Idukki local

പട്ടയ ഭൂമിയുടെ സര്‍വേ പൂര്‍ത്തിയാക്കാന്‍ 5000 രൂപ കൈക്കൂലി : സര്‍വേ സൂപ്രണ്ടിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു



നെടുങ്കണ്ടം: പട്ടയം നല്‍കുന്നതിനു സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ 5000 രൂപ കൈക്കുലി വാങ്ങിയ സര്‍വേ സൂപ്രണ്ടിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഉടുമ്പന്‍ചോല താലൂക്ക് സര്‍വേ സൂപ്രണ്ട് ഇന്‍ ചാര്‍ജ് കൊല്ലം കുമ്പളം അഖില്‍ഭവനില്‍ എല്‍ ടി പോള്‍കുമാറിനെയാണ് തൊടുപുഴ വിജിലന്‍സ് ഡിവൈഎസ്പി ജോണ്‍സണ്‍ ജോസഫും സംഘവും പിടികൂടിയത്. പുറ്റടി തണ്ടളത്ത് അജയനാണ് പരാതിക്കാരന്‍. 2010ലാണ് അജയന്‍ പിതാവിന്റെ പേരിലുള്ള 34 സെന്റ് സ്ഥലത്തിനു പട്ടയത്തിനായി അപേക്ഷ നല്‍കിയത്. തുടര്‍ന്ന അപേക്ഷ താലൂക്ക് സര്‍വേ സൂപ്രണ്ടിന്റെ അരികിലെത്തി. നിരവധി തവണ അജയന്‍ സര്‍വേ സൂപ്രണ്ട് ഓഫിസ് കയറി ഇറങ്ങിയിട്ടും പട്ടയം ലഭിച്ചില്ല. സര്‍വേ സൂപ്രണ്ട് ഓഫിസില്‍ നിന്ന് ഏഴുവര്‍ഷം കഴിഞ്ഞിട്ടും ഫയല്‍ തഹസില്‍ദാരുടെ പക്കലെത്തിയില്ല. ഏഴ് വര്‍ഷത്തിനിടെ 20 തവണയിലധികം നെടുങ്കണ്ടം മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സര്‍വേ സൂപ്രണ്ട് ഓഫിസിലെത്തിയിട്ടും നടപടിയുണ്ടായില്ല. ഇതിനിടെ നിരവധി തവണ അജയന്റെ 34 സെന്റ് സ്ഥലം പരിശോധിക്കാന്‍ സൂപ്രണ്ട് ഓഫിസില്‍ നിന്ന് ജീവനക്കാരെത്തുകയം ചെയ്തു. കഴിഞ്ഞ ദിവസം ഉടുമ്പന്‍ചോല മിനി സിവില്‍ സ്‌റ്റേഷനിലെ സര്‍വേ സൂപ്രണ്ട് ഓഫീസിലെത്തി പട്ടയം നല്‍കുന്നതിനുള്ള തടസ്സം ചോദിച്ചപ്പോള്‍ കാണേണ്ടര ീതിയില്‍ കാണാന്‍ പറഞ്ഞ് നമ്പര്‍ നല്‍കി. ഇതിനുശേഷം രണ്ട് തവണ അജയന്‍ ഫോണില്‍ സൂപ്രണ്ടിനെ ബന്ധപ്പെട്ടിരുന്നു. രണ്ട് ദിവസം മുമ്പ് സര്‍വേ സൂപ്രണ്ട് അജയനെ ഫോണില്‍ വിളിച്ച് 5000 രൂപയുമായി ഇന്നലെ രാവിലെ ഓഫിസിലെത്താനാണ് പറഞ്ഞത്. തുടര്‍ന്ന് അജയന്‍ വിവരങ്ങള്‍ തൊടുപുഴ വിജിലന്‍സ് ഡിവൈഎസ്പിയക്ക് കൈമാറി. ഇന്നലെ ഉച്ചയ്ക്ക് 12ന് 5000 രൂപ മിനി സിവില്‍ സ്‌റ്റേഷനു സമീപത്തെ ബാത്തുറൂമിനു പിന്നില്‍വച്ച് അജയനില്‍ നിന്ന് പോള്‍കുമാര്‍ വിജിലന്‍സ് നല്‍കിയ ഫിനോത്ഫലില്‍ പുരട്ടിയ പണം കൈപ്പറ്റുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്നലെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. വിജിലന്‍സ് സിഐ ടിപ്‌സണ്‍ ജെ മേക്കാടന്‍, അനില്‍ ജോര്‍ജ്, എസ്‌ഐ സുരേന്ദ്രന്‍, എഎസ്‌ഐ എംകെ മത്തായി,ഡാനിയേല്‍,രാജേഷ്, സാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it