kozhikode local

പഞ്ചായത്ത് സെക്രട്ടറിയുടെ മെല്ലെപ്പോക്ക് ; പ്രസിഡന്റും അംഗങ്ങളും ധര്‍ണ നടത്തി



താമരശ്ശേരി: ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി കൃത്യമായി ഓഫിസില്‍ എത്താതിരിക്കുകയും ഫയലുകള്‍ തീര്‍പ്പാക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും അംഗങ്ങളും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ സരസ്വതിയും വൈസ് പ്രസിഡന്റ് കെ സി മാമു മാസ്റ്ററും ഭരണസമിതി അംഗങ്ങളുമാണ് കോഴിക്കോട്ട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഡിഡിപി ഓഫിസില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുടെ ഇത്തരം നടപടിക്കെതിരെ ഭരണ സമിതി ഐകകണ്‌ഠേന പ്രമേയം പാസാക്കുകയും സര്‍ക്കാര്‍ ഇദ്ദേഹത്തെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ട്രിബ്യൂണലില്‍ നിന്ന് സ്ഥലം മാറ്റ ഉത്തരവിന് സ്റ്റേ സമ്പാദിച്ച് ഇദ്ദേഹം വീണ്ടും ഇവിടെ ജോലിക്കെത്തുകയായിരുന്നു. ഭരണ സ്തംഭനം സൃഷ്ടിക്കുകയും ഫയലുകള്‍ തീര്‍പ്പാക്കാതെ ജനങ്ങളെ ദ്രോഹിക്കുകയും ചെയ്യുന്ന സെക്രട്ടറിയെ മാറ്റി പകരക്കാരനെ നിയമിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഡെപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെട്ടു. ഗ്രാമപ്പഞ്ചായത്ത്  സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി എസ് മുഹമ്മദലി, അംഗങ്ങളായ നവാസ് ഈര്‍പ്പോണ, റസീന സിയ്യാലി, മഞ്ജിത കുറ്റിയാക്കില്‍  ധര്‍ണയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it