wayanad local

പടിഞ്ഞാറത്തറ ബാണാസുര ഡാം വീണ്ടും ഖ്യാതിയിലേക്ക്



മാനന്തവാടി: ലോകത്തിലെ ആദ്യത്തെ മണ്ണണയായി ഖ്യാതി നേടിയ പടിഞ്ഞാറത്തറ ബാണാസുര ഡാം രാജ്യത്തെ ആദ്യത്തെ വെള്ളത്തിലൂടെ ഒഴുകുന്ന വാണിജ്യാടിസ്ഥാനത്തിലുള്ള സൗരോര്‍ജ വൈദ്യുതി ഉല്‍പാദനകേന്ദ്രമായും അറിയപ്പെടും. തരിയോട് മഞ്ഞൂറയില്‍ നിര്‍മാണം പൂര്‍ത്തിയായ പാനലുകള്‍ വെള്ളത്തിലൂടെ ഗ്രിഡിങ് കേന്ദ്രമായ ഡാം ഷട്ടറുകള്‍ക്ക് സമീപമെത്തിക്കുന്നതോടെ രാജ്്യത്തെ ആദ്യ ഫ്‌ളോട്ടിങ് സോളാര്‍ പാനല്‍ പ്രവര്‍ത്തനക്ഷമമാവും. 2017 മാര്‍ച്ചില്‍ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി പ്രതിവര്‍ഷം ആറുലക്ഷം യൂനിറ്റ് സോളാര്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് കെഎസ്ഇബി പ്രവൃത്തികള്‍ തുടങ്ങിയത്. 9.25 കോടി രൂപയാണ് ഇതിനായി കെഎസ്ഇബി വകയിരുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ജലവൈദ്യുതി പദ്ധതികള്‍ക്ക് കാലാവസ്ഥാ വ്യതിയാനം തടസ്സം സൃഷ്ടിക്കുമ്പോള്‍ പുതിയ വൈദ്യുതി ഉല്‍പാദന മേഖലകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് ബാണാസുര ഡാം റിസര്‍വോയറില്‍ 2015ല്‍ സോളാര്‍ വൈദ്യുതി പദ്ധതി ഉല്‍പാദനം പരീക്ഷിച്ചത്. വെള്ളത്തിന് മുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന പ്ലാറ്റ്‌ഫോമുകളിലാണ് സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് പരീക്ഷണ വൈദ്യുതി ഉല്‍പാദനം നടത്തിയത്. 30 ലക്ഷത്തോളം രൂപ ചെലവഴിച്ച് കമ്മന സ്വദേശികളായ അജയ്് തോമസും വി എം സുധിനും നടത്തിയ പരീക്ഷണം വിജയകരമായതോടെയാണ് 2015 ജനുവരിയില്‍ മുന്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് വിപുലമായ പദ്ധതി ആവിഷകരിച്ച് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. കെഎസ്ഇബി പരീക്ഷണത്തിനായി 15 ലക്ഷം രൂപയായിരുന്നു നല്‍കിയത്. പ്രതിവര്‍ഷം 15,000 യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പാനലുകള്‍ 110 സ്‌ക്വയര്‍ പ്രദേശത്ത് സ്ഥാപിച്ച വെള്ളത്തിലൂടെ വൈദ്യുതി കരയിലെത്തിച്ച് ഗ്രിഡ് ചെയ്തു വിജയം വരിച്ചതോടെയാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. പ്രതിവര്‍ഷം ആറു ലക്ഷം യൂനിറ്റ് വൈദ്യുതി സൗരോര്‍ജത്തിലൂടെ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന പദ്ധതിയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ഡാമിലെ വെള്ളം ഉയരുകയും താഴുകയും ചെയ്യുന്നതിനനുസരിച്ച് ഉയരാനും താഴാനും കഴിവുള്ള വായു നിറച്ച കോണ്‍ക്രീറ്റ് ബേസ്‌മെന്റുകളാണ് സൗരോര്‍ജ പാനലുകള്‍ ഘടിപ്പിക്കാനായി ഇവിടെ നിര്‍മിച്ചത്. ഇത്തരത്തില്‍ 18 ബേസ്‌മെന്റുകളാണ് നിര്‍മിച്ചത്. 2017 മാര്‍ച്ചോടെ പണി പൂര്‍ത്തിയാക്കി പദ്ധതി കമ്മീഷന്‍ ചെയ്യാനാണ് കെഎസ്ഇബി തീരുമാനിച്ചിരുന്നത്. എന്നാല്‍, പിന്നീട് ഇത് മൂന്നു മാസം കൂടി അധികരിപ്പിച്ച് നല്‍കുകയായിരുന്നു. തിരുവനന്തപുരം ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയാണ് 9.25 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിര്‍മാണച്ചുമതല വഹിക്കുന്നത്. നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായെങ്കിലും മഴ പെയ്ത് വെള്ളം റിസര്‍വോയറിന്റെ അഞ്ചു മീറ്ററെങ്കിലും ഉയര്‍ന്നാല്‍ മാത്രമേ സോളാര്‍ വൈദ്യുതി ഗ്രിഡ് ചെയ്യാന്‍ ഡാമിന്റെ ഷട്ടറുകള്‍ക്ക് സമീപം ഒരുക്കിയ പവര്‍ ഹൗസിനടുത്ത് പാനലുകള്‍ എത്തിക്കാന്‍ കഴിയുകയുള്ളൂ. അതിന് വേണ്ടിയുള്ള കാത്തിരിപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ജൂണ്‍ പകുതിയോടെ പദ്ധതി പൂര്‍ത്തിയാക്കി വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നാണ് കെഎസ്ഇബി പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it