പട്ടയവിതരണം കൂടുതല്‍ വേഗത്തിലാക്കും: റവന്യൂ മന്ത്രി

കട്ടപ്പന: ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 15,000ല്‍പരം പേര്‍ക്ക് പട്ടയം നല്‍കിയെന്നും അര്‍ഹതപ്പെട്ട ശേഷിക്കുന്നവര്‍ക്ക് വേഗത്തില്‍ പട്ടയം ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.
ഇരട്ടയാര്‍ സെന്റ് തോമസ് പാരിഷ് ഹാളില്‍ നടന്ന പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂണിലും ഡിസംബറിലും വിവിധ കേന്ദ്രങ്ങളില്‍ പട്ടയമേള സംഘടിപ്പിച്ച് വിതരണം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കും. 10 ചെയിന്‍ പ്രദേശത്ത് വൈദ്യുതി വകുപ്പിന്റെ അനുമതി ലഭിക്കുന്നതോടെ ശേഷിക്കുന്നവര്‍ക്കും പട്ടയം നല്‍കും. നിലവിലുള്ള പട്ടയങ്ങളിലെ പോരായ്മകള്‍ പലതും ഒഴിവാക്കിയുള്ള പട്ടയങ്ങളാണ് ഇപ്പോള്‍ നല്‍കുന്നത്. നേരത്തെയുള്ള വ്യവസ്ഥകള്‍ ഒഴിവാക്കി ഒരേക്കര്‍ പരിധി മാറ്റി. ഒരു ലക്ഷം എന്ന വരുമാനപരിധിയും എടുത്തുകളഞ്ഞു. 1964ലെ ചട്ടപ്രകാരം നല്‍കുന്ന പട്ടയങ്ങള്‍ 25 വര്‍ഷം കഴിഞ്ഞേ കൈമാറ്റം ചെയ്യാവൂ എന്ന വ്യവസ്ഥയും ഒഴിവാക്കി. കൈവശഭൂമിക്ക് ലഭിക്കുന്ന പട്ടയം യഥേഷ്ടം കൈമാറ്റം ചെയ്യാം. പുതിയ ഭൂമിക്ക് ലഭിക്കുന്ന പട്ടയങ്ങളിലെ കൈമാറ്റ പരിധി 25 വര്‍ഷം എന്നത് 12 വര്‍ഷമായി ചുരുക്കി. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇത്രയും പട്ടയങ്ങള്‍ തയ്യാറാക്കി വിതരണം ചെയ്യാന്‍ കഴിഞ്ഞത് റവന്യൂ ജീവനക്കാരുടെ കാര്യക്ഷമതയും കഠിനാധ്വാനവും കൊണ്ടാണെന്നു പറഞ്ഞ മന്ത്രി അവരെ പ്രത്യേകം അഭിനന്ദിച്ചു.
ചടങ്ങില്‍ വൈദ്യുതിമന്ത്രി എം എം മണി അധ്യക്ഷത വഹിച്ചു. അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി, എംഎല്‍എമാരായ ഇ എസ് ബിജിമോള്‍, റോഷി അഗസ്റ്റിന്‍, ജില്ലാ കലക്ടര്‍ ജി ആര്‍ ഗോകുല്‍, പി എസ് രാജന്‍, സാലി ജോളി, ആനിയമ്മ ജോസഫ്, നോബിള്‍ ജോസഫ്, ലിസമ്മ സാജന്‍, കുട്ടിയമ്മ സെബാസ്റ്റ്യന്‍, ജോത്സന ജോബിന്‍, സാലി തോമസ്, കെ െക ശിവരാമന്‍ സംസാരിച്ചു. രാവിലെ കുമളിയില്‍ പട്ടയവിതരണ ഉദ്ഘാടനം നിര്‍വഹിച്ച ശേഷമാണ് രണ്ടാമത് പട്ടയവിതരണ സമ്മേളന വേദിയായ ഇരട്ടയാറിലെത്തിയത്. ഇരട്ടയാറില്‍ 5915 പട്ടയങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് അടിമാലിയില്‍ പട്ടയവിതരണം നടത്തി.
Next Story

RELATED STORIES

Share it