Kollam Local

പട്ടാപ്പകല്‍ ആര്‍എസ് പി നേതാവിന്റെ വീടിന് നേരെ ആക്രമണം



ചവറ: ആര്‍എസ്പി നേതാവിന്റെ വീട്ടിന് നേരെ ആക്രമണം. മാരകായുധങ്ങളുമായി എത്തിയ 25 ഓളം പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. കസേരകള്‍, വീട്ടിനു മുന്നിലുണ്ടായിരുന്ന ബൈക്ക്, സൈക്കിള്‍ എന്നിവ തകര്‍ത്തു. ആര്‍എസ്പി സംസ്ഥാന കമ്മിറ്റി അംഗവും ആര്‍വൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കരിത്തുറ കസ്പാര്‍ പുരയിടത്തില്‍ അഡ്വ. ജസ്റ്റിന്‍ ജോണിന്റെ വീട്ടിലാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ആക്രമണം ഉണ്ടായത്. സംഭവ സമയം ജസ്റ്റിന്റെ മാതാവ് ഡെയ്‌സി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിനു മുന്നിലെ ബഹളം കേട്ട് പുറത്തിറങ്ങിയപ്പോള്‍ മാരകായുധങ്ങളുമായി ഒരു സംഘം വീട്ടിലേക്ക് ഇരച്ചു കയറുകയായിരുന്നെന്ന് ഡെയ്‌സി പറഞ്ഞു. മകനെ തിരക്കിയ ഇവര്‍ കൊല്ലുമെന്ന് ആക്രോശിച്ചപ്പോള്‍ മകന്‍ ഇവിടെ ഇല്ലെന്ന് പറഞ്ഞങ്കിലും വീട്ടിനുള്ളിലേക്ക് തള്ളിക്കയറുകയായിരുന്നു. അക്രമികാരികളെ കണ്ട് ഭയന്ന് നിലവിളിച്ച ഡെയ്‌സി അടുക്കള വാതില്‍ വഴി പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തുമ്പോഴേക്കും അക്രമി സംഘം ബൈക്കുകളില്‍ കയറി രക്ഷപെട്ടു.  നീണ്ടകര ഗ്രാമപ്പഞ്ചായത്തംഗവും സിപിഎം പ്രവര്‍ത്തകനുമായ അന്റോണിയോ വില്യത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് നാട്ടുകാര്‍ സംഭവമറിഞ്ഞെത്തിയ പോലിസിനോട് പറഞ്ഞു. പരാതിയെ തുടര്‍ന്ന് അന്റോണിയോ വില്യത്തെ പോലിസ് കസ്റ്റഡിയിലെടുത്തു. ദിവസങ്ങള്‍ക്ക് മുമ്പ് ചവറ മുകുന്ദപുരത്ത് ആര്‍എസ്പി ജില്ലാ കമ്മിറ്റി അംഗത്തിന്റെ  വീട്ടില്‍ വഴി തര്‍ക്കത്തിന്റെ പേരില്‍ അക്രമം നടന്നിരുന്നു. ഏഴ് വീട്ടുകാരുടെ മതിലുകളും വേലികളുമാണ് തകര്‍ത്തത്. ഇതേ തുടര്‍ന്ന് അടുത്ത ദിവസം വൈകീട്ട് കൊട്ടുകാട്ടില്‍ ആര്‍എസ്പി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തത് ചവറ മണ്ഡലം സെക്രട്ടറിയുടെ ചാര്‍ജ് കൂടി വഹിക്കുന്ന ജസ്റ്റിന്‍ ജോണായിരുന്നു.  സിപിഎമ്മിനും ഏരിയാ സെക്രട്ടറിക്കും എതിരേ രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ നടത്തിയത്. ഇതിന്റെ പ്രതികാരമാണ് അക്രമത്തിന് പിന്നിലെന്ന് ജസ്റ്റിന്‍ ജോണ്‍ പറഞ്ഞു. സംഭവമറിഞ്ഞ് എത്തിയ ആര്‍എസ്പി പ്രവര്‍ത്തകര്‍ അക്രമത്തില്‍ പ്രതിഷേധിച്ച് ഐആര്‍ഇയിലേക്ക് മണ്ണുമായി വന്ന വാഹനങ്ങള്‍ തടഞ്ഞിട്ടു. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ്, എന്‍ കെ പ്രേമചന്ദ്രന്‍ എംപി എന്നിവരുള്‍പ്പടെയുള്ള നേതാക്കള്‍ സ്ഥലത്തെത്തിയിരുന്നു.ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപിയും ആര്‍എസ്പി ജില്ലാ സെക്രട്ടറി ഫിലിപ്പ് കെ തോമസും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it