kasaragod local

പച്ചക്കറിയുടെ വില കുതിക്കുന്നു ; കൈ പൊള്ളി ഉപഭോക്താക്കള്‍



കാസര്‍കോട്: റമദാന്‍ സമാഗതമായതോടെ പച്ചക്കറിയുടെ വിലയും കുത്തനെ കൂട്ടുന്നു. റമദാനിന് തൊട്ട് മുമ്പ് കിലോവിന് 40 രൂപയുണ്ടായിരുന്ന ചെറിയ ഉള്ളിയുടെ വില 100 രൂപയിലെത്തി. 30 രൂപയുണ്ടായിരുന്ന കാരറ്റിന്റെ വില ഇരട്ടിയായി 60ലെത്തി നില്‍ക്കുന്നു. നോമ്പ് തുറക്കാന്‍ സര്‍ബത്തുണ്ടാക്കുന്ന ചെറുനാരങ്ങയുടെ വില ഇരട്ടിയായി 40ല്‍ നിന്ന് 80ലെത്തി. മല്ലിഇലക്ക് 200 രൂപയാണ് വില. കറികള്‍ക്ക് രുചിയും മണവും ഉണ്ടാക്കുന്ന മല്ലിഇലയുടെ വില 40ല്‍ നിന്ന് നാലിരട്ടിയിലധികമായി വര്‍ധിക്കുകയായിരുന്നു. പച്ചമുളകിന് 30ല്‍ നിന്ന് 60 രൂപയിലെത്തി. ബീന്‍സിന് 30ല്‍ നിന്ന് 60 ആയി. പുതിനഇലക്ക് 40 ല്‍ നിന്ന് കിലോവിന് 100 രൂപയായിട്ടുണ്ട്. അതേസമയം ഇഞ്ചി, വെണ്ടക്ക, കോത്തവര, കപ്പ, വഴുതന എന്നിവയുടെ വില വര്‍ധിച്ചിട്ടില്ല. യഥാക്രമം ഇതിന് കിലോവിന് 40, 30, 34, 30, 30, എന്നിങ്ങനെയാണ് വില. കാസര്‍കോട് പച്ചക്കറി വിപണിയിലേക്ക് കര്‍ണാടകയിലെ ഹാസ്സന്‍, ചിക്ക് മംഗഌര്‍, തമിഴ്‌നാട്ടിലെ ഓടന്‍ചത്രം എന്നിവിടങ്ങില്‍ നിന്നാണ് എത്തുന്നത്. മഴക്കുറവും ഉല്‍പാദന കുറവുമാണ് പച്ചക്കറികള്‍ക്ക് വില വര്‍ധിക്കാന്‍ കാരണമെന്ന് പഴയ ബസ് സ്റ്റാന്റിന് സമീപത്തെ പച്ചക്കറി കട ഉടമ പറഞ്ഞു. എന്നാല്‍ റമദാന്‍ മുന്നില്‍ കണ്ടാണ് വില കൂട്ടുന്നതെന്നും പെരുന്നാള്‍, ഓണം, ക്രിസ്തുമസ്, വിഷു പോലെയുള്ള ആഘോഷങ്ങള്‍ എത്തുമ്പോള്‍ പച്ചക്കറികള്‍ക്ക് കൃത്രിമ ക്ഷാമമുണ്ടാക്കി വില കൂട്ടുകയാണെന്ന് ഉപഭോക്താക്കള്‍ പറഞ്ഞു. അതേസമയം പൊതുവിപണിയില്‍ പച്ചക്കറിയുടെ വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കാത്തതാണ് വിലക്കയറ്റത്തിന് കാരണമാകുന്നത്. കൃഷിവകുപ്പിന്റെ പച്ചക്കറി സ്റ്റാളുകള്‍ കാസര്‍കോട് ഭാഗങ്ങളില്‍ പൊതുവേ കുറവാണ്. ചില സൊസൈറ്റികളുടെ നിയന്ത്രണത്തിലുള്ള സ്റ്റാളുകളില്‍ നാടന്‍ പച്ചക്കറി വിഭവങ്ങളെന്ന പേരില്‍ വന്‍ വില ഈടാക്കുന്നതായും പരാതിയുണ്ട്.
Next Story

RELATED STORIES

Share it