RELATED STORIES

Share it