നെല്ലു സംഭരണം പാഡിക്കോയെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം

കെസനൂപ്

പാലക്കാട്: സംസ്ഥാനത്തെ നെല്ലു സംഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് അറുതിവരുത്താന്‍ ലക്ഷ്യമിട്ടു സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ പാലക്കാട്ട് നെല്‍കര്‍ഷകരുടെ വിപുലമായ സംഗമം സംഘടിപ്പിക്കുന്നു. സപ്ലൈകോ വഴിയുള്ള നെല്ലു സംഭരണം സംസ്ഥാന സര്‍ക്കാരിനു കീറാമുട്ടിയാവുകയും നെല്‍കര്‍ഷകരില്‍ നിന്നു വലിയ തോതില്‍ പ്രതിഷേധ സമരങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്യുന്ന സന്ദര്‍ഭത്തിലാണു സഹകരണ വകുപ്പിന്റെ പ്രത്യേക താല്‍പര്യ പ്രകാരം ഇന്നു രാവിലെ 10ന് പാലക്കാട് ടൗണ്‍ഹാളില്‍ നെല്‍കര്‍ഷകസംഗമം വിളിച്ചുചേര്‍ക്കുന്നത്. പാലക്കാട് ജില്ലാ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംഗമം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.  നെല്‍കര്‍ഷക സംഗമത്തില്‍ ഉരുത്തിരിഞ്ഞു വരുന്ന ആശയങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമനുസരിച്ച് നെല്ലു സംഭരണ സംവിധാനത്തിന് അടിമുടി മാറ്റം വരുത്താനാണു സംസ്ഥാന സഹകരണ വകുപ്പിന്റെ ലക്ഷ്യം. നെല്ലു സംഭരണം പാഡികോ വഴിയാക്കാനാണു പുതിയ നീക്കം. ഒരു ദിവസം 120 ടണ്‍ നെല്ലു സംഭരിക്കാനുള്ള ശേഷിയാണു പാഡികോയ്ക്ക് ഉള്ളത്. പ്രാഥമിക സഹകരണ സംഘങ്ങള്‍ നിയമിക്കുന്ന പാഡി ഇന്‍സ്‌പെക്ടര്‍മാര്‍ നെല്ലിന്റെ ഗുണമേന്മ ഉറപ്പാക്കി കൊയ്ത്തു യന്ത്രത്തില്‍ നിന്നു തന്നെ നെല്ല് സംഭരിച്ച് പാഡികോയ്ക്കു കൈമാറി നെല്ലായോ, അരിയാക്കിയോ പൊതു മാര്‍ക്കറ്റിലൂടെയും സഹകരണ സംഘം അരിക്കടകളിലൂടെയും സഹകരണ മുദ്രയോടെ വിപണനം ചെയ്യാനുള്ള ദീര്‍ഘകാല പദ്ധതിക്കാണ് ഇന്നത്തെ നെല്‍കര്‍ഷക സംഗമത്തിലൂടെ അന്തിമരൂപം നല്‍കുക. ജൈവനെല്ല് സംഭരിക്കുന്നതിനും കര്‍ഷകര്‍ക്കു മേന്മയേറിയ വിത്ത് എത്തിച്ചു നല്‍കുന്നതിനുമുള്ള സംവിധാനം കൂടി പദ്ധതിയിലുണ്ട്. രണ്ടാംവിള നെല്‍കര്‍ഷകരില്‍ നിന്നാണ് ഇത്തരത്തില്‍ നെല്ല് സംഭരിക്കു ക. ഇത്തരത്തില്‍ ഏകദേശം 284.62 കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കേണ്ടതായി വരും. സംഭരിച്ച നെല്ലിന്റെ തുക ഈ പദ്ധതി പ്രകാരം പിറ്റേന്നു തന്നെ ഉപഭോക്താവിനു ലഭിക്കും. നിലവില്‍ പാലക്കാട് ജില്ലയിലെ 94 സഹകരണ ബാങ്കുകളില്‍ 6090 കോടി രൂപയും പ്രാഥമിക ബാങ്കുകളിലും മറ്റ് ബാങ്കുകളിലുമായി 2516 കോടി രൂപയാണു നിക്ഷേപമായിട്ടുള്ളത്. നിക്ഷേപത്തിന്റെ  70 ശതമാനത്തോളം രൂപ മാത്രമാണു വായ്പയായി നല്‍കുന്നത്. ബാക്കി തുക ഉപയോഗിച്ചും ആവശ്യമെങ്കില്‍ ജില്ലാ സഹകരണ ബാങ്ക് കുറഞ്ഞ പലിശയ്ക്കു വായ്പ നല്‍കിയും പദ്ധതിക്കുള്ള പണം നല്‍കും. ഇതിനു പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിന്നു നിശ്ചിത തുക സമാഹരിച്ച് ജില്ലാ സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കണ്‍സോര്‍ഷ്യം രൂപീകരിക്കും. അതേസമയം ഇതുവരെ സപ്ലൈകോ വഴി സംഭരിച്ച നെല്ലിന്റെ കുടിശ്ശികയോ, ബാധ്യതയോ ഈ പദ്ധതിയില്‍ വരില്ല. ജില്ലയിലെ ഏറ്റവും കൂടുതല്‍ നെ ല്‍കര്‍ഷകരുള്ള പാലക്കാടു നിന്നും പരീക്ഷണാടിസ്ഥാനത്തി ല്‍ തുടങ്ങാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതി വിജയം കണ്ടാല്‍ സംസ്ഥാനത്തെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. നെല്ല് സംഭരണം മൂലം സപ്ലൈകോ ഉണ്ടാക്കുന്ന ചീത്തപ്പേര് മാറ്റിയെടുക്കാനാണു സഹകരണ വകുപ്പിന്റെ ശ്രമമെങ്കിലും ഫലത്തില്‍ ഭക്ഷ്യവകുപ്പില്‍ സഹകരണ വകുപ്പിന്റെ കടന്നുകയറ്റവുമാണിത്.
Next Story

RELATED STORIES

Share it