പഞ്ചായത്ത് തിരഞ്ഞെടുപ്പ് റീ പോളിങ്; പശ്ചിമബംഗാളില്‍ വ്യാപക അക്രമം

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ റീ പോളിങിനിടെ വ്യാപക അക്രമങ്ങള്‍. മാള്‍ഡയില്‍ പോളിങ് ബൂത്തില്‍ തോക്കുമായെത്തിയ സംഘം ബാലറ്റുപെട്ടി കടത്തിക്കൊണ്ടുപോയി. റത്വയിലെ ബൂത്ത് നമ്പര്‍ 76ലെ ബാലറ്റുപെട്ടിയാണ് സായുധ സംഘം കടത്തിക്കൊണ്ടുപോയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിലും ഇന്നലത്തെ റീപോളിങിനുമിടെ സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ ബാലറ്റ് ബോക്‌സുകള്‍ മോഷ്ടിക്കുകയോ നശിപ്പിക്കുകയോ ചെയ്ത സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സോനാദംഗിയിലെ ഒരു കുളത്തില്‍ നിന്ന് ബാലറ്റ് ബോക്‌സ് പുറത്തെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.
മുര്‍ഷിദാബാദിലെ വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ ബോംബേറും മാരകായുധങ്ങളുപയോഗിച്ചുള്ള ആക്രമണങ്ങളും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഉത്തര്‍ ദിനജ്പൂര്‍ ജില്ലയില്‍ റീപോളിങ് ആരംഭിക്കാന്‍ വൈകിയതിനെതിരേ പ്രതിഷേധിച്ച ജനങ്ങള്‍ക്ക് നേരെ പോലിസ് ലാത്തിച്ചാര്‍ജ് നടത്തി. ബൂത്ത് നമ്പര്‍ 36/37ലാണ് പോളിങ് ആരംഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് വോട്ടര്‍മാര്‍ പ്രതിഷേധവുമായെത്തിയത്. സുരക്ഷിതമായ തിരഞ്ഞെടുപ്പ് സൗകര്യം ഉറപ്പുവരുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനും പോലിസിനും നിര്‍ദേശം നല്‍കിയിരുന്നു.
19 ജില്ലകളിലെ 568 പഞ്ചായത്ത് ബൂത്തുകളിലാണ് ഇന്നലെ റീപോളിങ് നടന്നത്. ഇവയില്‍ 63 ബൂത്തുകള്‍ മുര്‍ഷിദാബാദിലും 52 ബൂത്തുകള്‍ കുച്ച്‌ബെഹാറിലും 28 എണ്ണം പശ്ചിമ മിഡ്‌നാപ്പൂരിലും 10 എണ്ണം ഹൂഗ്ലിയിലുമാണ്. തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പിലെ വ്യാപക അക്രമങ്ങളെ തുടര്‍ന്ന് ലഭിച്ച പരാതികളിന്‍മേലാണ് ഇവിടങ്ങളില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിട്ടത്.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന ആക്രമണ പരമ്പരകളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. തിങ്കളാഴ്ച നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ സിപിഎം പ്രവര്‍ത്തകന്‍ ദിബു ദാസ്, ഭാര്യ ഉഷ ദാസ് എന്നിവരെ തീവച്ചു കൊലപ്പെടുത്തിയിരുന്നു. കൊലപാതകത്തിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.
ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ തെഹട്ടയില്‍ ഒരു വോട്ടറും കൊല്ലപ്പെട്ടു. നന്ദിഗ്രാമില്‍ അപു മനാ, ജോഗേശ്വര്‍ ഘോഷ് എന്നീ സിപിഎം പ്രവര്‍ത്തകരും കൊല്ലപ്പെട്ടിരുന്നു. നേരത്തേ മുര്‍ഷിദാബാദില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി സൈന്‍ ശെയ്ഖിനെ ബൈക്കിലെത്തിയ സംഘം വെടിവച്ചു കൊന്നത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു.
വ്യാപകമായി നടന്ന അക്രമപ്രവര്‍ത്തനങ്ങളില്‍ ഇതുവരെ 18 പേര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്. അക്രമസംഭവങ്ങളുടെ പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സാണെന്ന് ആരോപിച്ച് സിപിഎം, ആര്‍എസ്പി ഉള്‍പ്പെടെയുള്ള ഇടതു പാര്‍ട്ടികള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പില്‍ പ്രതിഷേധിച്ചിരുന്നു. അതേസമയം പശ്ചിമബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അക്രമസംഭവങ്ങളില്‍ മമത ബാനര്‍ജി സര്‍ക്കാരിനെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമര്‍ശിച്ചു.
ജനാധിപത്യത്തിന്റെ കൊലയാണു ബംഗാളില്‍ നടക്കുന്നതെന്ന് മോദി അഭിപ്രായപ്പെട്ടു.  അതിനിടെ, ബിജെപി ആക്രമണത്തില്‍ 10 തൃണമൂല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് പ്രതികരിച്ചു. ഒരു ബിജെപി പ്രവര്‍ത്തകന്‍ പോലും കൊല്ലപ്പെട്ടിട്ടില്ലെന്നും തൃണമൂല്‍ സെക്രട്ടറി ജനറല്‍ പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു. അതേസമയം, പശ്ചിമബംഗാളില്‍ വോട്ടെടുപ്പിനിടെ കാണാതായ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. രാജ് കുമാര്‍ റേയുടെ (33) മൃതദേഹമാണ് വടക്കന്‍ ദിനാജ്പൂര്‍ ജില്ലയിലെ റായ്ഗഞ്ചിലെ സോനാദാങി പ്രദേശത്തെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് റേയെ കാണാതായത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാവൂവെന്ന്   പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it