kozhikode local

ന്യായവില സര്‍ജിക്കല്‍ ഷോപ്പ് പ്രവര്‍ത്തനം അവതാളത്തില്‍

ഇ  രാജന്‍
കോഴികോട്: മെഡിക്കല്‍ കോളജ് ആശുപത്രി വികസന സമിതി ആരംഭിച്ച നീതി സര്‍ജിക്കല്‍ സ്റ്റോര്‍ നോക്കുകുത്തിയായി. 2013 ല്‍ പ്രവര്‍ത്തനം ആരംഭിച്ച നീതി സ്റ്റോറില്‍ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ക്കായി എത്തുന്ന രോഗികള്‍ക്ക് സാമഗ്രികള്‍ നേരിട്ടു നല്‍കാതെ പുറത്തു ചില സ്വകാര്യ ഏജന്‍സികള്‍ ഉയര്‍ന്ന വിലക്കു എത്തിച്ചുകൊടുക്കുകയാണ്.
ആശുപത്രി അസ്ഥിരോഗവിഭാഗത്തിലും ജനറല്‍ സര്‍ജറി വിഭാഗത്തിലും ആവശ്യമായ ഇംപ്ലാന്റുകള്‍ ഡോക്ടര്‍മാരുടെ അനുവാദത്തോടെ തിയേറ്ററുകളി ല്‍ നേരിട്ട് എത്തിക്കുന്നതു സ്വകാര്യ ഏജന്റുമാരാണ്. അഞ്ചു വര്‍ഷം മുമ്പു കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ആശുപത്രിക്കകത്തെ സര്‍ജിക്കല്‍ ഷോപ്പ് ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുവാന്‍ വേണ്ടി മാത്രമാണു പ്രവര്‍ത്തിക്കുന്നത്. ആശുപത്രിക്കകത്തെ പ്രധാന തിയേറ്ററുകള്‍ സര്‍ജിക്കല്‍ക്കോട്ടുകള്‍ ഉപയോഗിച്ച് ഏജന്റുമാര്‍ തന്നെയാണ് ഇംപ്ലാന്റുകള്‍ ശസ്ത്രക്രിയക്കു വേണ്ടി സര്‍ജറി ഡോക്ടര്‍മാര്‍ക്കു എടുത്തുകൊടുക്കുന്നത്.
ശസ്ത്രക്രിയക്കു ഏതൊക്കെ ഉപകരണങ്ങള്‍ ഉപയോഗിച്ചുവെന്ന് രോഗികളുടെ ബന്ധുക്കള്‍ അറിയുന്നില്ല. ബാക്കിവരുന്ന ഉപകരണങ്ങള്‍ ഏജന്റുമാര്‍ ഷോപ്പിലേക്ക് തന്നെ തിരിച്ചു കൊണ്ടുപോകുകയാണ്. സര്‍ജറിക്കല്‍ ഇംപ്ലാന്റുകള്‍, ജീവന്‍രക്ഷാ മരുന്നുകള്‍ എന്നിവ കുറഞ്ഞവിലക്കു നല്‍കാനുള്ള പദ്ധതി മെഡിക്കല്‍ കോളജില്‍ ഇനിയും നടപ്പിലായില്ല. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിട്ട് എട്ടു വര്‍ഷമായി. വന്‍വില വരുന്ന ഉപകരണങ്ങളും ജീവന്‍ രക്ഷാ മരുന്നുകളും മറ്റും വിപണിവിലയേക്കാള്‍ കുറഞ്ഞ വിലയില്‍ നല്‍കുന്ന വില്‍പ്പനശാല മെഡിക്കല്‍ കോളജില്‍ ആരംഭിക്കാന്‍ 2010 ല്‍ സര്‍ക്കാറും ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡിന്റെ ഹെല്‍ത്ത് കെയര്‍ സര്‍വീസ് ഡിവിഷനും തമ്മില്‍ ധാരണയായിരുന്നു. ലൈഫ് കെയര്‍ സെന്റര്‍ എന്ന പേരിലുള്ള വില്‍പ്പനശാല മെഡിക്കല്‍ കോളജ് സൂപ്പര്‍സ്‌പെഷ്യാലിറ്റിയില്‍ തുടങ്ങിയെങ്കിലും സര്‍ജിക്കല്‍ ഷോപ്പും ജീവന്‍രക്ഷാ മരുന്നുകളും തുടങ്ങുവാന്‍ മെഡിക്കല്‍ കോളജ് അധികൃതരും ആശുപത്രി വികസനസമിതിയും അനുവദിച്ചില്ല.
മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരും ശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നുകളും നല്‍കുന്ന കമ്പനികളും തമ്മിലുള്ള ഒത്തുകളിയാണ് സര്‍ജിക്കല്‍ ഷോപ്പും മരുന്നുകളും തുടങ്ങുവാന്‍ ലൈഫ് കെയര്‍ സെന്ററിനു അനുവാദം കൊടുക്കാത്തത്. ആശുപത്രി വികസനസമിതിയുടെ നേതൃത്വത്തില്‍ ഉപകരണങ്ങളും മരുന്നുകളും വില്‍ക്കുന്നതിനായി ഒരു ഷോപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിക്കുകയായിരുന്നു. പരിസരത്തെ സ്വകാര്യ സര്‍ജിക്കല്‍ ഷോപ്പി ല്‍ നിന്നു ഉപകരണങ്ങള്‍ വാങ്ങി പത്തുശതമാനം ലാഭമെടുത്ത് രോഗികള്‍ക്ക് നല്‍കുകയാണ് ന്യായവില സര്‍ജിക്കല്‍ ഷോപ്പ് അധികൃതര്‍ ചെയ്യുന്നത്. സര്‍ജിക്കല്‍ ഷോപ്പ് നേരിട്ടു ഒരു ഉപകരണങ്ങളും വിതരണം ചെയ്യുന്നില്ല. ആശുപത്രിയിലെ അസ്ഥിരോഗവിഭാഗത്തിലെ ഒരു ഡോക്ടറെയാണ് ന്യായവിലസര്‍ജിക്കല്‍ ഷോപ്പിലെ ഇന്‍ ചാര്‍ജ് ആക്കിയത്. സ്വകാര്യ കമ്പനികളില്‍ നിന്ന് ഈ ഡോക്ടര്‍ക്ക് വന്‍ തുക കമ്മീഷന്‍ ലഭിക്കുന്നതായി പരക്കെ ആരോപണമുണ്ട്.
Next Story

RELATED STORIES

Share it