Flash News

നോക്കുകൂലി നിരോധനം : ഉത്തരവ് ലംഘിച്ചാല്‍ സംഘടന നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട: നോക്കുകൂലി നിരോധിച്ചു കൊണ്ടുളള സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചാല്‍ ഏതു തൊഴിലാളി സംഘടനയില്‍പെട്ടവരെന്നു നോക്കാതെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.ഐ.ടി.യു സംസ്ഥാന കൗണ്‍സിലിനു തുടക്കം കുറച്ച് നടന്ന തൊഴിലാളി റാലിയും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമം ലംഘിച്ചാല്‍ ആരുടെയെങ്കിലും ആളാണെന്നു പറഞ്ഞു വന്നാല്‍ ഒരു പരിഗണനയും ലഭിക്കില്ല. ഒരു വികാരങ്ങള്‍ക്കും പ്രസക്തിയുമില്ല. ഒറ്റപ്പെട്ട സംഭവങ്ങളെന്നു പറഞ്ഞ് നോക്കുകൂലി വാങ്ങല്‍ തുടരാനാകില്ല. നിയമം നിയമത്തിന്റെ വഴിക്കു തന്നെ പോകും. എവിടെയെങ്കിലും ഒരു സ്ഥാപനം തുടങ്ങിയാല്‍ തൊഴിലാളി സംഘടനകളുടെ നേതാക്കള്‍ ഉടമയെ ചെന്ന് കണ്ട് ഞങ്ങളുടെ ചിലയാളുകളെ ജോലിക്ക് കയറ്റണമെന്ന് ആവശ്യപ്പെടാറുണ്ട്. അത്തരം പ്രവണതകളും അവസാനിപ്പിക്കണം. തൊഴിലെടുക്കുന്നവരുടെ സംഘടനകളുമായി ആലോചിച്ചാണ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നതെന്നും തൊഴിലാളികളെ എക്കാലത്തും സംരക്ഷിക്കുന്ന സര്‍ക്കാരാണ് എല്‍.ഡി.എഫിന്റേതെന്നും പിണറായി പറഞ്ഞു. കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി തൊഴില്‍ നിയമം അട്ടിമറിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സ്ഥിരം തൊഴില്‍ നിയമം ഇല്ലാതാക്കിയത് അതിന്റെ ഭാഗമാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ ഒന്നാെന്നായി നശിപ്പിക്കുകയാണ് മോദി സര്‍ക്കാര്‍. എന്നാല്‍, പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്ന ബദല്‍ നയമാണ് സംസ്ഥാന സര്‍ക്കാരിന്റേത്. എച്ച്. എന്‍. എല്ലിനെ ഏറ്റെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു കുത്തക കമ്പനി കഴിഞ്ഞ ദിവസം തന്റെ ഓഫീസിലെത്തിയിരുന്നു. ഒരു തരത്തിലുളള സഹായവും പ്രതീക്ഷിക്കേണ്ടെന്നു പറഞ്ഞ് തിരിച്ചയച്ചു. എല്‍.ഡി. എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നഷ്ടത്തിലായിരുന്ന കയര്‍, കൈത്തറി സ്ഥാപനങ്ങള്‍ ഇപ്പോള്‍ ലാഭത്തിലാണ്. ആഗോളവല്‍ക്കരണം നടപ്പാക്കി തുടങ്ങിയതു മുതല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്, ബി. ജെ.പി സര്‍ക്കാരുകള്‍ തൊഴിലാളി വിരുദ്ധ സമീപനമാണ് സ്വീകരിച്ചുവരുന്നത്. ഇതിനെതിരെ രാജ്യത്ത് തൊഴിലാളി ഐക്യം കെട്ടിപ്പടുക്കുന്നതില്‍ സി.ഐ.ടി.യു മാത്രമാണ് എന്നും മുന്നില്‍ നില്‍ക്കുന്നതെന്ന് പിണറായി പറഞ്ഞു. സി.ഐ. ടി.യു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍സെന്‍, വൈസ് പ്രസിഡന്റ് എ. കെ. പത്മനാഭന്‍, സംസ്ഥാന ഭാരവാഹികളായ എളമരം കരിം, കെ. ചന്ദ്രന്‍പിളള, എം. എല്‍. എമാരായ വീണാ ജോര്‍ജ്, രാജുഏബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന കൗണ്‍സില്‍ നാളെ സമാപിക്കും.
Next Story

RELATED STORIES

Share it