നേര്യമംഗലം വനത്തില്‍ വന്‍ കാട്ടുതീ

കോതമംഗലം: നേര്യമംഗലം വനത്തില്‍ വന്‍ തോതില്‍ കാട്ടുതീ പടര്‍ന്നു. കൊച്ചി— ധനുഷ്‌കോടി ദേശീയപാതയ്ക്കരികില്‍ റാണി കല്ല് വളവിനു സമീപമുള്ള വനത്തിനാണ് തീപ്പിടിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് തീപ്പിടിച്ചത്.
പിന്നീട് തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. കാട്ടുതീയില്‍ വനത്തിലെ മരങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്. നേര്യമംഗലം റേഞ്ച് ഓഫിസര്‍ അരുണ്‍ ആര്‍ നായരുടെ നേതൃത്വത്തില്‍ ഡെപൂട്ടി റേഞ്ച് ഓഫിസര്‍ ഇന്‍ചര്‍ജ് കെ എ റഹീം, സെക്ഷന്‍ ഫോറസ്റ്റര്‍ വി എസ് സന്തോഷ്, ബീറ്റ്‌ഫോറസ്റ്റ് ഓഫിസര്‍മാരായ എ എസ് വിപിന്‍, വി എം നിയാസ്, ജിമ്മി ജോസ്, സി പി നിജില്‍, എ അരുണ്‍, വി കെ അനില്‍ എന്നിവരടങ്ങുന്ന സംഘത്തോടൊപ്പം നാട്ടുകാരും ഇതര സംസ്ഥാന തൊഴിലാളികളും ചേര്‍ന്ന് നടത്തിയ ശ്രമഫലമായാണ് ശനിയാഴ്ച വൈകീട്ടോടെ തീ അണക്കാനായത്. ജനവാസ മേഖലക്കടുത്തുള്ള വനത്തിലാണ് സാധാരണയായി കാട്ടുതീ പടരുന്നത്. ഇതിന് കാരണം പലഴും ജനങ്ങളുടെ അശ്രദ്ധ കൊണ്ടാണന്നും വനപാലകര്‍ പറഞ്ഞു.
മനപൂര്‍വമായി വനത്തില്‍ തീ ഇടുന്നവര്‍ക്ക് ഗൂഡ ലക്ഷ്യങ്ങളുമുണ്ട്. തീ പടര്‍ന്ന ഉടനെ പുറത്തുചാടുന്ന ചെറിയ വന്യജീവികളെ പിടികൂടുക, തേനീച്ച തീപ്പിടിത്തത്തില്‍ നശിച്ചതിനാല്‍ തേന്‍ എടുക്കുക, ഇതോടൊപ്പം തീപ്പിടിത്തമുണ്ടായ ഇടങ്ങളില്‍ നിന്നും വില പിടിപ്പുള്ള മരങ്ങള്‍ കടത്തുക തുടങ്ങിയവയ്ക്കായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഭവങ്ങളും നിലവിലുണ്ട്.
വേനല്‍ കാലമായതോടു വനത്തിന് തീപ്പിടിക്കുന്നത് തടയുന്നതിനായി ജനവാസ കേന്ദ്രങ്ങളിലുള്ള റോഡ് കളുടെ വശങ്ങളില്‍ ഫയര്‍ ഗാര്‍ഡ് വനം വകുപ്പ് വെട്ടിയിട്ടുണ്ട്. ഇതോടൊപ്പം കാട്ടുതീ കണ്ടെത്തുന്നതിനും തടയുന്നതിനുമായി ഫയര്‍ വാച്ചര്‍മാരുടെ സേവനവും ഉപയോഗപ്പെടുത്തി വരുന്നുണ്ട്.
Next Story

RELATED STORIES

Share it