palakkad local

പഞ്ചായത്ത് റവന്യൂ ഭൂമി കൈയേറി വാടകയ്ക്കു നല്‍കി

ആലത്തൂര്‍: താലൂക്ക് ഓഫിസിന്റെ മുന്‍ഭാഗത്തെ റവന്യൂ പുറമ്പോക്ക് ഭൂമിയായ ദേശീയ മൈതാനം ഉള്‍പ്പെടുന്ന സ്ഥലം കൈയേറി പഞ്ചായത്ത് വാടയ്ക്ക് നല്‍കി. സംഭവത്തില്‍ നോട്ടീസ് നല്‍കിയിട്ടും പൊളിച്ചുമാറ്റാന്‍ പഞ്ചായത്ത് നടപടിസ്വീകരിച്ചില്ല. 2001 ഡിസംബര്‍ ഒന്നുമുതല്‍ സ്വകാര്യ വ്യക്തിക്ക് ഭൂമി വാടയ്ക്ക് നല്‍കിയതായി പഞ്ചായത്ത് വിവരാവകാശ രേഖയില്‍ വ്യക്തമാക്കിയത്.
ആലത്തൂര്‍ വില്ലേജ് റീ സര്‍വേ ബ്ലോക്ക് 28 ല്‍ 327, 331, 333/16 എന്നീ സര്‍വേ നമ്പറുകളില്‍ ഉള്‍പ്പെടുന്ന ദേശീയ മൈതാനം എന്ന പേരിലറിയപ്പെടുന്ന 30 സെന്റോളം വരുന്ന പുറമ്പോക്ക് ഭൂമിയിലെ ഒരു ഭാഗമാണ് മില്‍മ ബൂത്ത് സ്ഥാപിക്കാനായി പ്രതിമാസം 60രൂപ  നിരക്കില്‍ പഞ്ചായത്ത് വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. 8 ഇഞ്ച് നീളത്തിലും 5 ഇഞ്ച് വീതിയിലും പെട്ടി സ്ഥാപിക്കാനാണ് പഞ്ചായത്ത് അനുമതി കൊടുത്തിരുന്നത്. എന്നാല്‍ പോലിസ് സ്‌റ്റേഷനിലെ സിഐ (എസ്എച്ച്ഒ)യുടെ മുറി പോലും കൈയേറ്റം ചെയ്യപ്പെട്ടു.
പോലിസ് സ്‌റ്റേഷനിലേക്ക് വരുന്നവരുടെ വാഹനങ്ങള്‍ പോലും തടഞ്ഞ് നോ പാര്‍ക്കിങ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നിടത്താണ് ഷീറ്റ് കെട്ടി കൈയേറ്റം നടത്തിയിരിക്കുന്നത്. റവന്യൂ വകുപ്പിന്റെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഇടപെടേണ്ട കാര്യമില്ലെന്നാണ് പോലിസ് നിലപാട്. ഗ്രാമപ്പഞ്ചായത്ത് പ്രസംഗ മണ്ഡപത്തിനെന്ന പേരില്‍ ഇതേ ഭൂമിയില്‍ നടത്തിയ സ്‌റ്റേജ് നിര്‍മാണം റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ നടന്നതിനാല്‍ തടഞ്ഞിരുന്നു.
ഇതും പൊളിച്ചു നീക്കാന്‍ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് റവന്യൂ ഉദ്യേഗസ്ഥര്‍ പറയുന്നു. ദേശീയ മൈതാനം കൈയേറ്റം ചെയ്ത് അന്യാധീനപ്പെടുന്ന സാഹചര്യത്തില്‍ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് ലഭിച്ച മറുപടിയിലാണ് തഹസില്‍ദാറും പഞ്ചായത്ത് സെക്രട്ടറിയും കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്.
താലൂക്കാശുപത്രിയിലേക്കുള്ള പ്രധാന റോഡായ ഇവിടെ നടക്കുന്ന കൈയേറ്റങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിവേദനം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പൊളിച്ചുമാറ്റാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. നോട്ടീസ് നല്‍കി മാസങ്ങളായിട്ടും പൊളിച്ചുമാറ്റാതിരിക്കുന്നതിനാല്‍ റവന്യൂ വകുപ്പ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. താലൂക്കാശുപത്രിയിലേക്കുള്ള റോഡിലെ കൈയേറ്റങ്ങളും അനധികൃത തട്ടുകടകളും നീക്കം ചെയ്യുമെന്നും റവന്യൂ അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it