thiruvananthapuram local

പകര്‍ച്ചപ്പനി : മെഡിക്കല്‍ കോളജില്‍24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം



തിരുവനന്തപുരം: ക്രമാതീതമായി വര്‍ധിച്ചു വരുന്ന പനി നിയന്ത്രണത്തിനും ശുചീകരണ പ്രവര്‍ത്തനത്തിനുമായി മെഡിക്കല്‍ കോളജില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ഉടന്‍ തുടങ്ങാന്‍ തീരുമാനമായി. പനി നിയന്ത്രണത്തിനും ആശുപത്രിയും പരിസരവും കൂടുതല്‍ വൃത്തിയാക്കാനുമായി സൂപ്രണ്ട് ഓഫീസില്‍ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ നടന്ന അടിയന്തിര യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ഒപി ബ്ലോക്കില്‍ ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് ഈ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. രാവിലെ 7 മുതല്‍ രാത്രി 7 വരെ കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്. ബാക്കി സമയം ഫോണ്‍ നമ്പര്‍ വഴി ബന്ധപ്പെടാവുന്നതാണ്. ഇതോടൊപ്പം മാലിന്യ നിര്‍മാര്‍ജനം 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി പീഡ് സെല്ലിന്റെ നേതൃത്വത്തില്‍ ഒരു മോണിറ്ററിംഗ് സെല്ലും രൂപീകരിക്കും.ആശുപത്രിക്ക് ചുറ്റുപാടുമുള്ള ഓടകള്‍ വൃത്തിയാക്കുന്നതിനും തടസങ്ങള്‍ നീക്കം ചെയ്യുന്നതിനുമായി രണ്ട് പുരുഷ ജീവനക്കാരെ ഉടന്‍ നിയമിക്കും. അടിയന്തിരമായി നഴ്‌സിംഗ് അസിസ്റ്റന്റിന്റെ ഒഴിവുകള്‍ നികത്താനുള്ള നടപടികള്‍ സ്വീകരിക്കും. ക്ലിപ് ലാബിലേക്കും ബ്ലഡ് ബാങ്കിലേക്കും കുറവുള്ള ജീവനക്കാരെ എടുക്കാനുള്ള തീരുമാനം ആശുപത്രി വികസന സമിതിക്ക് വിട്ടു. എസ്എടി ആശുപത്രി പരിസരത്തുള്ള ഇന്‍സിനറേറ്റര്‍ (മാലിന്യ സംസ്‌കരണ യന്ത്രം) വഴിയാണ് ചെറിയ പ്ലാസ്റ്റിക് കവറുകള്‍ ഉള്‍പ്പെടെയുള്ള സാധാരണ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നത്. അടുത്തിടെ ഇന്‍സിനറേറ്ററിന് ചെറിയ കേടുപാട് സംഭവിച്ചിരുന്നു. ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തന സജ്ജമാകുന്നതുവരെ പകരം സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനമായി.
Next Story

RELATED STORIES

Share it