kozhikode local

പകര്‍ച്ചവ്യാധികള്‍ പടരുന്നു; നൊച്ചാട് ആശങ്കയില്‍

പേരാമ്പ്ര: സംസ്ഥാന സര്‍ക്കാരിന്റെആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയ വാളൂര്‍ നടുക്കണ്ടി പാറയില്‍ പ്രവര്‍ത്തിക്കുന്ന നൊച്ചാട്— പിഎച്ച്‌സി പരിസര പ്രദേശങ്ങളില്‍  പകര്‍ച്ച രോഗങ്ങള്‍ വ്യാപകമായി പടര്‍ന്ന് പിടിക്കുന്നു. പ്രദേശത്ത് ചിക്കന്‍പോക്‌സ്, തൊലിപ്പുറത്ത് ചുവന്ന് വികൃതമാവുന്ന ഒരിനം ചൊറി എന്നിവയാണ് വ്യാപകമായി പടര്‍ന്നത്.
ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ചെറിയ തോതില്‍ കണ്ടുവന്ന ചിക്കന്‍പോക്‌സ്പിന്നീട് വ്യാപകമായി പടര്‍ന്ന് പിടിക്കുകയും പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളെ ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്തു. കായണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക മുറി ഒരുക്കിയാണ് പരീക്ഷ നടത്തിയത്.
സമീപത്തെ എല്‍പി, യുപി സ്‌കൂളുകളിലും മാര്‍ച്ച് മാസം പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും ചിക്കന്‍പോക്‌സ് ബാധിച്ചിരുന്നു. ഇതേ രീതിയില്‍ കാണപ്പെട്ട മറ്റൊരു പകര്‍ച്ചവ്യാധിയാണ് ഒരുതരം ചുവന്ന ചൊറി. ചൂടുംവിയര്‍പ്പും കാരണം ശരീരത്തിന്റെ മാംസളഭാഗങ്ങളില്‍ ചുവന്ന് വരികയും ചൊറിഞ്ഞ് വികൃതമാവുകയും ചെയ്യുന്ന ഒരിനം അലര്‍ജി പ്രദേശത്ത് വ്യാപകമായി കാണപ്പെട്ടിരുന്നു. ആശുപത്രിയില്‍ ഈ പകര്‍ച്ചവ്യാധി ബാധിച്ച് ചികില്‍സ തേടിയവര്‍ക്ക് വേണ്ട രീതിയിലുള്ള പരിചരണം ലഭ്യമായില്ലെന്ന പരാതി നിലനില്‍ക്കുകയാണ്.
ഈ സംഭവത്തെ കുറിച്ച് വിശദമായ ഒരു പഠനം നടത്താനോ പരിഹാരം കാണാനോ ആശുപത്രി അധികൃതര്‍ തയ്യാറായിരുന്നെങ്കില്‍ ഈ അസുഖം കൂടുതല്‍ വ്യാപകമാവുന്നത് തടയാന്‍ കഴിയുമായിരുന്നു. വാളൂര്‍, നടുക്കണ്ടി പാറ, കേളോത്ത് ഭാഗം കണ്ണമ്പത്ത് താഴ, പുളിയോട്ട് മുക്ക്, കായല്‍ മുക്ക്, കായണ്ണ, ചണ്ണന്‍കാട് ഭാഗം, ഊടുവഴി, പുറ്റാട്, മരുതേരിഭാഗങ്ങളില്‍ ഇതിനകം നൂറ് കണക്കിന് വീടുകളില്‍ ചിക്കന്‍പോക്‌സ് പടര്‍ന്ന് പിടിച്ചിട്ടുണ്ട്. ഇതിനിടെ ആശുപത്രിയില്‍ ചികില്‍സ തേടിയെത്തുന്നവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കാത്ത സാഹചര്യവും ഉണ്ട്. ഡോക്ടറുടെ സേവനം പലപ്പോഴും ഉണ്ടാവാത്തതും രോഗികളോട് ജീവനക്കാര്‍ തട്ടി കയറുന്നതും നിത്യസംഭവമായിട്ടുണ്ട്.
ആശുപത്രിക്ക് ആര്‍ദ്രം പദ്ധതിയില്‍ പുതിയ കെട്ടിടം പണിയുന്നത് കാരണം രോഗികള്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കാനും ആശുപത്രി വികസന സമിതി തയ്യാറായിട്ടില്ല. പേരാമ്പ്ര ഫെസ്റ്റില്‍ നൊച്ചാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് ആര്‍ദ്രം പദ്ധതിയില്‍ പണിയുന്ന പുതിയ കെട്ടിടത്തിന്റെ ഡെമോ പ്രദര്‍ശിപ്പിക്കാന്‍ രണ്ടാഴ്ചക്കാലം ജീവനക്കാരും ആശുപത്രി വികസന സമിതിയും കാണിച്ച ജാഗ്രത രോഗികളോട് കാണിച്ചില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it