പഞ്ചാബ് മുഖ്യമന്ത്രിയുടെ മരുമകന്‍ ഉള്‍പ്പെടെ 12 പേര്‍ക്കെതിരേ കേസ്

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കില്‍ നിന്നു വായ്പയെടുത്ത് തട്ടിപ്പു നടത്തിയ സംഭവത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ മരുമകന്‍ ഉള്‍പ്പെടെ 12 പേര്‍ക്കെതിരേ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു.
ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സില്‍ നിന്ന് 109 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതിരുന്നതുമായി ബന്ധപ്പെട്ട പരാതിയിലാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ മരുമകന്‍ ഗുര്‍പാല്‍ സിങ്, ഉത്തര്‍പ്രദേശ് ആസ്ഥാനമായ സിംഭോളി ഷുഗര്‍, കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍, ഡയറക്ടര്‍മാര്‍ തുടങ്ങിയ 12 പേര്‍ക്കെതിരേ സിബിഐ കേസെടുത്തിരിക്കുന്നത്.
അമരീന്ദറിന്റെ മകള്‍ ജയ് ഇന്ദര്‍കുമാറിന്റെ ഭര്‍ത്താവായ ഗുല്‍പാല്‍ കമ്പനിയുടെ ഡെപ്യൂട്ടി ഡയറക്ടറാണ്. കേസുമായി ബന്ധപ്പെട്ട് കമ്പനിയുടെ കോര്‍പറേറ്റ് ഓഫിസിലും ഡല്‍ഹി, ഹരിയാന, നോയിഡ എന്നിവിടങ്ങളിലെ ഓഫിസുകളിലും സിബിഐ പരിശോധന നടത്തി. ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
വ്യക്തികള്‍, സ്വയംസഹായ സംഘങ്ങള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി 2011ലാണ് സിംഭോളിക്ക് 150 കോടി രൂപയാണ് വായ്പ അനുവദിച്ചത്. റിസര്‍വ് ബാങ്കിന്റെ പദ്ധതി പ്രകാരം കമ്പനിക്ക് കരിമ്പ് നല്‍കുന്ന 5,762 കരിമ്പ് കര്‍ഷകര്‍ക്ക് ഈ തുക വിത—രണം ചെയ്യേണ്ടതായിരുന്നു. എന്നാല്‍, കര്‍ഷകര്‍ക്കുള്ള പണം അവരുടെ കൈകളില്‍ എത്തിയില്ലെന്നും കമ്പനിയുടെ അക്കൗണ്ടിലേക്കു പണം മാറ്റുകയായിരുന്നു എന്നുമാണ് സിബിഐ കണ്ടെത്തല്‍.
2015 മാര്‍ച്ചില്‍ ഈ അക്കൗണ്ട് നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ രണ്ടു മാസത്തിനു ശേഷം അതേ അക്കൗണ്ട് മുഖേന 109 കോടി രൂപ വായ്പയെടുത്തു. ഈ തുക തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ടാണ് കേസ്.
പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് ആയിരക്കണക്കിനു കോടി വായ്പയെടുത്ത് വജ്രവ്യാപാരി നീരവ് മോദി രാജ്യം വിട്ട കേസ് ഉയര്‍ന്നതിനു പിന്നാലെ 10 ദിവസത്തിനുള്ളില്‍ സമാനമായ ഏഴ് എഫ്‌ഐആറുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Next Story

RELATED STORIES

Share it