kannur local

ന്യൂ മാഹിയില്‍ അനധികൃത കെട്ടിടനിര്‍മാണം പെരുകുന്നു



തലശ്ശേരി: ന്യൂമാഹി പഞ്ചായത്ത് കാര്യാലയത്തിന്് സമീപം ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ അനധികൃത കെട്ടിടനിര്‍മാണം വ്യാപകം. മാഹി പുഴയോരത്ത് നടന്ന അനധികൃത കെട്ടിടനിര്‍മാണം പഞ്ചായത്ത് അധികൃതര്‍ ഈയിടെ തടഞ്ഞിരുന്നു. പുഴയോരത്തെ പഴയ കെട്ടിടത്തിന്റെ മുകളിലത്തെ നിലയുടെ പ്രവൃത്തിയാണു തടഞ്ഞത്. ചുമരുകള്‍ ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്യുന്നത് വരെയുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിനെതിരേ പഞ്ചായത്ത് നേരത്തെ നല്‍കിയ നോട്ടീസ് അവഗണിച്ച്, രാത്രിയും അവധി ദിവസങ്ങളിലുമാണ് നിര്‍മാണം നടത്തിയത്. പ്രവൃത്തി തടയണമെന്നാവശ്യപ്പെട്ട് ന്യൂമാഹി പോലിസിന് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് തലശ്ശേരി ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലിസെത്തി നിര്‍മാണം തടഞ്ഞത്. പെരിങ്ങാടി മമ്മിമുക്കില്‍ പുഴയോരത്തെ വ്യാപാര സമുച്ചയ നിര്‍മാണവും തീരദേശ വകുപ്പ് തടഞ്ഞിരിക്കുകയാണ്. അനുമതി നല്‍കിയ പഞ്ചായത്ത് സെക്രട്ടറിക്കെതിരേ ഉള്‍പ്പെടെ വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്. ദേശീയ പാതയില്‍ പുന്നോല്‍ കുറിച്ചിയില്‍ തട്ടുകടക്കാര്‍ ദേശീയപാതയുടെ സ്ഥലം കൈയേറി നടത്തിയ നിര്‍മാണം അധികൃതര്‍ നീക്കി. എന്നാല്‍ ഇതിനോടുചേര്‍ന്ന് പഞ്ചായത്ത് അനുമതിയില്ലാതെ തട്ടുകടകള്‍ പ്രവര്‍ത്തിച്ചുവരികയാണ്്്. ചിലത് പുതുതായി ആരംഭിച്ചിട്ടുമുണ്ട്. ഇവിടങ്ങളില്‍ നിര്‍മിച്ച ചില കെട്ടിടങ്ങള്‍ അനധികൃത സ്ഥലത്താണെന്നും പറയുന്നു. ന്യൂമാഹിയുടെ വിവിധ ഭാഗങ്ങളില്‍ നിയമ വിരുദ്ധമായി സര്‍ക്കാര്‍ സ്ഥലം കൈയേറി കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോഴും അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. തീരദേശ നിയമത്തിന്റെയും തണ്ണീര്‍തട നിയമത്തിന്റെയും പേരില്‍ സാധാരണക്കാര്‍ക്ക് വീട് നിര്‍മാണത്തിന് പോലും അനുമതി നിഷേധിക്കുമ്പോള്‍ ഇത്തരം സ്ഥലങ്ങളില്‍ വന്‍കിട കെട്ടിടങ്ങള്‍ ഉയര്‍ന്നുവരുന്നതില്‍ ആശങ്കയിലാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it