Editorial

നേരറിയാതെ സിബിഐ

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ കുറ്റാന്വേഷണ ഏജന്‍സിയാണ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ). രാഷ്ട്രീയമേലാളരുടെ ചരടുകള്‍ക്കൊത്ത് പലപ്പോഴും ആടേണ്ടിവന്നിട്ടുണ്ടെങ്കിലും നിരവധി കേസുകള്‍ കാര്യക്ഷമമായി അന്വേഷിക്കാനും ശാസ്ത്രീയമായി തെളിയിക്കാനും കുറ്റവാളികള്‍ക്കു ശിക്ഷ വാങ്ങിക്കൊടുക്കാനും സിബിഐക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ന് സിബിഐയുടെ അവസ്ഥ പരിതാപകരമാണ്. തീക്കട്ടയില്‍ ഉറുമ്പരിക്കുക എന്ന ചൊല്ലിന് സമാനമായ സംഭവങ്ങളാണ് ന്യൂഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് അരങ്ങേറുന്നത്. സിബിഐ ഡയറക്ടര്‍ അലോക് വര്‍മയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മിലുള്ള അടുക്കളപ്പോര് പരസ്യമായിരിക്കുന്നു.
ഏതാനും മാസത്തിനകം അലോക് വര്‍മ സേവനം അവസാനിപ്പിച്ചു പിരിയുകയാണ്. ഈ പദവി ലക്ഷ്യമിട്ടാണ് അമിത് ഷായുടെയും നരേന്ദ്രമോദിയുടെയും ഇഷ്ടപുത്രനെന്ന് അറിയപ്പെടുന്ന അസ്താനയെ സ്‌പെഷ്യല്‍ ഡയറക്ടറായി നിയമിച്ചത്. വര്‍മയുടെ എതിര്‍പ്പ് വകവയ്ക്കാതെ സിവിസി സെലക്ഷന്‍ കമ്മിറ്റി നിയമനം അംഗീകരിച്ചതോടെയാണ് തര്‍ക്കം ലോകമറിഞ്ഞത്. മോയിന്‍ ഖുറൈഷി പണം വെളുപ്പിക്കല്‍ കേസിലാണ് ഇരുവരും പരസ്പരം അഴിമതിയും കൈക്കൂലിയും ആരോപിക്കുന്നത് എന്നതാണ് കൗതുകകരം. അസ്താനയുടെ പേരില്‍ കേസെടുത്ത സിബിഐ സ്വന്തം ആസ്ഥാനത്തു റെയ്ഡ് നടത്തി.
എന്‍ഡിഎ വാഴ്ചയുടെ യഥാര്‍ഥ മുഖമാണ് സിബിഐയുടെ ചക്കളത്തിപ്പോരിലൂടെ പ്രകടമാവുന്നത്. ഇതിനെ രണ്ടു വ്യക്തികളുടെ പരസ്പര ആരോപണങ്ങളായി മാത്രം ചുരുക്കിക്കാണാനാവില്ല. ഇതുവരെ പുറത്തുവന്ന ആരോപണങ്ങള്‍ രാജ്യത്തെ ഞെട്ടിക്കാന്‍ പര്യാപ്തമായതാണ്. കോഴ കൊടുത്ത് കേസുകള്‍ ഒതുക്കുന്നതിന് സിബിഐയിലെ ഉന്നതരെ തന്നെ സമീപിക്കാമെന്നും രക്ഷപ്പെടാമെന്നുമുള്ള സാഹചര്യമാണ് കാണുന്നത്. തലപ്പത്തുള്ള രണ്ടുപേരും തമ്മിലുള്ള തര്‍ക്കം അന്വേഷണ ഏജന്‍സിയുടെ പ്രഫഷനലിസത്തെക്കുറിച്ചു മാത്രമല്ല, അച്ചടക്കത്തെക്കുറിച്ചും ചോദ്യമുയര്‍ത്തുന്നു. 2ജി, ആരുഷി, വിജയ് മല്യയുടെ രാജ്യംവിടല്‍ തുടങ്ങിയ കേസുകളില്‍ നേരിട്ട പരാജയങ്ങള്‍ സിബിഐയുടെ മുഖംകെടുത്തിയിരുന്നു.
സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ മാറ്റുന്നതിന് റഫേല്‍ കുംഭകോണം അന്വേഷണവുമായി ബന്ധമുണ്ടെന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയുടെ ആരോപണവും സിബിഐ തലപ്പത്തെ മാറ്റം രാഷ്ട്രീയ അട്ടിമറിയാണെന്ന സിപിഎം നേതാവ് യെച്ചൂരിയുടെ പ്രസ്താവനയും സംഭവത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. കൂട്ടിലടയ്ക്കപ്പെട്ട തത്ത എന്നാണ് മുമ്പ് സുപ്രിംകോടതി സിബിഐയെ വിമര്‍ശിച്ചത്. സിബിഐയുടെ പ്രവര്‍ത്തനസ്വാതന്ത്ര്യം ഉറപ്പാക്കി മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിന് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശവും നല്‍കിയിരുന്നു. അതു ചെയ്തില്ലെങ്കില്‍ കോടതി അതിനു നിര്‍ബന്ധിതമാവുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ട് അഞ്ചു വര്‍ഷമായി. ഒന്നും നടന്നില്ല. സിബിഐ ആസ്ഥാനത്തു നിന്ന് അറിയുന്ന നേരുകള്‍ രാജ്യത്തിന് അപമാനകരമാണ്. സിബിഐയെ നേരായ വഴിയിലേക്കു നയിക്കാന്‍ കഴിഞ്ഞാലേ പണ്ടുണ്ടായിരുന്ന വിശ്വാസ്യത വീണ്ടെടുക്കാന്‍ കഴിയൂ.

Next Story

RELATED STORIES

Share it