Flash News

പടിയിറങ്ങും മുമ്പേ രണ്ട് കേസിലെ ദയാഹരജികള്‍ രാഷ്ട്രപതി തള്ളി



ന്യൂഡല്‍ഹി: രണ്ടു ബലാല്‍സംഗക്കേസുകളില്‍ വധശിക്ഷ ലഭിച്ച അഞ്ചു പേരുടെ ദയാഹരജികള്‍ തളളിയാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി കാലാവധി അവസാനിപ്പിക്കുന്നത്. മെയ് 25നാണ് ദയാഹരജികള്‍ റദ്ദുചെയ്തത്. ജൂലൈ 24ലാണ് രാഷ്ടപതിയുടെ അഞ്ചുവര്‍ഷ കാലാവധി അവസാനിക്കുക. 2012ല്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നാലുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്തുകൊന്ന കേസിലെ മൂന്നുപേരുടെയും  2007ല്‍ പൂനയില്‍ വച്ച് 22കാരിയെ ബലാല്‍സംഗം ചെയ്തു കൊന്ന കേസിലെ രണ്ടുപേരുടെയും ദയാഹരജികളാണ് രാഷ്ട്രപതി തളളിയത്.  മധ്യപ്രദേശ് സ്വദേശികളായ ജീതു എന്ന ജിതേന്ദ്ര ബാബു, കേതന്‍ സണ്ണി എന്ന ദേവേന്ദ്ര എന്നിവരാണ് രാഷ്ട്രപതിക്കു ദയാഹരജി സമര്‍പ്പിച്ച ഇന്‍ഡോര്‍ കേസിലെ പ്രതികള്‍. മൂന്നുപേര്‍ക്കും കീഴ്‌ക്കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. വധശിക്ഷ റദ്ദുചെയ്യണമെന്നാവശ്യപെട്ട് ഇവര്‍ നല്‍കിയ ഹരജികള്‍ ഹൈക്കോടതിയും സുപ്രിംകോടതിയും തളളിയിരുന്നു. ഇതേതുടര്‍ന്നാണ് ഇവര്‍ രാഷ്ട്രപതിക്കു ദയാഹരജി നല്‍കിയത്. ബാലികയെ പ്രതികള്‍ ബന്ധുവീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി കൊലപെടുത്തിയ ശേഷം മൃതദേഹം ഓവുചാലില്‍ എറിയുകയായിരുന്നു. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്കുപോവുകയായിരുന്ന 22കാരിയായ യുവതിയെ ടാക്‌സി ഡ്രൈവര്‍ പുരുഷോത്തമന്‍ ദശഥും സഹായി പ്രദീപ് യശ്വന്തും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു കൊല്ലുകയായിരുന്നു. ഈ കേസില്‍ പ്രതികള്‍ക്ക് വിചാരണകോടതി ശിക്ഷവിധിച്ചു.  2015ല്‍ മുംമ്പൈ ഹൈക്കോടതി വധശിക്ഷ ശരിവച്ചു. ഇവരുടെ വധശിക്ഷ റദ്ദുചെയ്യണമെന്ന ഹരജി സുപ്രിംകോടതി തളളി. അതോടെ ഇരുവരും  മെയ് എട്ടിനു രാഷ്ട്രപതിക്കു ദയാഹരജി നല്‍കി.
Next Story

RELATED STORIES

Share it